Friday, June 10, 2011

ഫെര്‍ണാണ്ടോ പെസ് വാ - സ്വപ്നത്തില്‍ കണ്ടത്‌


നാമതിനെ ഏതു വിധത്തിൽ ഭാവന ചെയ്യുന്നുവോ, അതാണു നമുക്കു ജീവിതം. ഒരു പാടം മാത്രമുള്ള കൃഷിക്കാരന്‌ ആ പാടമാണു സർവതും; അയാളുടെ സാമ്രാജ്യമാണത്. വിശാലമായൊരു സാമ്രാജ്യത്തിലും ശ്വാസം മുട്ടുന്ന സീസറിന്‌ ആ സാമ്രാജ്യം ഒരു പാടവുമാണ്‌. പാവപ്പെട്ടവന്‌ ഒരു സാമ്രാജ്യം സ്വന്തം, ഒരു വമ്പന്‌ ഒരു പാടവും. നമ്മുടെ ഐന്ദ്രിയാനുഭവങ്ങളേ നമുക്കു സ്വന്തമായിട്ടുള്ളു എന്നതാണു വാസ്തവം; നമ്മുടെ ജീവിതമെന്ന യാഥാർത്ഥ്യത്തിനാധാരമാവേണ്ടത് അവയാണ്‌; അല്ലാതെ അവയ്ക്കു വിഷയമായ വസ്തുതകളല്ല.

ഇപ്പറഞ്ഞതൊന്നും ഒന്നിനോടും സംബന്ധമുള്ളതല്ല.

ഞാൻ ഒരുപാടു സ്വപ്നം കണ്ടിരിക്കുന്നു. സ്വപ്നം കണ്ടു ഞാൻ ക്ഷീണിച്ചേക്കാമെങ്കിലും സ്വപ്നം കണ്ടു മടുത്തിട്ടില്ലെനിക്ക്. അതിനി ആരായാലും സ്വപ്നം കണ്ടു മടുക്കുക എന്നതുണ്ടാവുകയില്ല; കാരണം, സ്വപ്നം കാണുകയെന്നാൽ മറക്കുക എന്നാണ്‌; മറവിയ്ക്കു ഭാരവുമില്ല. നാം കണ്ണുകൾ തുറന്നുവച്ചിരിക്കുന്ന ഗാഢനിദ്രയാണത്. സ്വപ്നത്തിൽ എന്തൊക്കെ ഞാൻ കൈവരിച്ചിട്ടില്ല! ഞാനുണരുകയും ചെയ്തിട്ടുണ്ട്, അതിനെന്താ? ഞാൻ എത്ര സീസർമാരായിരിക്കുന്നു! ഈ ചരിത്രപുരുഷന്മാർ - എത്ര ചെറ്റകളുമാണവർ! ഒരു കടൽക്കൊള്ളക്കാരന്റെ മഹാമനസ്കത കൊണ്ടു ജീവൻ തിരിച്ചുകിട്ടുന്ന  സീസർ പിന്നെ ചെയ്യുന്നത് അയാളെ തിരഞ്ഞുപിടിച്ചു കൊണ്ടുവന്നിട്ട് കുരിശിൽ കയറ്റുകയാണ്‌. സെയിന്റ് ഹെലീനയിൽ വച്ച് ഒസ്യത്തെഴുതുന്ന നെപ്പോളിയനാവട്ടെ, വെല്ലിംഗ്ടണെ വധിക്കാൻ ശ്രമിച്ച ഒരു പോക്കിരിയ്ക്ക് തന്റെ സ്വത്തിൽ ഒരു ഭാഗം എഴുതിവയ്ക്കുകയും ചെയ്യുന്നു. ഈ ആത്മീയൗന്നത്യം കണ്ണു ചുരുക്കിപ്പിടിച്ചു നോക്കുന്ന അയൽവക്കത്തുകാരിയുടേതിലധികമൊന്നുമില്ല... ഞാനെത്ര സീസർമാരായി; പിന്നെയുമെത്രപേരാകുന്നതു ഞാനിന്നും സ്വപ്നം കാണുന്നു!

ഞാനെത്ര സീസർമാരായിട്ടും, യഥാർത്ഥത്തിലൊരു സീസറായിട്ടുമില്ല. സ്വപ്നം കാണുമ്പോൾ ഞാൻ അത്ര രാജകീയത കൈവരിച്ചു; അതുകൊണ്ടു തന്നെയാണ്‌ ഞാൻ യാതൊന്നുമാകാതിരുന്നതും. എന്റെ സേനകൾ പരാജയമടഞ്ഞുവെങ്കിലും അതൊരു നിസ്സാരസംഭവമായിരുന്നു, ഒരാളും മരണപ്പെട്ടുമില്ല. എനിക്കൊരു പതാകയും നഷ്ടപ്പെട്ടില്ല. എന്റെ സ്വപ്നദൃശ്യത്തിൽ പതാകകൾ കാഴ്ചയിൽ വരുന്നത്രത്തോളം എന്റെ സേനകൾ മുന്നേറിയിട്ടില്ല. ഇവിടെ, ഈ റുവാ ദോ ദൗറാദോറെയിൽ വച്ച് എത്ര സീസർമാരായിരിക്കുന്നു ഞാൻ. ഞാൻ പകർന്നാടിയ ആ സീസർമാർ ഇപ്പോഴും എന്റെ ഭാവനയിൽ ജീവനോടിരിക്കുന്നു; പക്ഷേ യഥാർത്ഥത്തിലുള്ള സീസർമാരാവട്ടെ, പണ്ടേ മണ്ണടിഞ്ഞും കഴിഞ്ഞിരിക്കുന്നു; റുവാ ദോ ദൗറാദോറെയ്ക്ക്, അതായത് യാഥാർത്ഥ്യത്തിന്‌ അവരെ മുഖപരിചയവുമില്ല.

ഞാൻ ഒരൊഴിഞ്ഞ തീപ്പെട്ടിക്കൂടെടുത്തെറിയുന്നു, ഒരു ഗർത്തത്തിലേക്ക്, എന്നു പറഞ്ഞാൽ, എന്റെ ജനാലപ്പടിക്കു താഴെയുള്ള തെരുവിലേക്ക്. എന്നിട്ടുപിന്നെ കസേരയിൽ നിവർന്നിരുന്ന് കാതോർക്കുകയാണു ഞാൻ. തീപ്പെട്ടിക്കൂടിന്റെ വീഴ്ച തെരുവു ജനശൂന്യമാണെന്നുള്ള വിവരം (അതെന്തോ പ്രധാനപ്പെട്ട ഒരു കാര്യമാണെന്നപോലെ) വ്യക്തമായൊരു മാറ്റൊലിയിലൂടെ എന്നെ അറിയിക്കുകയും ചെയ്യുന്നു. നഗരത്തിന്റെ പൊതുശബ്ദങ്ങളല്ലാതെ മറ്റൊന്നും കേൾക്കാനില്ല. അതെ, ദീർഘദീർഘമായൊരു ഞായറാഴ്ചയിലെ നഗരത്തിന്റെ ശബ്ദങ്ങൾ - ഒന്നിനൊന്നു ചേരാത്തവ, എന്നാൽ ഒന്നുപോലെ ശരിയായവയും.

യഥാർത്ഥലോകത്തിൽ നിന്നെത്ര കുറച്ചു മതി, ഉന്നതമായൊരു ധ്യാനവൃത്തിക്കു തുടക്കമിടാൻ: ഉച്ചഭക്ഷണത്തിനു വൈകിയെത്തുക, തീപ്പെട്ടിക്കൂടിൽ കൊള്ളികൾ തീരുക, ഒഴിഞ്ഞ കൂടെടുത്ത് ജനാലയിലൂടെ പുറത്തേക്കെറിയുക, വൈകി ഭക്ഷണം കഴിച്ചതിന്റെ ഒരരുതായ്ക തോന്നുക, ദരിദ്രം പിടിച്ചൊരു സൂര്യാസ്തമയം മാത്രം പ്രതീക്ഷിക്കാനുള്ള ഒരു ഞായറാഴ്ചയാവുക, ഈ ലോകത്തു ഞാനാരുമല്ല എന്നിങ്ങനെയുള്ള ദാർശനികവിഷയങ്ങളും.

അതിനെന്താ, എത്ര സീസർമാരായതാണു ഞാൻ!


റുവാ ദോ ദൗറാദോറെ - ഇതെഴുതുന്നയാൾ കണക്കെഴുത്തുകാരനായി ജോലി നോക്കുന്ന സ്ഥാപനം നിൽക്കുന്ന ലിസ്ബൺതെരുവ്.


അശാന്തിയുടെ പുസ്തകം


No comments: