Sunday, June 26, 2011

ഫെര്‍ണാണ്ടോ പെസ് വാ - ദൈവത്തെക്കുറിച്ചു ചിന്തിക്കുകയെന്നാൽ...


“ദൈവത്തെക്കുറിച്ചു ചിന്തിക്കുകയെന്നാൽ...”


ദൈവത്തെക്കുറിച്ചു ചിന്തിക്കുകയെന്നാൽ
അവനെ അനുസരിക്കാതിരിക്കുക എന്നു തന്നെ
എന്തെന്നാൽ നാമവനെ അറിയരുതെന്നായിരുന്നു അവന്‌,
നമുക്കവൻ മുഖം തരാതിരുന്നതുമതിനാൽ...
ശാന്തതയുള്ളവരാവുക നാം,
ലാളിത്യമുള്ളവരാവുക നാം,
ചോലകളെപ്പോലെ, മരങ്ങളെപ്പോലെ,
എങ്കിലതിന്റെ പേരിൽ ദൈവം നമ്മെ സ്നേഹിക്കും,
നമ്മെ സൗന്ദര്യമുള്ളവരാക്കും,
ചോലകളെപ്പോലെ, മരങ്ങളെപ്പോലെ,
തന്റെ വസന്തത്തിന്റെ പച്ചപ്പുമവൻ നമുക്കു തരും,
നമ്മുടെ കാലം കഴിയുമ്പോൾ നമുക്കിറങ്ങാനൊരു പുഴയും!...



“ദിവ്യമായി പ്രകൃതിയേയുള്ളു, അവൾ ദിവ്യയുമല്ല...”

ദിവ്യമായി പ്രകൃതിയേയുള്ളു, അവൾ ദിവ്യയുമല്ല...

ഒരു ജീവിയെന്നപോലെ ഞാനവളെക്കുറിച്ചു പറയുന്നുവെങ്കിൽ
മനുഷ്യഭാഷയിൽ വേണം ഞാനവളെക്കുറിച്ചു പറയാനെന്നതിനാൽ.
വസ്തുക്കൾക്കു വ്യക്തിത്വം പകരുമത്,
വസ്തുക്കൾക്കു മേൽ പേരുകൾ അടിച്ചേല്പിക്കുമത്.

വസ്തുക്കൾക്കു പക്ഷേ പേരില്ല, വ്യക്തിത്വവുമില്ല-
അവയ്ക്കുള്ളതസ്തിത്വം;
ആകാശമപാരം, ഭൂമി വിശാലം,
നമ്മുടെ ഹൃദയങ്ങൾക്കോ, ചുരുട്ടിയ മുഷ്ടിയുടെ വലിപ്പവും...

ഞാനനുഗൃഹീതനാവട്ടെ.

ഇതിലൊക്കെ ഞാനാനന്ദം കൊള്ളുകയും ചെയ്യുന്നു,

സൂര്യനുണ്ടെന്നറിയുന്നൊരാളെപ്പോലെ.



”ദൈവം മരങ്ങളും പൂക്കളും…”

ദൈവം മരങ്ങളും പൂക്കളും
മലകളും നിലാവും സൂര്യനുമാണെങ്കിൽ
ഞാനവനെ ദൈവമെന്നെന്തിനു വിളിക്കണം?
ഞാനവനെ പൂക്കളെന്നും മരങ്ങളെന്നും മലകളെന്നും
സൂര്യനെന്നും നിലാവെന്നുമേ വിളിക്കൂ.
എന്തെന്നാൽ,
എനിക്കു കാണേണ്ടതിലേക്കായി
അവൻ സ്വയം സൂര്യനും നിലാവും പൂക്കളും
മലകളും മരങ്ങളുമായി മാറുന്നുവെങ്കിൽ,
അവനെനിക്കു കാഴ്ചയിൽ വരുന്നത്‌
മലകളും മരങ്ങളും നിലാവും സൂര്യനും
പൂക്കളുമായിട്ടാണെങ്കിൽ,
ഞാനവനെ മരങ്ങളും മലകളും
പൂക്കളും നിലാവും സൂര്യനുമായിട്ടറിയണമെന്നായിരിക്കണം
അവന്റെ ഇച്ഛയും.


No comments: