നമുക്കിടയിൽ
ഇരുപതാണ്ടിന്റെ പ്രായം
എന്റെ ചുണ്ടിനും നിന്റെ ചുണ്ടിനുമിടയിൽ
അവ തമ്മിലടുക്കുമ്പോൾ
ഒട്ടിച്ചേരുമ്പോൾ
വർഷങ്ങളിടിഞ്ഞുവീഴുന്നു
ഒരായുസ്സിന്റെ ചില്ലുകളുടയുന്നു.
*
നിന്നെക്കണ്ടനാൾ
ഭൂപടങ്ങൾ ഞാൻ കീറിക്കളഞ്ഞു
എന്റെ പ്രവചനങ്ങളും
അറബിക്കുതിരയെപ്പോലെ
നിന്റെ മഴയുടെ ചൂരു ഞാൻ മണത്തു
അതെന്നെ നനയ്ക്കും മുമ്പേ
നിന്റെ ഒച്ചയുടെ മിടിപ്പു ഞാൻ കേട്ടു
നീ നാവെടുക്കും മുമ്പേ
എന്റെ കൈകളാൽ നിന്റെ മുടി ഞാൻ വിതിർത്തു
നീയതു പിന്നിയിടും മുമ്പേ.
*
എനിക്കൊന്നും ചെയ്യാനില്ല
നിനക്കൊന്നും ചെയ്യാനില്ല
കഠാര കയറിവരുമ്പോൾ
മുറിവെന്തു ചെയ്യാൻ?
*
മഴ പെയ്യുന്ന രാത്രിയാണു നിന്റെ കണ്ണുകൾ
യാനങ്ങൾ മുങ്ങിത്താഴുന്നുണ്ടതിൽ
ഞാനെഴുതിയതൊക്കെ മറവിയിൽപ്പെട്ടും പോകുന്നു
ഓർമ്മ നില്ക്കില്ല കണ്ണാടികൾക്ക്.
*
ദൈവമേ,
നാമിതെന്തേ പ്രണയത്തിനിങ്ങനെയടിയറവു പറയാൻ,
നഗരത്തിന്റെ താക്കോലുകൾ അതിന്റെ കൈയിൽ കൊടുത്തും
അതിനു മുന്നിൽ മെഴുകുതിരി കൊളുത്തിയും ധൂപം പുകച്ചും
മുട്ടുകാലിൽ വീണു പൊറുപ്പിനു കേണും?
എന്തേ നാമതിനെ തേടിപ്പിടിക്കുന്നു
നമ്മോടതു കാട്ടുന്നതൊക്കെ സഹിക്കുന്നു?
*
സ്ത്രീയേ, നിന്റെ ശബ്ദത്തിൽ
വെള്ളിയും വീഞ്ഞും മഴയിൽ കലരുന്നു
നിന്റെ കാൽമുട്ടുകളുടെ കണ്ണാടികളിൽ നിന്നു
പകലതിന്റെ യാത്ര തുടങ്ങുന്നു
ജീവിതം കടലിലേക്കിറങ്ങുന്നു.
*
ഞാൻ നിന്നെ സ്നേഹിക്കുന്നുവെന്നു ഞാൻ പറയുമ്പോൾ
എനിക്കറിയാമായിരുന്നു
അക്ഷരം കൂട്ടിവായിക്കാനറിയാത്ത ഒരു നഗരത്തിനായി
പുതിയൊരക്ഷരമാല കണ്ടുപിടിക്കുകയാണു ഞാനെന്ന്
ആളൊഴിഞ്ഞ കസേരകൾക്കു മുന്നിൽ
കവിത വായിക്കുകയാണു ഞാനെന്ന്
ലഹരിയുടെ ആനന്ദങ്ങളറിയാത്തവർക്കു മുന്നിൽ
മദിര പകരുകയാണു ഞാനെന്ന്.
*
ആരു നീ
ഒരു കഠാര പോലെന്റെ ജീവിതത്തിലേക്കിറങ്ങുന്നവളേ
ഒരു മുയലിന്റെ കണ്ണുകൾ പോലെ സൗമ്യമായി
ഞാവൽപ്പഴത്തിന്റെ തൊലി പോലെ മൃദുവായി
മുല്ലമാല പോലെ നിർമ്മലമായി
കുഞ്ഞുടുപ്പുകൾ പോലെ നിഷ്കളങ്കമായി
വാക്കുകൾ പോലാർത്തിയോടെയും?
*
നിന്റെ പ്രണയമെന്നെ ചുഴറ്റിയെറിഞ്ഞു
ഒരത്ഭുതലോകത്തേക്ക്
എന്റെ മേലതു ചാടിവീണു
ലിഫ്റ്റിലേക്കു കയറിവരുന്നൊരു സ്ത്രീയുടെ പരിമളം പോലെ
ഒരു കവിതയ്ക്കു മേൽ പണിയെടുത്തും കൊണ്ടു കാപ്പിക്കടയിലിരിക്കുമ്പോൾ
ഓർത്തിരിക്കാതതു കയറിവന്നു
കവിതക്കാര്യം ഞാൻ മറന്നും പോയി
സ്വന്തം കൈരേഖ വായിച്ചും കൊണ്ടു ഞാനിരിക്കുമ്പോൾ
പെട്ടെന്നതു കയറിവന്നു
കൈയുടെ കാര്യം ഞാൻ മറന്നും പോയി
കണ്ണും കാതുമടഞ്ഞൊരു കാട്ടുകോഴിയെപ്പോലെ
എന്റെ മേലതു വന്നുവീണു
അതിന്റെ തൂവലുകളെന്റെ തൂവലുകളിൽ കെട്ടുപിണയുന്നു
അതിന്റെ നിലവിളികളെന്റെ നിലവിളികളുമായി കുരുങ്ങുന്നു
*
ദിവസങ്ങളുടെ തീവണ്ടിയും കാത്തു
പെട്ടി മേൽ ഞാനിരിക്കുമ്പോൾ
ഓർത്തിരിക്കാതതു കടന്നു വന്നു
നാളുകളുടെ കാര്യം ഞാൻ മറന്നു
നീയുമൊത്തൊരത്ഭുതലോകത്തേക്കു
ഞാൻ യാത്രയും പോയി.
*
എന്റെ ഘടികാരത്തിന്റെ മുഖപ്പിൽ
നിന്റെ രൂപം കോറിയിട്ടിരിക്കുന്നു
അതിന്റെ സൂചികളോരോന്നിലും
അതു കോറിയിട്ടിരിക്കുന്നു
അതു വരച്ചിട്ടിരിക്കുന്നു ആഴ്ചകളിൽ
മാസങ്ങളിൽ വർഷങ്ങളിൽ
എന്റെ കാലമിനിമേലെന്റേതല്ല
നിന്റേതത്രേ.
Painting - Agha Reza Reza-e Abbasi- Two Lovers
2 comments:
മഴ പെയ്യുന്ന രാത്രിയാണു നിന്റെ കണ്ണുകൾ
യാനങ്ങൾ മുങ്ങിത്താഴുന്നുണ്ടതിൽ
ഞാനെഴുതിയതൊക്കെ മറവിയിൽപ്പെട്ടും പോകുന്നു
ഓർമ്മ നില്ക്കില്ല കണ്ണാടികൾക്ക്.
ശെരികും കാവിതയുടെ ആഴങ്ങളില്‍ ഉള്ള ചില മുത്തുകളാണെന്ന് തോന്നുന്നു ഈ കവിത
വളരെ നന്ദി ഇത്തരം അത്മാവുള്ള കവിതയെ ഞങ്ങള്‍ക് നല്‍കുന്നതിന്
ആശംസകള്‍
This comment has been removed by the author.
Post a Comment