അഞ്ചു കവിതകൾ ഞാനെഴുതി:
ഒന്നു പച്ച,
ഇനിയൊന്നു വട്ടത്തിൽ ഗോതമ്പുറൊട്ടി,
പണിതീരാത്ത വീടു മൂന്നാമത്തേത്,
നാലാമത്തേതൊരു മോതിരം,
മിന്നൽപ്പിണരു പോലെ ക്ഷണികം
അഞ്ചാമത്തേത്,
എഴുതുമ്പോളെന്റെ യുക്തിയെ
പൊള്ളിക്കുകയും ചെയ്തുവത്.
പിന്നെന്താ,
ആണുങ്ങൾ വന്നു,
പെണ്ണുങ്ങൾ വന്നു,
ഞാൻ കരുതിയ വസ്തുക്കൾ,
തെന്നൽ,കാറ്റ്,വെളിച്ചം,ചെളി,മരം,
അത്രയും സാധാരണവസ്തുക്കൾ കൊണ്ട്
അവർ പണിതു
ചുമരുകൾ, തറകൾ, സ്വപ്നങ്ങളും.
കവിതയുടെ ഒരു വരിയിൽ
അലക്കിയതവർ ഉണങ്ങാനുമിട്ടു.
അവർക്കത്താഴം
എന്റെ വാക്കുകൾ,
ഉറങ്ങാൻ കിടന്നപ്പോൾ തലയ്ക്കരികിൽ
എന്റെ കവിതകളും അവർ വച്ചിരുന്നു,
അവർ ജീവിച്ചത്
എന്റെ കവിതയ്ക്കൊപ്പം,
എന്റെ വെളിച്ചത്തിനൊപ്പം.
പിന്നെയൊരു വിമർശകൻ വന്നു,
നാവെടുക്കാത്തവൻ,
ഇനിയൊരുത്തനും വന്നു,
അവൻ നാവിട്ടടിക്കുന്നവൻ,
പിന്നെ വരവായി പലർ,
കണ്ണുപൊട്ടന്മാർ ചിലർ,
എല്ലാം കാണുന്നവർ ചിലർ,
ചിലരോ,ചെമ്പാദുകങ്ങളണിഞ്ഞ
ലവംഗപുഷ്പങ്ങൾ പോലെ കോമളർ,
ഇനിയും ചിലർ
കോടി ചുറ്റിയ ശവങ്ങൾ,
രാജപക്ഷക്കാർ ചിലർ,
മാർക്സിന്റെ നെറ്റിയിൽ കെണിഞ്ഞ്
അദ്ദേഹത്തിന്റെ താടിരോമത്തിൽ
കാലിട്ടടിക്കുന്നവർ ചിലർ,
ചിലർ ആംഗലക്കാർ,
സരളവും ശുദ്ധവുമായ ഭാഷക്കാർ,
എല്ലാവരും പുറത്തെടുത്തു
കത്തികളും തേറ്റകളും,
നിഘണ്ടുക്കളും മറ്റായുധങ്ങളും,
പാവനവചനങ്ങൾ,
എന്റെ പാവം കവിതയെ
അതിനെ സ്നേഹിച്ച സാധുക്കളുടെ കൈയിൽ നിന്നു
തട്ടിയെടുക്കാൻ
അവർ ഒരുമ്പെട്ടുവന്നു.
അവരതിനെ കെണിയിൽ പിടിച്ചു,
ചുരുട്ടിക്കെട്ടി,
നൂറു സൂചിയിറക്കി ഭദ്രമാക്കി,
അതിന്മേൽ എല്ലുപൊടി പൂശി,
മഷിയിൽ മുക്കി,
ഒരു പൂച്ചയുടെ സൗമ്യതയോടെ
അതിന്റെ മേൽ തുപ്പി,
അതു കൊണ്ടവർ ഘടികാരങ്ങൾ മൂടി,
അവരതിനെ പ്രതിരോധിച്ചു,
തള്ളിപ്പറഞ്ഞു
ക്രൂഡോയിലിനൊപ്പം
പണ്ടകശാലയിൽത്തള്ളി,
അവരതിനു നനഞ്ഞ പ്രബന്ധങ്ങൾ സമർപ്പിച്ചു,
പാലിലിട്ടു തിളപ്പിച്ചു,
അതിന്മേൽ ചരലു വിതറി,
ഇതിനിടയിൽ
അതിന്റെ സ്വരാക്ഷരങ്ങൾ അവർ മായ്ച്ചുകളഞ്ഞു,
തങ്ങളുടെ വാക്കുകളും നെടുവീർപ്പുകളും കൊണ്ട്
അതിനെ കൊല്ലാക്കൊല ചെയ്തു,
ചുരുട്ടിക്കൂട്ടി ചെറുപൊതികളാക്കി
ഭംഗിയുള്ള കൈപ്പടയിൽ വിലാസവുമെഴുതി
തങ്ങളുടെ തട്ടിൻപുറങ്ങളിലേക്കും
സിമിത്തേരികളിലേക്കും
അവർ അതിനെ അയച്ചു,
എന്നിട്ടു പിന്നെ
ഓരോ ആളായി,
അവർ പിന്മാറി,
അവർക്കു ഭ്രാന്തെടുത്തുപോയി,
അത്രയ്ക്കു ജനപ്രിയനല്ലല്ലോ ഞാൻ,
അത്രയ്ക്കു നിഴലടയ്ക്കാത്ത
എന്റെ കവിതകളോട്
നേരിയ പുച്ഛവുമായിരുന്നു അവർക്ക്.
അവരെല്ലാം
ഒരാളില്ലാതെ
പോയതിൽപ്പിന്നെ,
വീണ്ടുമെത്തി
ആണുങ്ങൾ, പെണ്ണുങ്ങൾ,
എന്റെ കവിതയോടൊപ്പം കുടിപാർക്കാൻ,
പിന്നെയുമവർ തീപൂട്ടി,
പുര പണിതു,
അപ്പം പങ്കിട്ടു,
വെളിച്ചം പങ്കിട്ടു,
പ്രണയത്തിൽ യോജിപ്പിച്ചു
മിന്നൽപ്പിണറിനെയും മോതിരത്തെയും.
ഇനി ഞാൻ, മാന്യരേ,
ഈ പറഞ്ഞുവന്ന കഥയൊന്നു നിർത്തട്ടെ,
ഞാനിറങ്ങിപ്പോകുന്നു
സാമാന്യർക്കൊപ്പം
എന്നെന്നും ജീവിക്കാൻ.
No comments:
Post a Comment