Tuesday, June 14, 2011

റില്‍ക്കെ - കാവൽമാലാഖ


File:Paris cimetière Père Lachaise59.JPG


രാത്രിയിൽ ഞാനുണർന്നുവിളിച്ചപ്പോൾ
ചിറകടിച്ചെത്തിയ പറവ നീ.
കൈകൾ കൊണ്ടേ ഞാൻ വിളിച്ചുള്ളു:
ആയിരം രാത്രികളാഴത്തിലൊരു കയമായിരുന്നുവല്ലോ
നിന്റെ നാമം.
ഞാൻ ശമം കൊണ്ടുറങ്ങിയ തണലായിരുന്നു നീ,
സ്വപ്നങ്ങളായെന്നിൽ മുളച്ച വിത്തായിരുന്നു നീ.
എഴുതിയ ചിത്രം നീ,
നിന്നെ തിളക്കി നിവർത്തിയ ചട്ടം ഞാൻ.

നിന്നെ ഞാനെന്തു വിളിക്കും?
മുടന്തുകയാണെന്റെ ചുണ്ടുകൾ, നോക്കൂ.
ഇരച്ചെത്തുന്ന തുടക്കം നീ,
നിന്റെ സൗന്ദര്യത്തെ കാതരമായുപസംഹരിക്കുന്ന
വിളംബകാലത്തിലൊരാമേൻ ഞാൻ.
ഇരുളടഞ്ഞ വിശ്രമത്തിൽ നിന്നെന്നെത്തട്ടിമാറ്റി നീ പലപ്പോഴും
ഉറക്കമെനിക്കൊരു ശവക്കുഴിയായപ്പോൾ,
പലായനവും കപ്പൽച്ചേതവുമായപ്പോൾ-
ഹൃദയാന്ധകാരത്തിൽ നിന്നെന്നെയുയർത്താൻ നോക്കി നീ,
രക്തപതാക പോലെ, തോരണങ്ങൾ പോലെ
സർവഗോപുരങ്ങളിലുമെന്നെയുയർത്താനും.

ദിവ്യാത്ഭുതങ്ങൾ നിത്യവർത്തമാനമായവനേ,
ആണും പെണ്ണും വാക്കുകളിലീണവും പനിനിർപ്പൂക്കളുമായവനേ,
ജ്വലിക്കുന്ന സംഭവങ്ങൾ കണ്ടുനിന്നവനേ, ധന്യനേ-
എന്നു നീയവന്റെ പേരുച്ചരിക്കും,
അവന്റെയേഴാം നാളിന്റെ പ്രതാപശകലങ്ങൾ
ഇന്നും ചിറകടികളിൽ പേറുന്നവനേ?...
ഞാനതു ചോദിക്കയും വേണമോ?


link to image



No comments: