മറ്റൊരു ലോകത്താണു ഞാൻ വളർന്നതെങ്കിൽ,
തെളിഞ്ഞതാണു പകലുകൾ,
നേർത്തതാണു നിമിഷങ്ങളവിടെയെങ്കിൽ,
നിനക്കായൊരു വിരുന്നൊരുക്കുമായിരുന്നു ഞാനവിടെ,
ഇതുപോലെ വിരണ്ടും വിറച്ചും
അള്ളിപ്പിടിക്കുമായിരുന്നില്ല ഞാൻ നിനെ.
നിന്നെ ധൂർത്തടിക്കാൻ ധൈര്യം കാട്ടുമായിരുന്നു ഞാൻ,
അതിരില്ലാത്ത സാന്നിദ്ധ്യമേ.
ആഹ്ളാദങ്ങൾ കുതികൊള്ളുമ്പോൾ
പന്തു പോലെ തട്ടിയെറിയുമായിരുന്നു ഞാൻ നിന്നെ.
താഴേക്കു നീ വീഴുമ്പോളെത്തിപ്പിടിക്കാൻ
ഉയർന്നുചാടുമായിരുന്നു ചിലർ.
ഉടവാളു പോലെടുത്തു വീശുമായിരുന്നു ഞാൻ നിന്നെ.
പൊന്നുകളുരുക്കിയെടുത്ത മോതിരത്തിൽ
നിന്റെയഗ്നി കൊണ്ടൊരു കല്ലു വയ്ക്കുമായിരുന്നു ഞാൻ;
അതിവെളുപ്പായൊരു മോതിരവിരലിലതണിയിക്കുമായിരുന്നു ഞാൻ.
നിന്റെ ചിത്രമെഴുതുമായിരുന്നു ഞാൻ: ചുമരിലല്ല,
അതിരുകളെത്തിച്ചാകാശത്തിൽ;
നിന്നെ കൊത്തിയെടുക്കുമായിരുന്നു ഞാൻ,
അതിഭീമനായൊരു ശില്പിയെപ്പോലെ:
മലമുടിയായി, ആളുന്ന തീയായി,
മരുനിലങ്ങളലയുന്ന മണൽക്കാറ്റായി.
അഥവാ,
ഒരിക്കൽ കണ്ടെത്തിയെന്നുമാവാം നിന്നെ ഞാൻ...
അകലെയാണെന്റെ ചങ്ങാതിമാർ;
അവരുടെ ചിരിയെന്റെ കാതിൽ മുഴങ്ങുന്നുമില്ല;
നീയോ: കൂട്ടിൽ നിന്നു വീണ കിളിക്കുഞ്ഞാണു നീ,
തുറിച്ച കണ്ണുകളും മഞ്ഞനഖങ്ങളുമായി.
(എന്റെ പെരുംകൈകളിൽ കാണാനേയില്ല നിന്റെയിളപ്പം.)
വിരൽത്തുമ്പിലൊരു തുള്ളി വെള്ളമെടുത്തു നീട്ടുമ്പോൾ,
ദാഹിച്ച നിന്റെ ചുണ്ടുകളതിൻ നേർക്കു നീളുമോയെന്നു നോക്കിയിരിക്കുമ്പോൾ
നിന്റെയുമെന്റെയും ഹൃദയം പിടയ്ക്കുന്നതു ഞാൻ കേൾക്കുന്നു,
പേടിച്ചിട്ടാണു രണ്ടും.
(ദൈവത്തിനെഴുതിയ പ്രണയലേഖനങ്ങൾ - I, 21
No comments:
Post a Comment