Thursday, June 9, 2011

റില്‍ക്കെ - ഭടൻ

File:Vittore carpaccio, ritratto di cavaliere, 1510.jpg

കാരിരുമ്പിന്റെ പടച്ചട്ടയുമണിഞ്ഞു
നുരയ്ക്കുന്ന ലോകത്തേക്കിറങ്ങുന്നു ഭടൻ.
പുറത്തുണ്ടെല്ലാം:
പകലും വെയിലും സമതലവും,
സുഹൃത്തും ശത്രുവും രാജസഭയിലെ പെരുവിരുന്നും,
കാടും കന്യകയും മേയ്മാസവും,
തിരുവത്താഴത്തളികയും,
പോകുന്ന വഴികളിലായിരം രൂപങ്ങളായി
ദൈവവും.

പടച്ചട്ടയ്ക്കുള്ളിലിരുട്ടിൽ
കൂനിക്കൂടിയിരിക്കുന്നുണ്ടൊരാൾ,
ചിന്തിച്ചുചിന്തിച്ചിരിക്കുന്നുണ്ടൊരാൾ: മരണം.
എന്നാണൊരു വാൾമുന
ഈ വേലി പൊളിക്കുന്നതാവോ?
ഇത്രകാലമെന്നെയൊളിപ്പിച്ച ഇടുക്കുതൊഴുത്തിൽ നി-
ന്നേതപരിചിതമായൊരു വാളലകെന്നെ മോചിപ്പിക്കുമോ?
എങ്കിലെനിക്കു കൈകാലുകളൊന്നു നിവർത്താം,
തൊണ്ട തുറന്നൊന്നു പാടാം.


link to image

No comments: