Tuesday, March 2, 2010

നെരൂദ-മഞ്ഞുകാലത്തെ പള്ളിക്കൂടം

File:Winter hungary.jpg

പള്ളിക്കൂടവും മഞ്ഞുകാലവും രണ്ടർദ്ധഗോളങ്ങൾ,
തണുത്ത,കൂറ്റനൊരാപ്പിൾ രണ്ടായി മുറിച്ച തുണ്ടങ്ങൾ.
ചിട്ടകൾ വാഴുന്ന മുറികളിൽ കണ്ടെത്തുന്നു നാം പക്ഷേ
ഭൂതങ്ങൾ പാർക്കുന്ന പാതാളങ്ങൾ,
ആ നിഗൂഢലോകത്തു ഭയഭീതരായി
ചുറ്റിനടക്കുകയാണു നാം.

മണ്ണിട്ടുമൂടിയ ഇരുട്ടാണത്‌,
വിറകിന്റെ വാളുമായി
എന്തിനെന്നെറിയാത്ത പയറ്റാണത്‌;
കായകൾ ആയുധമാക്കി
അന്തിയ്ക്കിറങ്ങുന്ന കൂട്ടങ്ങൾ,
പാതാളവിദ്യാലയത്തിലെ
മുഖംമൂടി വച്ച കുട്ടികൾ.

പിന്നെ,
കാടും പുഴയും,
പച്ചനിറമുള്ള പ്ലം മരങ്ങൾ,
പുലിക്കണ്ണുകൾ വച്ചുള്ള വിക്രമങ്ങൾ,
ഗോതമ്പിൻ നിറമാർന്ന വേനൽ,
മുല്ലകൾക്കു മേൽ ചന്ദ്രൻ,
മാറുന്നു സർവ്വതും.
മാനത്തു നിന്നെന്തോ ഊർന്നിറങ്ങി,
ഒരു കൊള്ളിമീൻ,
അല്ലെങ്കിൽ ഭൂമി
നിങ്ങളുടെ ഉടുപ്പിനുള്ളിൽ വിറകൊണ്ടു.
ഘോരമായതെന്തോ
നിങ്ങളുടെ മാംസത്തോടു കലർന്നു,
പ്രണയം നിങ്ങളെ ഗ്രസിക്കാനും തുടങ്ങി.

1 comment:

റ്റോംസ് കോനുമഠം said...

ഒരു കൊള്ളിമീൻ,
അല്ലെങ്കിൽ ഭൂമി
നിങ്ങളുടെ ഉടുപ്പിനുള്ളിൽ വിറകൊണ്ടു.