Tuesday, June 28, 2011

ഫെര്‍ണാണ്ടോ പെസ് വാ - എന്റെ ജീവചരിത്രം


ഞാൻ മരിച്ചുകഴിഞ്ഞിട്ട് 
ഒരാൾക്കെന്റെ ജീവചരിത്രമെഴുതാൻ തോന്നിയാൽ
അതിലുമെളുപ്പമായിട്ടൊരു സംഗതി വേറെയില്ല.
തീയതികൾ രണ്ടേയുള്ളു - 
ജനിച്ച നാളൊന്ന്, മരിച്ച വേറൊന്നും.
രണ്ടിനുമിടയിൽ എല്ലാ നാളുകളുമെന്റെ സ്വന്തം.

ഇന്നതെന്നെന്നെ വിവരിക്കുക വളരെയെളുപ്പം.
കാണുക ഒരു ബാധയായിരുന്നെനിക്ക്.
ഞാൻ വസ്തുക്കളെ സ്നേഹിച്ചിരുന്നു, ഒരതിഭാവുകത്വവുമില്ലാതെ.
ഒരു മോഹവുമെനിക്കു നടക്കാതെപോയിട്ടില്ല, മോഹിതനായിരുന്നില്ലല്ലോ ഞാൻ.
കേൾവി പോലുമെനിക്ക് കാഴ്ചയ്ക്കകമ്പടിയായിരുന്നു.
എനിക്കറിയാമായിരുന്നു വസ്തുക്കൾ യഥാർത്ഥമാണെന്ന്, ഒന്നിനോടൊന്നു വ്യത്യസ്തമാണവയെന്ന്.
ഞാനിതറിഞ്ഞതു കണ്ണുകൾ കൊണ്ട്, മനസ്സു കൊണ്ടല്ല.
മനസ്സു കൊണ്ടിതറിയുകയെന്നാൽ എല്ലാമൊന്നുപോലെന്നു കാണുകയാവും.

പിന്നെയൊരുനാൾ വല്ലാതെനിക്കു ക്ഷീണം തോന്നി, ഒരു കുട്ടിയെപ്പോലെ.
കണ്ണുമടച്ച് ഞാനുറക്കവുമായി.

ഇതിനൊക്കെപ്പുറമേ, പ്രകൃതിയെക്കുറിച്ചെഴുതിയ കവിയും ഞാനായിരുന്നു.

ചിത്രം – ഹെന്‍റി റൂസ്സോ (1844-1910)


No comments: