Monday, June 13, 2011

റില്‍ക്കെ - വായനക്കാരൻ

File:Giovanni Battista Piazzetta - Ragazzo che legge.jpg


ആരറിയാൻ, ഈയപരിചിതനെ,
മറ്റൊരു ജീവിതം ജീവിക്കാൻ ജീവിതത്തിൽ നിന്നു മുഖം തിരിച്ചവനെ?
അച്ചടിത്താളുകൾ തള്ളിമറിക്കുന്നതല്ലാതെ മറ്റൊന്നും
തടസ്സപ്പെടുത്തുന്നുമില്ലാ ജീവിതത്തെ.

ഒരമ്മയ്ക്കും കണ്ടാലറിയില്ലിങ്ങനെയൊരു മകനെ,
തനിക്കു മുന്നിലെ ലോകത്തിൽപ്പോയി മറഞ്ഞവനെ,
തന്റെതന്നെ നിഴലിൽ മുങ്ങിപ്പോയവനെ.
എങ്കിൽ നാഴികക്കണക്കിൽ ജീവിതം പോക്കുന്ന നാം,
നാമെന്തറിയാൻ,
തന്റെ പുസ്തകത്തിലുള്ളതിന്റെയൊക്കെ ഭാരം പേറി
അവൻ തലയയുയർത്തിനോക്കുമ്പോൾ
എത്ര ജീവിതങ്ങളവൻ ജീവിച്ചുവെന്നും
എത്രയവൻ തുലച്ചുവെന്നും?
കുട്ടികൾ കളി നിർത്തി ചുറ്റും നോക്കുമ്പോലെ
അവന്റെ കണ്ണുകൾ പുറത്തേക്കു തിരിയുന്നു,
വീണ്ടും രൂപം വെച്ച ലോകത്തിലേക്ക്.


link to image


No comments: