Thursday, June 16, 2011

അക്ക മഹാദേവി - വചനകവിത


1


നാണം മറച്ച തുണിയൊന്നു മാറുമ്പോൾ
ആണും പെണ്ണും നാണിച്ചുചൂളുന്നു.

ജീവന്മാർക്കു നാഥൻ തന്നെ ലോകം നിറയുമ്പോൾ
എവിടെ നിങ്ങളുടെ ലജ്ജയ്ക്കിരിപ്പിടം?

ലോകം തന്നെ അവനു കണ്ണായിരിക്കെ
എവിടെപ്പോയി നിങ്ങളൊളിയ്ക്കും?


2


വട്ടം ചുറ്റുന്ന കഴുകനറിയുമോ
ചന്ദ്രനറിഞ്ഞ മാനത്തിന്നാഴങ്ങൾ?

പുഴയോരത്തെ പന്നലിനറിയുമോ
താമരനാളമറിഞ്ഞ കയങ്ങൾ?

അരികത്തു പറക്കുന്ന പൂച്ചിക്കറിയുമോ
തേനീച്ചയറിഞ്ഞ പൂമണങ്ങൾ?

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നിനക്കേ അറിയൂ, നിന്റെ ഭക്തരുടെ രീതികൾ.

കാലിത്തോൽ മേയുന്ന ഈച്ചകൾ,
ആ ഈച്ചകളെന്തറിയാൻ?


3



തെണ്ടിക്കിട്ടിയ വറ്റുണ്ട് വിശപ്പിന്‌,
ചിറയും ചോലയും കിണറുമുണ്ട് ദാഹത്തിന്‌,
പൊളിഞ്ഞ കോവിലുകളുണ്ടുറക്കത്തിന്‌,
ആത്മാവിനിണയായി നീയുമുണ്ടേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.



4

ഒന്നല്ല, രണ്ടല്ല, മൂന്നല്ല, നാലല്ല,
എമ്പത്തിനാലു കോടി യോനികളിൽ
ജന്മമെടുത്തവളാണു ഞാൻ.
എത്ര ലോകങ്ങൾ കണ്ടു ഞാൻ!
എത്രയൊക്കെ അനുഭവിച്ചു ഞാൻ!
എന്റെ മുജ്ജന്മങ്ങളേതുമാവട്ടെ,
ഈയൊരു നാളേയ്ക്കെന്നോടു കരുണ കാട്ടൂ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.



5

നിന്റെ തുടലിൻതുമ്പിലെ മൊച്ചയായിരുന്നു ഞാൻ,
നിന്റെ ചരടിന്നറ്റത്തെ പാവയായിരുന്നു ഞാൻ.

നീ കളിപ്പിച്ച പോലെ ഞാൻ കളിച്ചു,
നീ പറയിച്ച പോലെ ഞാൻ പറഞ്ഞു,,
ഞാനെന്തായതും നിന്റെ ഹിതം പോലെ.

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നില്ക്കാൻ നീ പറയും വരെ
ഈയൊരോട്ടത്തിലുമായിരിക്കും ഞാൻ.


6



നിന്നെ ഞാനറിയാതിരുന്ന കാലം
നീയിരുന്നതെവിടെ?

പൊന്നിന്റെ നിറം പോലെ
എന്നിലടങ്ങിയിരുന്നു നീ.

പുറത്തു കാണാതകത്തിരിക്കുന്ന മായം
ഞാൻ കണ്ടതു നിന്നിൽ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.


7


എരിയുന്ന ചെഞ്ചിടകൾ,
വജ്രം കൊണ്ടു മകുടം,
അരിപ്പല്ലുകൾ നിരയൊത്തവ,
ലോകങ്ങൾ തിളക്കുന്ന കണ്ണുകൾ,
മുഖത്തു മന്ദഹാസവും.

നിന്റെ സ്വരൂപം ഞാനിന്നു കണ്ടു,
കണ്ടതു കണ്ടെന്റെ കണ്ണും നിറഞ്ഞു.

ആണുങ്ങളെ പെണ്ണുങ്ങളാക്കുന്ന
വീരനെ കണ്ടു ഞാൻ.

ശക്തിയോടൊത്തു നൃത്തം വയ്ക്കുന്നവൻ,
ലോകങ്ങൾക്കാദിനാഥൻ,
അവന്റെ നില കണ്ടെനിക്കു
ജീവനുണ്ടെന്നുമായി.


8


ആളാത്ത തീയിൽ
ഞാനെരിഞ്ഞമ്മേ.
ചോരയില്ല്ലാത്ത മുറിവു കൊണ്ടു
ഞാൻ നീറിയമ്മേ.
ഒരാനന്ദവുമറിയാതെ
ഞാൻ കിടന്നുമറിഞ്ഞമ്മേ:

മുല്ലപ്പൂ പോലെ വെളുത്ത
ദേവനെ പ്രേമിക്കയാൽ
അജ്ഞാതലോകങ്ങളിൽ
ഞാനലഞ്ഞമ്മേ.


9



കാടു നീ,
കാട്ടിലെ മരങ്ങളോരോന്നു നീ,
മരങ്ങളിലൊളിച്ചുകളിക്കുന്ന
കിളികളും പ്രാണികളും നീ.
മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
എന്തുമേതും നീ-
എന്നിട്ടുമെന്തേ,
എനിക്കു മുഖം തരുന്നില്ല നീ?

10



പകലത്തെ നാലു യാമങ്ങൾ
നിന്നെച്ചൊല്ലിക്കരഞ്ഞു ഞാൻ,
രാത്രിയിലെ നാലു യാമങ്ങൾ
നിന്നെയോർത്തു ഭ്രാന്തെടുത്തു ഞാൻ.

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
രാവും പകലും നിന്നെയോർത്തു പനിച്ചു ഞാൻ.

നിന്റെ പ്രണയമെന്നിൽക്കുരുത്തതിൽപ്പിന്നെ
മറന്നു ഞാൻ വിശപ്പും ദാഹവുമുറക്കവും.


11


ഇലയ്ക്കടിയിലെ മുള്ളുകൾ
അന്യപുരുഷന്മാർ.
അവരെത്തൊടില്ല ഞാൻ,
അവരോടടുക്കില്ല ഞാൻ,
അവരോടു മിണ്ടുകയുമില്ല ഞാൻ.

മാറത്തവർക്കു മുള്ളുകളാണമ്മേ,
അവരെപ്പുണരാൻ വയ്യെനിക്കമ്മേ.
മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
എനിക്കൊരു പുരുഷനവൻ.


12



കായ പറിച്ച മരത്തിൽ നിന്നു പിന്നെ
ആരില പൊട്ടിച്ചാലെന്ത്?
വേണ്ടെന്നു വെച്ച പെണ്ണിനെ പിന്നെ
ആരു കൂടെക്കിടത്തിയാലെന്ത്?
വിട്ടുപോന്ന വയലിൽ പിന്നെ
ആരു കൊഴുവിറക്കിയാലെന്ത്?
എന്റെ നാഥനെ അറിഞ്ഞ ഈയുടൽ പിന്നെ
നായ തിന്നാലെന്ത്, പുഴയിലഴുകിയാലെന്ത്?


13



നാളെ വരാനുള്ളതിന്നു തന്നെ വരട്ടെ.
ഇന്നു വരാനുള്ളതിക്ഷണം തന്നെ വരട്ടെ.
മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
അന്നുമിന്നുമൊന്നും ഞങ്ങൾക്കു വേണ്ട.

14

സ്വന്തം ശ്വാസത്തിലുണ്ടു സുഗന്ധമെങ്കിൽ
ആർക്കു വേണം പൂക്കൾ?

ക്ഷമയും ശാന്തിയും ആത്മാനുശാസനവും സ്വന്തമെങ്കിൽ
ആർക്കു വേണം സമാധി?

തന്നിൽത്തന്നെ ലോകമടങ്ങുമെങ്കിൽ
ആർക്കു വേണമേകാന്തത?



15


കൈയിലുള്ളതു തട്ടിയെടുക്കാം,
ഉടലിന്റെ സൗന്ദര്യമെങ്ങനെ തട്ടിയെടുക്കാൻ?

ഉടുത്ത പഴന്തുണിയോരോന്നുമുരിഞ്ഞെടുക്കാം,
മറയ്ക്കുന്ന നഗ്നതയെങ്ങനെയുരിഞ്ഞെടുക്കാൻ?

മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവന്റെ പുലർവെളിച്ചം വാരിച്ചുറ്റിയ പെണ്ണിനു നാണമില്ല,
അവൾക്കു വേണ്ട മൂഢരേ, പട്ടും മാലയും.


16


നീട്ടിപ്പിടിച്ച കൈയുമായി വീടുവീടായിത്തെണ്ടട്ടെ ഞാൻ,
എത്രയിരന്നാലുമാരുമൊന്നും തരാതെയും പോകട്ടെ,
കിട്ടിയാലതു മണ്ണിൽ, പൊടിയിൽ വീണുപോകട്ടെ,
വീണതു കുനിഞ്ഞെടുക്കും മുമ്പേയതു നായ കപ്പിയെടുക്കട്ടെ.



17

ഞാൻ സ്നേഹിക്കുന്നതിമോഹനനൊരുവനെ:
അവനു ജരയില്ല, മരണമില്ല, രൂപമില്ല,
ഇടമില്ല, വശമില്ലന്ത്യവുമില്ല,
ജനനകലകളൊന്നുമവനില്ല.
ഞാൻ സ്നേഹിക്കുന്നതമ്മേ, അവനെ.

ഞാൻ സ്നേഹിക്കുന്നതൊരു സുന്ദരനെ:
അവനു ബന്ധങ്ങളില്ല, ഭയമില്ല,
കുലമില്ല, ദേശമില്ല,
അവന്റെ സൗന്ദര്യത്തിനതിരുകളുമില്ല.

മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവനാണെനിക്കു മണവാളൻ.

ഈ ഭർത്താക്കന്മാരെയെനിക്കു വേണ്ട,
ചാവുന്നവർ, ചീയുന്നവർ,
നിങ്ങൾക്കടുപ്പിലെ വിറകാവട്ടെയവരമ്മേ.


18



ആങ്ങളമാരേ,
നിങ്ങളെന്തിനിവളോടു മിണ്ടാൻ വരുന്നു?-
മുടിയഴിച്ചിട്ടവൾ,
മുഖം വാടിയവൾ,
ഉടലുടഞ്ഞവൾ.

അച്ഛന്മാരേ,
നിങ്ങളെന്തിനെന്നെച്ചൊല്ലി ഖേദിക്കുന്നു?
ഇവൾ ഭക്ത,
ഇവൾക്കു ദേഹബലമില്ല,
മനോബലമില്ല, ലോകമില്ല.

മുല്ലപ്പൂ പോലെ വെളുത്ത ദേവൻ,
അവനോടു ശയിച്ചിവൾക്കു ജാതിയും പോയി.


19


പാലിൽ വെള്ളം പോലെ നീ:
ഏതേതെന്നെനിയ്ക്കറിയില്ല.
ഏതു മുമ്പേ,തു പിമ്പെന്നുമറിയില്ല,
ആരുടയവൻ, ആരടിയാനെന്നറിയില്ല.
സ്നേഹത്തോടെ നിന്നെസ്തുതിച്ചാൽ
ഉറുമ്പും രുദ്രനാവില്ലേ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ?


20



എനിക്കു ഭർത്താവു നീ,
നിന്റെ ഭാര്യ ഞാൻ.
മറ്റാരുമെനിക്കില്ല, ദേവാ.

നിന്നെ പ്രേമിച്ചു
നിന്റെ പിന്നാലെ വന്നവൾ ഞാൻ;
കടന്നുപോകുന്നവരൊക്കെ
അവളുടെ കൈയ്ക്കു പിടിക്കുമ്പോൾ
മിണ്ടാതെ നില്ക്കുമോ നീ?

നിന്നെ വിശ്വസിച്ചു വന്നവളെ
അന്യർ കയറിപ്പിടിക്കുമ്പോൾ
മാറിനിന്നു നോക്കുമോ നീ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ?


21


സ്വന്തം മജ്ജ നൂറ്റു കൂടു കെട്ടിയ പട്ടുനൂൽപ്പുഴു
തന്നുടൽനൂലു ചുറ്റിച്ചുറ്റി കെട്ടിവരിഞ്ഞു ചാവുന്നു.
സ്വന്തമാത്മാവാശിച്ച ദുരാശകളിൽ ശ്വാസം മുട്ടി
എന്റെ പ്രാണൻ തപിക്കുന്നു.
വെട്ടിമുറിയ്ക്കൂ, പുറത്തേക്കെന്നെയെടുക്കൂ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.


22


വാരിക്കുഴിയിൽ വീണ കൊമ്പൻ
താനലഞ്ഞ കാടുകളോർക്കുമ്പോലെ-
ഞാനോർക്കുന്നു.

കൂട്ടിലടച്ച തത്ത
തന്റെയിണക്കിളിയെ ഓർക്കുമ്പോലെ-
ഞാനോർക്കുന്നു.

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
എനിക്കു നിന്റെ വഴിയൊന്നു കാട്ടിത്തരൂ,
കുട്ടീ, ഇതു വഴിയേ,യെന്നെന്നെ വിളിയ്ക്കൂ.



23

മച്ചിയ്ക്കു പേറ്റുനോവറിയുമോ?
ചിറ്റമ്മയ്ക്കു വാത്സല്യമറിയുമോ?
മുറിയാത്തവനു നോവറിയുമോ?

മുല്ലപ്പൂ പോലെ വെളുത്ത ദേവാ,
നിന്റെ വാളുടലിലാഴ്ന്നു ഞാൻ പിടയുന്നു.

അമ്മമാരേ, നിങ്ങളെന്തറിയാൻ?


24


ഉടൽവെള്ളം പൊങ്ങിയപ്പോൾ
മനസ്സൊരു തോണിയായി.
എന്നെ കരകടത്തൂ,
തോണിക്കാരാ.
കര കാണും ഞാനെ-
ന്നുറപ്പിച്ചുമിരിക്കുന്നു ഞാൻ.
എന്നെ കര കടത്തൂ,
മുല്ലപ്പൂ പോലെ വെളുത്ത ദേവാ.


അക്ക മഹാദേവി (1130-1160) - കന്നഡത്തിലെ വചനകവയിത്രി. അവർക്കു പുരുഷൻ ചെന്നമല്ലികാർജ്ജുന(മുല്ലപ്പൂ പോലെ വെളുത്ത)ദേവനായ ശിവനായിരുന്നു.


 

1 comment:

http://13buterflys.blogspot.com said...

snehamulla Ravi kumar,

Thankal Rumyudey kury books Gibrante books,(Masnavi ) paribhasha kittiyirunnenkil kurey kudi vayanalokatheykku pokamayirunnu