എന്റെ അച്ഛാ, ഇതു ഞാൻ, യൂസുഫ്,
എന്റെ ജ്യേഷ്ഠന്മാർക്കെന്നെ കണ്ണിനു പിടിയ്ക്കില്ല,
എന്നെ അവർ കൂട്ടത്തിൽ കൂട്ടുന്നുമില്ലച്ഛാ,
അവരെന്നെ ഉപദ്രവിക്കുന്നു
എന്റെ മേൽ കല്ലുകളും വാക്കുകളും വലിച്ചെറിയുന്നു
ഞാൻ ചാവട്ടെയെന്നാണവർക്ക്
എങ്കിൽ പിന്നെയവർക്കെന്നെ വാഴ്ത്തിനടക്കാമല്ലോ
എനിക്കു മുന്നിൽ അവരങ്ങയുടെ വാതിൽ കൊട്ടിയടച്ചു
പാടത്തു നിന്നവരെന്നെ ആട്ടിയോടിച്ചു
എന്റെ അച്ഛാ, എന്റെ മുന്തിരിപ്പഴങ്ങളിലവർ വിഷം കലർത്തി
എന്റെ കളിപ്പാട്ടങ്ങളവർ തല്ലിയുടച്ചു
ഇളംകാറ്റിലെന്റെ മുടിയിഴകളിളകുമ്പോൾ അസൂയയായിരുന്നവർക്ക്
എന്നോടുമങ്ങയോടും കോപമായിരുന്നവർക്ക്
എന്താണു ഞാനവരിൽ നിന്നു തട്ടിയെടുത്തതച്ഛാ?
പൂമ്പാറ്റകൾ എന്റെ ചുമലിലിളവെടുത്തു
കിളികളെന്റെ കൈത്തലത്തിൽ പറന്നിറങ്ങി
അതിനു ഞാനെന്തു പിഴച്ചു?
എന്തേ എന്നെ മാത്രം?
അങ്ങെന്നെ യൂസുഫെന്നു വിളിച്ചു
അവരെന്നെ കിണറ്റിൽത്തള്ളി
ചെയ്തതു ചെന്നായയെന്നവർ പറഞ്ഞു
അവരെക്കാൾ കരുണകാട്ടും ചെന്നായ
എന്റെ അച്ഛാ,
പതിനൊന്നു നക്ഷത്രങ്ങളെയും സൂര്യചന്ദ്രന്മാരെയും ഞാൻ കാണുന്നുവെന്നും
അവയെനിക്കു മുന്നിൽ മുട്ടുകുത്തുന്നുവെന്നും പറഞ്ഞപ്പോൾ
അതു കൊണ്ടാരെ ഞാൻ ദ്രോഹിച്ചു?
1 comment:
ഇരകളുടെ തീരാത്ത വിലാപം..
അഭിവാദ്യങ്ങളോടെ
Post a Comment