Sunday, June 5, 2011

ടാഗോർ - സ്ഫുലിംഗങ്ങൾ



*
എന്റെ ദാഹമൊടുങ്ങിയിട്ടില്ലിതേവരെ,
എന്റെയലച്ചിലും തിരച്ചിലും തീർന്നിട്ടില്ലിതേവരെ,
എത്ര വാക്കുകൾ നെയ്തു ഞാൻ,
എത്ര ഭാരങ്ങൾ പേറി ഞാൻ.
എന്താണെന്റെ കുറവെ-
ന്നിനിയും ചോദിച്ചിരിക്കണോ ഞാൻ?
പാടാത്ത പാട്ടിന്റെ വേദന കൊ-
ണ്ടിനിയുമെന്റെ വീണക്കമ്പികൾ പൊട്ടണോ?

*
എത്ര മാലകൾ ഞാൻ കൊരുത്തു,
പുലരിയിലെത്തിയ വിരുന്നുകാർക്കായി.
ഒടുവിൽ സന്ധ്യ മയങ്ങുമ്പോ-
ളോടിയെത്തിയ വിരുന്നുകാരീ,
കരിയിലകൾ പെറുക്കി വേണോ,
നിനക്കൊരു മാലയൊരുക്കാൻ?

*
മുല്ലവള്ളിയ്ക്കാനന്ദമിന്നതെന്നില്ല,
കന്നിമൊട്ടുകൾ തന്നിൽപ്പൊടിയ്ക്കുമ്പോൾ;
ആകാശം സ്വന്തം കൈപ്പടയിൽ
തനിക്കായൊരു കത്തയച്ചപോൽ.


*
രാത്രി കഴിഞ്ഞു.
പുക പിടിച്ച വിളക്കണച്ചുവയ്ക്കൂ.
കിഴക്കൻമാനത്തു മറ്റൊരു വിളക്കു തെളിയുമ്പോൾ
അന്യോന്യം മുഖം കാണുമാറാകട്ടെ,
ഒരേ വഴിയ്ക്കു പോകുന്നവർ.

*
തപിക്കുന്ന ഹൃദയമേ,
നീയിച്ചെയ്യുന്നതെന്താണോ?
വീണപൂക്കളെത്തേടുന്നുവോ,
മാനത്തെത്താരകൾക്കിടയിൽ?

*
മാനത്തൊരോടക്കുഴൽവിളി:
അജ്ഞാതത്തിൽ നിന്നൊരു ദൂതവാക്യം;
മൃഗങ്ങളതു കേൾക്കുന്നില്ല,
മനുഷ്യർക്കോ, രാഗമേതെന്ന സംശയം.

*

ആളിക്കത്തുമ്പോളഗ്നിയെന്നോടു കല്പ്പിച്ചു.
ചാരത്തുചെല്ലരുതു ഞാനെന്ന്.
ഇന്നതു കെട്ടണയുമ്പോൾ
ഞാൻ ഭയക്കുന്നതതിന്റെ ചാരത്തെ.

*
സ്വന്തം വാതിൽ കൊട്ടിയട-
ച്ചിരുട്ടത്തു കിടക്കുന്നു നിങ്ങൾ;
കണ്ണുകളൊന്നു തുറക്കൂ,
നിത്യവെളിച്ചം നിറയുന്ന ലോകത്തേ-
ക്കൊന്നു നോക്കൂ.

*
വിതയ്ക്കാനുത്സാഹിച്ചു
ഞാൻ,
കൊയ്യാനമാന്തിച്ചതും
ഞാൻ.

*
സ്വയമൊളിപ്പിക്കാൻ മിനക്കെട്ടു നിങ്ങൾ;
മനസ്സനുസരിച്ചില്ല നിങ്ങളെ.
അതു ചാടി പുറത്തുപോകുന്നു
നിങ്ങളൊന്നു കണ്ണു തുറക്കുമ്പോൾ.

*

ചൈത്രവീണയിൽ
വസന്തബഹാർ;
അതിന്റെയോളങ്ങൾ
തെന്നലിൽ.


*
ജീവിതത്തിന്റെ പ്രഹേളിക
മരണത്തിന്റെ കടങ്കഥയാവുന്നു;
പകലിന്റെ കലപില
നക്ഷത്രവെളിച്ചവും.

*
മുങ്ങിത്താഴാൻ
എടുത്തുചാടിയാൽ മതി,
കരപറ്റാൻ
നീന്തൽ തന്നെയറിയണം.

*
ഇരുകരകളന്യോന്യം ദാഹിക്കുമ്പോൾ
ആഴം കാണാത്ത വേദനയാ-
ണിടയിലൊരു കടൽ.

*
വസന്തം വന്നു കതകിൽ മുട്ടുമ്പോൾ
എന്റെ വീട്ടിലാരുമില്ല.
എന്റെ ഹൃദയമാരെയോ വിളിയ്ക്കുന്നു,
ആരെയെന്നെനിയ്ക്കറിയുന്നുമില്ല.

*
എത്രവേഗം പെയ്തൊഴിഞ്ഞു
കാർമേഘത്തിന്റെ വൻപ്രതാപം;
ഒളിഞ്ഞുനോക്കുകയാണതിപ്പോൾ
നാണിച്ചും പേടിച്ചുമൊരു കോണിൽ.

*
വസന്തത്തിന്റെ വിരുന്നിൽ
ക്ഷണിക്കാതെ കൊടുങ്കാറ്റെത്തുമ്പോൾ
തളിരിലകൾക്കു ചാഞ്ചാട്ടം,
പുതുമൊട്ടുകൾക്കു മന്ദഹാസം.
പഴുക്കിലകൾക്കാണുൾക്കിടിലം-
കാറ്റവയെ മോചിപ്പിക്കുമെന്നിരിക്കെ
എന്തിനതിനെ പേടിയ്ക്കാൻ?

*
എത്ര നാടുകളലഞ്ഞു ഞാൻ,
എത്ര കുന്നുകൾ കയറി ഞാൻ,
എത്ര കടലുകൾ തുഴഞ്ഞു ഞാൻ.
എന്നിട്ടുമെന്തേ വീട്ടിൽ നിന്നു ചുവടുകളകലെ
ഒരു നെല്ലോലയിലിറ്റുന്ന മഞ്ഞുതുള്ളിയെ
അടുത്തുചെന്നു നോക്കിനിന്നില്ല ഞാൻ?

*
ഹൃദയാകാശത്തിന്റെ ചക്രവാളത്തിൽ
ലോകം മടുത്ത സ്വപ്നപ്പക്ഷി
അതാ, പറന്നുപോകുന്നു.

*
ആകാശത്തുയർന്നുപറക്കുന്നു
എന്റെ കൈവിട്ട ചിന്തകൾ.
പിന്നെയവ കൂടണയുന്നു
എന്റെ പാട്ടിന്റെ ചില്ലകളിൽ.

*
അത്രയകലെയാണേതു മഴവില്ലിന്റെ വശ്യതയും.
എനിക്കു ഹിതം തൊട്ടരികിലെ മണ്ണിന്റെ ദാനങ്ങൾ:
ഒരു പൂമ്പാറ്റയുടെ ചിറകിൽ തേച്ച ചായങ്ങൾ.

*
കിട്ടിയതൊക്കെ വാരിക്കൂട്ടി
ജീവിതത്തിന്റെ കളി തുടരുന്നു.
കാലത്തിന്റെ തമാശക്കളിയിൽ
ഒക്കെയുമുടഞ്ഞും പോകുന്നു.

*
ഇറങ്ങിപ്പോയവനെ
മടക്കിവിളിയ്ക്കേണ്ട;
ഓർമ്മ വളരട്ടെ
കണ്ണീരിന്റെ നനവിൽ.

*
രാത്രിമഴയുടെ വിളയാട്ടം
തമാലമരച്ചില്ലകളിൽ;
‘ഉണരൂ, ഉണരൂ,’
കിളിക്കൂടുകളെ
തിടുക്കപ്പെടുത്തുകയാണവൻ.

*
നിഴലടഞ്ഞ ബകുലവനത്തിൽ
പ്രശാന്തമോഹനമൊരു ഗാനം,
എന്റെ കാൽച്ചുവടിന്റെ താളത്തിൽ.

*
സിതാറിന്റെ തന്ത്രികളിൽ
ധനാശിയുടെ വിധാനങ്ങൾ;
ഒരുവൾ സന്ധ്യ വാരിച്ചുറ്റി
നടന്നടുത്തുവരുമ്പോലെ.


 

No comments: