ഈ ശരൽക്കാലത്തിന്നൊടുവുനാളുകളെ സ്നേഹിക്കുകയെന്നതും നമുക്കവകാശം,
കല്ക്കരികൾ പോലെ നമ്മെക്കിടത്താനൊരു ശരല്ക്കാലത്തിനു കൂടിയിടമുണ്ടോയെന്നു
പാടത്തോടു ചോദിക്കുകയെന്നതും നമുക്കവകാശം.
പൊന്നു പോലിലകൊഴിക്കുന്നൊരു ശരല്ക്കാലം.
പഴുക്കില കൊഴിക്കുന്നൊരത്തിമരമായെങ്കിൽ നാം,
പാടത്തൊരു പാഴ്പ്പുല്ക്കൊടിയല്ലെങ്കിൽ.
എങ്കിൽ നാം കണ്ടുനിന്നേനേ ഋതുപ്പകർച്ചകൾ.
എന്തേ, പ്രമാണങ്ങളോടു വിട പറഞ്ഞു നാം പോന്നു?
എന്തേ, കത്തിമുനകൾക്കു മുന്നിൽ നിന്നു പാഞ്ഞൊളിച്ച പിതാക്കന്മാരെ
തടഞ്ഞുനിർത്തി ചോദ്യം ചെയ്തതുമില്ല നാം?
സുന്ദരിമാരുടെ രാത്രികൾക്കു ചൂടു പകരുക നമുക്കവകാശം,
ദിശാസൂചി വടക്കു നോക്കുന്നതും കാത്തിരിക്കുന്ന രണ്ടന്യരുടെ രാത്രിയെ
കഥ പറഞ്ഞു ചുരുക്കുകയെന്നതും നമുക്കവകാശം.
ഇതു ശരല്ക്കാലം.
ശരല്ക്കാലത്തിന്റെ പരിമളങ്ങളെ വാസനിക്കുകയെന്നതു നമുക്കവകാശം,
രാത്രിയോടൊരു സ്വപ്നം ചോദിച്ചുവാങ്ങുകയെന്നതും.
സ്വപ്നങ്ങൾ പനിച്ചുവീഴുമോ സ്വപ്നം കാണുന്നവരെപ്പോലെതന്നെ?
ഒരു ജനത പിറവിയെടുക്കുമോ ഒരു കഴുമരത്തിന്റെ ചുവട്ടിൽ?
ഏതുവിധം മരിക്കുകയെന്നതു നമുക്കവകാശം,
മണ്ണു തന്നെ മറയ്ക്കട്ടെ ഒരു ഗോതമ്പുകതിരിൽ.
No comments:
Post a Comment