Thursday, June 2, 2011

ഫെര്‍ണാന്‍ഡോ പെസ് വാ - എഴുത്തും സ്വയമികഴ്ത്തലും

എന്തെങ്കിലുമൊന്നു ചെയ്തുപൂർത്തിയാക്കിയാൽ അത്ഭുതസ്തബ്ധനായിപ്പോവുകയാണു ഞാൻ; അത്ഭുതസ്തബ്ധനും ഒപ്പം ദുഃഖിതനും. പൂർണ്ണതയ്ക്കായുള്ള എന്റെ ജന്മവാസന പൂർത്തീകരണത്തിന്‌ എന്നെ അനുവദിക്കരുതാത്തതാണ്‌; തുടക്കത്തിൽത്തന്നെ തടയിടേണ്ടതാണ്‌. പക്ഷേ ഞാനതു മറക്കുകയാണ്‌; എന്നിട്ടു ചെയ്തുതുടങ്ങുകയാണ്‌. അതിൽ നിന്നുല്പന്നമാകുന്നതാവട്ടെ, എന്റെ ഇച്ഛാശക്തിയെ എടുത്തുപയോഗിച്ചതിന്റെയല്ല, അതിനെ അടിയറവു വച്ചതിന്റെ ഫലവുമായിരിക്കും. ചിന്തിക്കാനുള്ള ശേഷിയില്ലാത്തതു കൊണ്ടാണ്‌ ഞാൻ തുടങ്ങുന്നത്; തുടങ്ങിവച്ചതു വിട്ടുപോരാനുള്ള ധൈര്യക്കുറവു കാരണം ഞാനതു മുഴുമിക്കുകയും ചെയ്യുന്നു. എന്റെ ഭീരുത്വത്തിന്റെ പ്രതിനിധാനമാണ്‌ ഈ പുസ്തകം.

ഒരു ഭൂപ്രകൃതിയുടെ വിവരണത്തിനായി ( എന്റെ ചിന്തയുടെ സാങ്കല്പികമോ യഥാർത്ഥമോ ആയ പൊതുധാരയുമായി എങ്ങനെയോ ഇണങ്ങിപ്പോകുന്നതുമായിരിക്കും ആ വിവരണം) പലപ്പോഴും ഞാനെന്റെ ചിന്തകളെ ഇടയ്ക്കു വച്ചു മുറിക്കുന്നുവെങ്കിൽ, സർഗ്ഗശേഷിയുടെ കാര്യത്തിൽ ഷണ്ഡനാണു ഞാനെന്ന തിരിച്ചറിവിൽ നിന്നിറങ്ങിയോടാനുള്ള വാതിലായി ആ വിവരണത്തെ ഞാൻ ഉപയോഗപ്പെടുത്തുന്നുവെന്നാണർത്ഥം. എന്നോടു തന്നെയുള്ള സംഭാഷണങ്ങളായ ഈ പുസ്തകത്തിനിടയിൽ അന്യനൊരാളോടു സംസാരിക്കാനുള്ള വ്യഗ്രത പലപ്പോഴും എന്നെ പിടികൂടുന്നു; അപ്പോൾ ഞാൻ സംസാരത്തിനു നില്ക്കുകയാണ്‌, ഈറൻ പറ്റിയ പോലെ തിളങ്ങുന്ന മേൽക്കൂരകൾക്കു മേൽ തങ്ങിനില്ക്കുന്ന വെളിച്ചത്തോട്; നഗരത്തിലെ ഒരു കുന്നിൻ ചരിവിൽ ശബ്ദമില്ലാതെ ഇടിഞ്ഞുവീഴാനെന്നപോലെ ഇടതിങ്ങി നിന്നു ചില്ലയിളക്കുന്ന മരങ്ങളോട്; ഒന്നിനു മേലൊന്നായി പതിച്ച പോസ്റ്ററുകൾ പോലുള്ള, വാക്കുകൾ ജനാലകളായ വീടുകളോട്; അവയിലെ നനവു മാറാത്ത പശയിൽ പൊന്നു പൂശുന്ന അന്തിവെയിലിനോട്.

ഇതിലും ഭേദമായിട്ടെഴുതാൻ കഴിവില്ലെങ്കില്പിന്നെ ഞാനെന്തിനെഴുതുന്നു? സ്വന്തം മാനദണ്ഡങ്ങൾക്കൊത്തുയരാൻ കഴിഞ്ഞില്ലെങ്കിൽപ്പോലും കഴിവുള്ളപോലെ എഴുതാതിരുന്നാൽപ്പിന്നെ എന്തായിരിക്കും എന്റെ ഗതി? അഭിലാഷങ്ങളുടെ കാര്യത്തിൽ വെറും സാമാന്യക്കാരനാണു ഞാൻ. അവ നേടിയെടുക്കാൻ ഞാൻ ശ്രമിക്കും. മറ്റൊരാൾ ഇരുട്ടുമുറിയെ ഭയക്കുന്ന പോലെ മൗനത്തെ ഭയമാണെനിയ്ക്ക്. ഒരു പതക്കത്തെ അതു നേടാനെടുത്ത യത്നത്തെക്കാളേറെ മതിയ്ക്കുന്ന തരക്കാരനാണു ഞാൻ.

സ്വയമികഴ്ത്തലാണ്‌ എനിയ്ക്കെഴുത്ത്; എന്നിട്ടും എഴുതാതിരിക്കാൻ എനിക്കാവുന്നില്ല. വെറുപ്പോടെ നിത്യവും സേവിക്കുന്ന ലഹരിമരുന്നാണതെനിയ്ക്ക്; ഞാൻ ദ്വേഷിക്കുന്ന, എന്നാൽ ഞാൻ അടിമയായ കറുപ്പ്. ഒഴിവാക്കാനാവാത്ത വിഷങ്ങളുണ്ട്; ചില വിഷങ്ങൾ അതിസൂക്ഷ്മങ്ങളുമായിരിക്കും: തകർന്നടിഞ്ഞ സ്വപ്നങ്ങളുടെ ശേഷിപ്പുകൾക്കിടയിൽ നിന്നു പറിച്ചെടുത്ത വേരുകൾ, നമ്മുടെ മോഹങ്ങളുടെ ശവകുടീരങ്ങൾക്കരികുപറ്റി വളരുന്ന കറുത്ത പോപ്പിപ്പൂവുകൾ, ആത്മാവിന്റെ നരകപ്പുഴകളൊച്ചപ്പെടുന്ന തടങ്ങളിൽ ചില്ലകളിളക്കുന്ന അശ്ലീലവൃക്ഷങ്ങളുടെ സൂചിയിലകൾ - ഇതൊക്കെയിട്ടു വാറ്റിയെടുത്തവ.

അതെ, എഴുതുക എന്നാൽ സ്വയം നഷ്ടപ്പെടുത്തുക എന്നുതന്നെ. പക്ഷേ ആരുണ്ട് സ്വയം നഷ്ടപ്പെടുത്താത്തതായി? എന്തെന്നാൽ നഷ്ടങ്ങളുടെ ആകെത്തുകയാണ്‌ ജീവിതം തന്നെ. പക്ഷേ ഞാൻ സ്വയം നഷ്ടപ്പെടുത്തുന്നത് ഒരാനന്ദവും കാണാതെയാണ്‌ - തന്റെ നിഗൂഢനിയോഗമായ കടലിലേക്കൊഴുകിയെത്തുന്ന പുഴയെപ്പോലെയല്ല, വേലിയിറക്കത്തിൽ കടൽക്കരയിൽ ശേഷിക്കുന്ന ചേറ്റുകുഴികൾ പോലെ: അവയിൽ തടഞ്ഞ വെള്ളം കടലിലേക്കു മടങ്ങുന്നില്ല, പൂഴിമണ്ണിൽ അരിച്ചിറങ്ങുകയാണ്‌.


അശാന്തിയുടെ പുസ്തകം


ചിത്രം : പെസ്  വാ ഒരു ലിസ്ബൺ തെരുവിൽ


 

No comments: