മഴ പെയ്യുന്ന ശബ്ദത്തിൽ നിന്നുദ്ഗമിക്കുന്ന നിശബ്ദത വിരസമായൊരു തനിയാവർത്തനത്തിന്റെ കലാശമായി ഞാൻ നോക്കിനിൽക്കുന്ന തെരുവിനു മേൽ പടരുന്നു. ഉണർന്നിരുന്നുറങ്ങുകയാണു ഞാൻ; ഈ ലോകത്തു മറ്റൊന്നുമില്ലെന്നപോലെ ജനാലയിൽ ചാഞ്ഞു നിൽക്കുകയാണു ഞാൻ. അഴുക്കു പിടിച്ച കെട്ടിടമുഖപ്പുകൾക്കു മുന്നിൽ തെളിഞ്ഞുവീഴുന്ന, തുറന്ന ജനാലകൾക്കു മുന്നിൽ അതിലും തെളിഞ്ഞുവീഴുന്ന ഇരുണ്ടുതിളങ്ങുന്ന ഈ മഴനാരുകൾ നോക്കിനില്ക്കുമ്പോൾ എന്റെ തോന്നലുകളെന്താണെന്ന് ഉള്ളിൽ ചികഞ്ഞുനോക്കുകയാണു ഞാൻ. എന്താണെന്റെ തോന്നലുകളെന്ന് എനിക്കറിയുന്നില്ല; എന്തായിരിക്കണമവയെന്നും എനിക്കറിയുന്നില്ല. ഞാനെന്തു ചിന്തിക്കണമെന്നോ,\ ഞാനെന്താണെന്നോ എനിക്കറിയുന്നുമില്ല.
യാതൊന്നും തോന്നാത്ത കണ്ണുകളുമായി ഇങ്ങനെ നോക്കിനിൽക്കുമ്പോൾ ഓരോ ദിവസത്തെയും ദീർഘിപ്പിക്കുന്ന ഒറ്റചില സംഭവങ്ങളുടെ പേരിൽ എടുത്തണിയുന്ന സന്തോഷത്തിന്റെ വേഷം ഊരിമാറ്റുകയാണ് ജീവിതത്തിൽ ഞാനമർത്തിവച്ച ഖേദങ്ങൾ. ഇടയ്ക്കെന്നെങ്കിലും സന്തുഷ്ടനോ ഉന്മേഷവാനോ ആയിട്ടുണ്ടെങ്കിൽക്കൂടി വിഷാദമാണ് എന്റെ സ്ഥായി എന്ന് എനിക്കു ബോധ്യമാവുന്നു. അതു മനസ്സിലാക്കുന്ന ‘ഞാൻ’ എന്റെ തൊട്ടു പിന്നിൽ നിൽക്കുകയാണ്, ജനാലയ്ക്കു മേൽ ചാഞ്ഞുനിൽക്കുന്ന എന്റെ മേൽ കൂടി കുനിഞ്ഞുനോക്കുന്ന പോലെ; എന്റെ ചുമലിനു മേൽ കൂടി, അല്ലെങ്കിൽ എന്റെ തലയ്ക്കു മേൽ കൂടി നോക്കിനിൽക്കുന്ന പോലെ; നരച്ച, കലങ്ങിയ അന്തരീക്ഷത്തിൽ പിന്നലുകളിടുന്ന, പതിഞ്ഞ താളത്തിൽ അലകളിടുന്ന മഴയെ എന്റേതിലും നിശിതമായ ദൃഷ്ടികളോടെ നോക്കാനെന്ന പോലെ.
എല്ലാ ചുമതലകളും വലിച്ചെറിയുക, നമ്മെ ഏല്പിക്കാത്തവ പോലും; എല്ലാ വീടുകളും വേണ്ടെന്നു വയ്ക്കുക, നമ്മുടേതല്ലാത്തവ പോലും; ഉന്മാദത്തിന്റെ ചെമ്പട്ടുകൾക്കും ഭാവന ചെയ്ത രാജകീയതകൾക്കുമിടയിൽ അവ്യക്തതകളിൽ നിന്നും സൂചനകളിൽ നിന്നും ജീവൻ വയ്ക്കുക...പുറത്തെ മഴയുടെ ഭാരമോ, ഉള്ളിലെ ശൂന്യതയുടെ നോവോ അറിയാത്ത എന്തെങ്കിലുമൊന്നാവുക...ആത്മാവില്ലാതെ, ചിന്തകളില്ലാതെ, ഒരമൂർത്താനുഭൂതിയായി മലമ്പാതകൾ നടന്ന്, ചെങ്കുത്തായ കുന്നുകൾക്കിടയിലൊളിഞ്ഞ സമതലങ്ങളിലൂടെ വിദൂരതകളിലേക്കു പോയിമറയുക, ഇങ്ങിനി വരാതവണ്ണം...വരച്ചുവച്ച പോലത്തെ ഭൂദൃശ്യങ്ങളിൽ സ്വയം നഷ്ടപ്പെടുത്തുക. വിദൂരമായൊരു പശ്ചാത്തലത്തിൽ നിറമുള്ള പുള്ളിക്കുത്തു പോലെ ഒരില്ലായ്മ...
ജനാലപ്പാളിയുടെ പിന്നിൽ നില്ക്കുമ്പോൾ കുത്തനേ പതിക്കുന്ന മഴയെ ശകലിതമാക്കുന്ന ഒരിളംകാറ്റു വീശിയത് ഞാനറിയുന്നില്ല. എവിടെയോ ആകാശത്തിന്റെ ഒരു കോണു തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. എനിക്കു നേരേ എതിരെയുള്ള ജനാലയിലൂടെ നേരത്തെ കാണാത്തൊരു കലണ്ടർ കണ്ണിൽപ്പെട്ടുവെന്നതിനാലാണ് ഞാനതു ശ്രദ്ധിച്ചത്.
എനിക്കോർമ്മയില്ല, കാഴ്ചയില്ല, ചിന്തയില്ല.
മഴ തോരുന്നു; എന്നിട്ടും ഒരു നിമിഷത്തേക്ക് വജ്രത്തരികളുടെ ഒരു മേഘം തങ്ങിനില്ക്കുകയും ചെയ്യുന്നു, മുകളിലെവിടെയോ ഒരു നീലമേശവിരി എടുത്തുകുടഞ്ഞപ്പോൾ തെറിച്ചുവീണ ആഹാരശകലങ്ങൾ പോലെ. ആകാശത്തിന്റെ ഒരു ഭാഗം തെളിയുന്നതു ഞാനറിയുന്നു. എതിരേയുള്ള ജനാലയിലൂടെ കലണ്ടർ കുറേക്കൂടി വ്യക്തമായി എനിക്കു കാണാമെന്നാവുകയാണ്. ഒരു സ്ത്രീയുടെ മുഖം അതിൽ കാണാനുണ്ട്; ശേഷമൊക്കെ എനിക്കനായാസമായി പിടി കിട്ടുകയും ചെയ്യുന്നു: സുപരിചിതമായൊരു ടൂത്ത്പേസ്റ്റിന്റെ പരസ്യമാണത്.
പക്ഷേ കാഴ്ചയിൽ സ്വയം നഷ്ടപ്പെടും മുമ്പ് എന്തിനെക്കുറിച്ചാണു ഞാൻ ചിന്തിച്ചിരുന്നത്? പ്രയത്നം? ഇച്ഛാശക്തി? ജീവിതം? ഇരച്ചുകയറുന്ന വെളിച്ചത്തിൽ കടുംനീലത്തിൽ ഒരാകാശം വെളിപ്പെടുന്നു. എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ പക്ഷേ, ഒരു ശാന്തിയുമില്ല - ഒരിക്കലുമതുണ്ടാവുകയുമില്ല! വിറ്റുപോയൊരു തോട്ടത്തിന്റെ കണ്ണെത്താത്ത മൂലയ്ക്ക് ഒരു പൊട്ടക്കിണർ; അന്യനൊരാളുടെ വീടിന്റെ മച്ചുമ്പുറത്ത് പൊടി മൂടിക്കിടക്കുന്ന ഒരു ബാല്യകാലസ്മരണ - അതാണെന്റെ ഹൃദയം. ഒരു സമാധാനവുമില്ലെനിയ്ക്ക്, -കഷ്ടമേ!- അതു വേണമെന്ന ആഗ്രഹവുമില്ല...
(14.03.1930)
അശാന്തിയുടെ പുസ്തകം
link to image
No comments:
Post a Comment