Thursday, June 23, 2011

കാഫ്ക - എഴുത്തുകാരനാവുക എന്നാൽ


1913 ജനുവരി 14-15


പ്രിയപ്പെട്ടവളേ, എഴുതിയെഴുതി നേരം വീണ്ടും വൈകിയിരിക്കുന്നു. എന്നും പുലർച്ചയ്ക്കു രണ്ടു മണിയ്ക്ക് എനിക്കാ ചൈനാക്കാരൻ പണ്ഡിതനെ ഓർമ്മ വരും. എന്തു കഷ്ടം, എന്നെ വിളിക്കുന്നത് എന്റെ കാമുകിയല്ല, ഞാൻ അവൾക്കെഴുതാൻ ആഗ്രഹിക്കുന്ന കത്തു മാത്രമാണ്‌. ഞാനെഴുതുമ്പോൾ അരികിൽ വന്നിരിക്കാൻ തോന്നുന്നുവെന്ന് അന്നൊരിക്കൽ നീയെന്നോടു പറഞ്ഞതല്ലേ? കേൾക്കൂ, അങ്ങനെ വന്നാൽ എനിക്കെഴുതാൻ പറ്റില്ല(അല്ലെങ്കിലും ഞാൻ കാര്യമായിട്ടൊന്നും ചെയ്യാനും പോകുന്നില്ല); പക്ഷേ അങ്ങനെ വന്നാൽ എനിക്കെഴുതാനേ പറ്റില്ല. കാരണം, എഴുതുക എന്നാൽ അത്രയ്ക്കമിതമായി സ്വയം വെളിപ്പെടുത്തുക എന്നുതന്നെ. ആത്മപ്രകാശനത്തിന്റെയും സമർപ്പണത്തിന്റെയും ആ പാരമ്യത്തിലായിരിക്കെ അന്യരുമായുള്ള സമ്പർക്കത്തിന്റെ കാര്യത്തിൽ തനിക്കു ചേതം പറ്റുന്നുവെന്നറിയുന്ന ഒരു മനുഷ്യജീവി, സ്ഥിരബുദ്ധി അയാൾക്കുണ്ടെങ്കിൽ, അതിൽ നിന്നു പിന്തിരിയാനേ നോക്കൂ. കഴിയുന്നത്ര ആയുസ്സു നീട്ടിക്കൊണ്ടുപോകാൻ ആർക്കാണാഗ്രഹമില്ലാത്തത്? എഴുതാൻ പക്ഷേ അത്രയുമളവിലുള്ള ആത്മപ്രകാശനവും സമർപ്പണവും തന്നെ മതിയാകുന്നില്ല. അസ്തിത്വത്തിന്റെ മേൽമണ്ണിൽ നിന്നു കിനിയുന്ന എഴുത്ത് - മറ്റൊരു വഴിയില്ലാത്തതിനാലും, ഉള്ളുറവകളെല്ലാം വരണ്ടതിനാലും - ഒന്നുമല്ല; നേരായൊരു വികാരം ആ പ്രതലത്തെ ഒന്നു പിടിച്ചുകുലുക്കേണ്ട താമസം, ഒക്കെ തകർന്നു വീഴുകയും ചെയ്യുന്നു. അതു കൊണ്ടാണ്‌ എഴുതുമ്പോൾ മതിയാവുന്നത്ര ഏകാകിയായിരിക്കാൻ നിങ്ങൾക്കു കഴിയാത്തത്; എഴുതുമ്പോൾ മതിയാവുന്നത്ര നിശ്ശബ്ദത നിങ്ങൾക്കു കിട്ടാത്തത്; രാത്രി പോലും മതിയാവുന്നത്ര രാത്രിയാവാത്തത്. അതുകൊണ്ടു തന്നെയാണ്‌ ഉള്ള സമയം നിങ്ങൾക്കു മതിയാകാതെ വരുന്നതും; അത്ര ദീർഘമാണു പാതകൾ, വഴി തെറ്റുക വളരെയെളുപ്പവും. ചിലനേരം നിങ്ങൾ ഭയന്നുപോകുന്നു; ഒരു നിയന്ത്രണവും കൊണ്ടല്ല, ഒരു പ്രലോഭനവും കൊണ്ടല്ല,തിരിഞ്ഞോടാനുള്ള അമിതമായൊരാഗ്രഹം - അതിനുള്ള കഠിനശിക്ഷ പിന്നീടു നിങ്ങൾക്കു കിട്ടാതിരിക്കുന്നുമില്ല - നിങ്ങൾക്കുണ്ടാവുകയും ചെയ്യുന്നു. നിങ്ങൾക്കേറ്റവും പ്രിയപ്പെട്ട ചുണ്ടുകളിൽ നിന്നൊരു ചുംബനം പൊടുന്നനേ വന്നുവീണാൽപ്പിന്നെ പറയുകയും വേണോ! പലപ്പോഴും എനിക്കു തോന്നിയിട്ടുണ്ട്, എനിക്കേറ്റവും ഉചിതമായ ജീവിതരീതി വിശാലവും താഴിട്ടു പൂട്ടിയതുമായ ഒരു നിലവറയുടെ ഏറ്റവുമുള്ളിലുള്ള ഒരു മുറിയിൽ എഴുതാനുള്ള സാമഗ്രികളും ഒരു വിളക്കുമായി ഇരിക്കുക എന്നതാണെന്ന്. ആഹാരം പുറമേ നിന്നു കൊണ്ടുവന്ന് എന്റെ മുറിയിൽ നിന്നു വളരെയകലെയായി വച്ചിരിക്കും, നിലവറയുടെ പുറംവാതിലിനും പുറത്തായി. നിലവറയ്ക്കുള്ളിലൂടെ ഗൗണുമിട്ടുകൊണ്ട് ആഹാരത്തിനടുത്തേക്കുള്ള നടത്ത മാത്രമായിരിക്കും എന്റെ വ്യായാമം. പിന്നെ ഞാൻ മേശയ്ക്കരികിൽ മടങ്ങിയെത്തി സാവധാനം, ചിന്താധീനനായി ആഹാരം കഴിക്കും. എന്നിട്ടുടനേ തന്നെ എഴുത്തു തുടരുകയും ചെയ്യും. ഞാനെന്തുമാതിരി എഴുതുമെന്നോ! എത്രയാഴത്തിലുള്ള കയങ്ങളിൽ നിന്നായിരിക്കും ഞാനതിനെ വലിച്ചുയർത്തിക്കൊണ്ടുവരിക! അതും ഒരായാസവുമില്ലാതെ! ഏകാഗ്രതയുടെ പാരമ്യത്തിൽ ആയാസമെന്നതേയില്ലല്ലോ. അധികകാലത്തേക്ക് അതു തുടർന്നുകൊണ്ടുപോകാൻ എനിക്കു കഴിയുകയില്ല എന്നതേ ഒരു ബുദ്ധിമുട്ടുള്ളു; ആദ്യത്തെ ഇടർച്ച തന്നെ - ഇന്നത്തെ ചുറ്റുപാടിൽ അതിനു നല്ല സാദ്ധ്യതയുമുണ്ട് - ഗംഭീരമായൊരുന്മാദത്തിൽ കലാശിക്കുമെന്നതു തീർച്ച. എന്തു തോന്നുന്നു, പ്രിയപ്പെട്ടവളേ? നിന്റെ ഈ നിലവറജീവിയോട് അകലം പാലിക്കരുതേ.

ഫ്രാൻസ്


(ഫെലിസിനെഴുതിയ കത്ത്)


1 comment:

തൊമ്മന്‍ said...

താങ്കള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി... പരിഭാഷകള്‍ക്ക്... അക്ഷരങ്ങള്‍ കുറച്ചുകൂടി വലുതായിരുന്നങ്കില്‍..