Friday, June 24, 2011

കാഫ്ക - ഭാഷയിതപൂർണ്ണമിങ്ങഹോ!


ഭാഷയിതപൂർണ്ണമിങ്ങഹോ! എന്നു കാഫ്ക വിലപിച്ചിട്ടില്ല. അനുഭവത്തിന്റെ വ്യാപ്തിയ്ക്കു തുല്യമായ ഭാഷയുമുണ്ടായിക്കോളുമെന്നതിനാൽ അതിനെക്കുറിച്ചു വേവലാതിപ്പെടേണ്ടതില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്. ഉള്ളിൽ അനുഭവം തെളിഞ്ഞിട്ടാണെങ്കിൽ പുറത്തു ഭാഷയിലും അതു തെളിയും. അങ്ങനെയല്ലെങ്കിൽ അതൊരാത്മവഞ്ചന തന്നെ. 1913 ഫെബ്രുവരി 18 ന്‌ ഫെലിസിനയച്ച ഒരു കത്തിൽ കാഫ്ക പറയുന്നു:

...താൻ എഴുതാനോ പറയാനോ ആഗ്രഹിക്കുന്നത് പൂർണ്ണമായി പ്രകാശനം ചെയ്യാനുള്ള ശക്തി ഒരാൾക്കുണ്ടായിക്കോളണമെന്നില്ല എന്ന അഭിപ്രായക്കാരനല്ല ഞാൻ. ഭാഷയുടെ ദൗർബല്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളും, വാക്കുകളുടെ പരിമിതികളും വികാരങ്ങളുടെ അപാരതയും തമ്മിലുള്ള താരതമ്യങ്ങളുമൊക്കെ തീർത്തും യുക്തിക്കു നിരക്കാത്തതുമാണ്‌. അപാരമായ വികാരം ഹൃദയത്തിലെന്നപോലെ വാക്കുകളിലും അപാരമായിത്തന്നെ തുടരും. ഉള്ളിൽ സ്ഫുടമായിരുന്നത് വാക്കുകളിലും സ്ഫുടമായിരുന്നേ മതിയാവൂ. അതിനാൽ ഭാഷയെക്കുറിച്ചാരും വേവലാതിപ്പെടേണ്ടതില്ല; വേവലാതിപ്പെടുന്നുവെങ്കിലത് ആ വാക്കുകൾ കാണുമ്പോൾ അവനവനെ ഓർത്തിട്ടായാൽ മതി. തന്റെ തന്നെയുള്ളിൽ കാര്യങ്ങൾ ശരിക്കും ഏതുവിധത്തിലാണെന്നാരു കണ്ടു? നാം യഥാർത്ഥത്തിലെന്താണോ അത്, പ്രക്ഷുബ്ധമോ, കുഴഞ്ഞൊട്ടുന്നതോ, ചതുപ്പു പോലത്തേതോ ആയ ഈയൊരു അന്തരാത്മാവു മാത്രമാണ്‌. പക്ഷേ നമ്മളിൽ നിന്നു വാക്കുകളെ പുറത്തെടുക്കുന്ന ആ നിഗൂഢകർമ്മം നമ്മുടെ ആത്മജ്ഞാനത്തെ വെളിച്ചത്തിലേക്കു കൊണ്ടുവരികയുമാണ്‌; അതിന്റെ മൂടുപടം മാറിയിട്ടില്ലെങ്കിലും നമുക്കു മുന്നിലുണ്ടത്, കാണുമ്പോൾ അത്ഭുതപ്പെടുത്തുന്നതോ, ഭയപ്പെടുത്തുന്നതോ ആയി.



1912 ഡിസംബർ 1

പ്രിയപ്പെട്ടവളേ, വളരെക്കുറച്ചു വാക്കുകൾ മാത്രം; നേരം വൈകിയിരിക്കുന്നു, വളരെ വൈകിയിരിക്കുന്നു; നാളെ കുറെ പണിയെടുക്കാനുള്ളതുമാണ്‌. ഒടുവിൽ എന്റെ ആ കൊച്ചുകഥയുടെ കാര്യത്തിൽ എനിക്കൊരല്പം ഉത്സാഹം തോന്നിത്തുടങ്ങിയിരിക്കുന്നു. എന്നെ അധികമധികം  അതിനുള്ളിലേക്കോടിച്ചു കയറ്റാൻ നോക്കുകയാണ്‌ ചുറ്റികയടികൾ പോലിടിയ്ക്കുന്ന എന്റെ ഹൃദയം; പക്ഷേ അതിൽ നിന്നൂരിപ്പോരാൻ എന്റെ കഴിവിനൊത്തു ഞാൻ ശ്രമിക്കുകയും വേണം; കഠിനയത്നമാണതെന്നതിനാൽ, ഉറക്കം പിടിക്കാൻ ഏറെ നേരമെടുക്കുമെന്നതിനാലും എനിക്കെത്രയും വേഗം ചെന്നുകിടന്നേ മതിയാവൂ.

പ്രിയപ്പെട്ടവളേ, എന്റെ ഞായറാഴ്ച അങ്ങനെതന്നെ നിനക്കു സമർപ്പിച്ചിരിക്കുകയായിരുന്നു, അതിന്റെ സന്തുഷ്ടവും അല്ലാത്തതുമായ ചിന്തകളൊക്കെയുമായി. യൂളൻബർഗ് വായനയുടെ കാര്യത്തിൽ ഉദാസീനനാവാൻ എത്രവേഗം എനിക്കു കഴിഞ്ഞു! എന്നിട്ടെത്രവേഗം നിന്നിൽത്തന്നെ ഞാനാമഗ്നനുമായി! രാവിലെ ഞാൻ ആകെ നടന്നത് സ്റ്റേഷനിൽ കത്തു പോസ്റ്റു ചെയ്യാനായി മാത്രം. പ്രിയപ്പെട്ടവളേ, ഇപ്പോഴും നീ എന്റെ സ്വന്തമാണ്‌, ഇപ്പോഴും ഞാൻ സന്തുഷ്ടനുമാണ്‌; പക്ഷേ എത്ര കാലത്തേക്ക്? ഒരരക്ഷണം പോലും നിന്നെ സംശയിക്കാതെയാണ്‌ ഞാനിതു പറയുന്നത് പ്രിയപ്പെട്ടവളേ. പക്ഷേ ഞാൻ നിന്റെ വഴി മുടക്കുകയാണ്‌, നിനക്കൊരു തടസ്സമാണു ഞാൻ. നിനക്കു ഞാൻ വഴിമാറിത്തരേണ്ട ഒരു കാലം വരും; അതിന്നോ നാളെയോ എന്നത് എന്റ സ്വാർത്ഥതയുടെ വ്യാപ്തിയെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. ആർജ്ജവവും ആണത്തവുമുള്ള ഒരു രീതിയിൽ അതു നിർവഹിക്കാൻ കഴിയുമോയെന്ന് എനിക്കു സംശയമായിരിക്കുന്നു. എന്നെക്കുറിച്ചേ എനിക്കു വിചാരമുള്ളു; എനിക്കു നീ നഷ്ടപ്പെട്ടാൽ എനിക്കെന്റെ ജീവിതവും നഷ്ടപ്പെട്ടു: ആ സത്യം മറച്ചുവയ്ക്കാൻ, അതാണെന്റെ കടമയെങ്കിലും, എനിക്കു കഴിയുകയുമില്ല. പ്രിയപ്പെട്ടവളേ, കൈയെത്തുന്ന ദൂരത്താണ്‌, വെറും എട്ടു റയിൽവേമണിക്കൂർ ദൂരത്താണ്‌ എന്റെ സന്തോഷമിരിക്കുന്നതെന്നു തോന്നിയാലും അസാദ്ധ്യമാണത്, അചിന്ത്യമാണത്.

നിർത്തില്ലാത്ത ഈ ആവലാതികൾ കണ്ടു വിരണ്ടുപോകരുതേ, പ്രിയപ്പെട്ടവളേ; മുമ്പൊരു നാൾ ഞാൻ തൊടുത്തുവിട്ടതുപോലൊരു കത്ത് ഇവയ്ക്കു പിന്നാലെ ഉണ്ടാവില്ലെന്നു ഞാൻ ഉറപ്പു തരുന്നു. പക്ഷേ എനിക്കു നിന്നെ വീണ്ടുമൊന്നു കാണണം, ദീർഘനേരം, കഴിയുന്നത്ര നേരം, കാലമളക്കാൻ ഘടികാരങ്ങളില്ലാതെ എനിക്കു നിന്റെ കൂടെ ഇരിക്കണം; ഈ വേനല്ക്കാലത്തതു നടക്കുമോ, വസന്തത്തിലെങ്കിലും?

പ്രിയപ്പെട്ടവളേ, രസിപ്പിക്കുന്നതെന്തെങ്കിലും പറഞ്ഞാൽക്കൊള്ളാമെന്നെനിയ്ക്കുണ്ട്; പക്ഷേ അങ്ങനെയൊന്ന് സ്വാഭാവികമായിട്ടെനിക്കു വരികയില്ല; അതിനും പുറമേ എന്റെ കണ്മുന്നിൽ കിടക്കുന്ന എന്റെ കഥയിലെ നാലു കഥാപാത്രങ്ങളും കരച്ചിലിലുമാണ്‌, അല്ലെങ്കിൽ സന്തോഷമില്ലാത്ത മാനസികാവസ്ഥയിലാണവർ. പക്ഷേ രസിപ്പിക്കുന്നൊരു കത്ത് പത്തു മണിയ്ക്കുണ്ടാവുമെന്നതുറപ്പ്; അതിനുള്ള ചുംബനം എനിക്കിപ്പോൾത്തന്നെ കിട്ടുകയും വേണം. ചുണ്ടുകളിലതുമായി ഞാനുറങ്ങാൻ പോകും.



1912 ഡിസംബർ 14-15

പ്രിയപ്പെട്ടവളേ, ആകെ ക്ഷീണിതനാണു ഞാനിന്ന്, സ്വന്തമെഴുത്തിന്റെ കാര്യത്തിൽ തീരെ അതൃപ്തനും; അതിനാൽ ചില വരികളെഴുതാനേ എനിക്കു കഴിഞ്ഞുള്ളു ( എന്റെ ഉള്ളിന്റെയുള്ളിലെ ഉദ്ദേശ്യം നടപ്പിൽ വരുത്താനുള്ള കരുത്തെനിക്കുണ്ടായിരുന്നെങ്കിൽ നോവലിന്റെ എഴുതിയ ഭാഗങ്ങളൊക്കെക്കൂടി ചുരുട്ടിക്കൂട്ടിയെടുത്ത് ജനാലയിലൂടെ പുറത്തേക്കെറിയുമായിരുന്നു ഞാൻ); പക്ഷേ നിനക്കെഴുതിത്തന്നെയാവണമെനിയ്ക്ക്; ഉറങ്ങാൻ പോകുന്നതിനു മുമ്പെഴുതുന്ന അവസാനത്തെ വാക്കുകൾ നിനക്കെഴുതുന്നവയായിരിക്കണം; എങ്കിൽ അവസാനനിമിഷം സകലതിനും പുതിയൊരർത്ഥം കൈവരുന്നു; സ്വന്തമെഴുത്തിലൂടെ ഒരിക്കലും എനിക്കതു കഴിയില്ല. ശുഭരാത്രി, യാതന തിന്നുന്ന സാധുക്കുട്ടീ. ഏതു ദയാർദ്രമായ കൈകൾക്കും മോചനം നല്കാനാവാത്തൊരു ശാപമാണ്‌ എന്റെ കത്തുകളിൽ വീണുകിടക്കുന്നത്. അവ നിന്റെ മേൽ അടിച്ചേല്പ്പിക്കുന്ന യാതനകൾ മാഞ്ഞുപോയേക്കാമെങ്കിലും മറ്റൊരു രൂപത്തിൽ, ഭീകരമായി നിന്നെ  വന്നാക്രമിക്കാൻ തലയുയർത്തുകയാണവ. പാവം, എന്നും ക്ഷീണിതയായ പ്രിയപ്പെട്ട കുട്ടീ! തമാശയോടെ ചോദിച്ചതിന്‌ തമാശയായി ഒരുത്തരം: പ്രിയപ്പെട്ടവളേ, എനിക്കു നിന്നെ ഒരിഷ്ടവുമില്ല! പുറത്തു ഹുങ്കാരമിടുന്ന ഈ കാറ്റ്! കടലാസ്സും മുന്നിൽ വച്ച്, ഇനിയൊരു സമയത്ത് ഈ കത്തു നിന്റെ കൈകളിലിരിക്കുമെന്നു വിശ്വാസം വരാതെ ഞാനിരിക്കുന്നു; നമുക്കിടയിൽ എത്ര വലിയൊരു ദൂരമാണുള്ളതെന്ന ബോധം എന്റെ നെഞ്ചിൽ വന്നടിയുന്നു. കരയരുതേ, പ്രിയപ്പെട്ടവളേ! അന്നു രാത്രിയിൽ ഞാൻ കണ്ട ശാലീനയായ ആ പെൺകുട്ടി, അവൾ കരയുകയോ? അവൾ കരയുമ്പോൾ ഞാനെങ്ങനെ അവളുടെ അരികത്തില്ലാതിരിക്കും? പക്ഷേ കണ്ണീരിനുള്ള കാരണമില്ല പ്രിയേ. ഒന്നു ക്ഷമിക്കൂ, നിന്റെ അമ്മ വായിച്ചിരിക്കാവുന്ന കത്തുകളുടെ കാര്യത്തിൽ എന്തു വേണമെന്നതിനെക്കുറിച്ച് നാളെ ഞാൻ ചില തീരുമാനങ്ങളെടുക്കും, എടുക്കണം, എത്രയും അതിശയകരമായവ, എത്രയും ആശ്വാസപ്രദമായവ, എത്രയും ഉജ്ജ്വലമായവ. അതുകൊണ്ട് എന്റെ കൈ - പ്രണയം കൊണ്ട്, അതിനാൽ ഇന്ദ്രജാലം കൊണ്ടു സമ്പന്നമായ, ഈ സമയം ബെർലിനു നേർക്കു ചൂണ്ടുന്ന എന്റെ കൈ - എന്തെങ്കിലും അർത്ഥമാക്കുന്നുണ്ടെങ്കിൽ അതിതാണ്‌: ഒന്നാശ്വസിക്കൂ, ഈ ഞായറാഴ്ചയെങ്കിലും! എന്റെ പ്രയത്നം കൊണ്ടെന്തെങ്കിലും ഫലമുണ്ടായോ? അതോ എന്റെ നോവലിന്റെ കാര്യത്തിലെന്ന പോലെ നിന്റെ കാര്യത്തിലും പരാജിതനായിട്ടു വേണമോ ഞാൻ ചെന്നു കിടക്കുക? അങ്ങനെയെങ്കിൽ ശപിക്കപ്പെട്ടവനായിപ്പോകട്ടെ ഞാൻ, പുറത്തു വീശുന്ന ഈ കൊടുങ്കാറ്റിന്റെ വേഗത്തിലും. അങ്ങനെയൊന്നുമല്ല, നീയിന്നും നൃത്തം പഠിക്കാൻ പോയിട്ടുണ്ടാവാം, ആകെത്തളർന്നിട്ടുമുണ്ടാവാം. നിന്നെ ഞാൻ കുറ്റപ്പെടുത്തുകയല്ല, പ്രിയപ്പെട്ടവളേ. എനിക്കു നിന്നെ സഹായിക്കണമെന്നേ ഉണ്ടായിരുന്നുള്ളു; പക്ഷേ എന്തു പറയണമെന്ന് എനിക്കു മനസ്സിലാവുന്നില്ല. അല്ല, യഥാർത്ഥ ഉപദേഷ്ടാക്കളെ കണ്ടാൽ എന്നെപ്പോലിരിക്കുകയുമില്ലല്ലോ. ശുഭരാത്രി! ക്ഷീണം കാരണം ഞാൻ ഇതുതന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണല്ലോ. എന്റെ സന്തോഷത്തിനു വേണ്ടിയാണു ഞാനിതു ചെയ്യുന്നത്, എന്റെ ഹൃദയമൊന്നു തണുക്കാൻ;  ക്ഷീണിച്ചുതളർന്ന, കണ്ണീരിൽ കുതിർന്ന, വിദൂരചുംബനങ്ങളാൽ ചുവന്നുകലങ്ങിയ കണ്ണുകൾ വേണം ഇതു വായിക്കാനെന്നതു ഞാനോർക്കുന്നുമില്ല. 


 

No comments: