Sunday, February 7, 2010

കാഫ്കയുടെ ഡയറി-4

Franz_Kafka_Signature

1915 ജനുവരി 20

കറുത്ത കൊടികൾ. എത്ര മോശമാണ്‌ എന്റെ വായന പോലും. എന്തുമാത്രം വിദ്വേഷവും മനോദൗർബല്യവും നിറഞ്ഞതാണ്‌ എന്റെ ആത്മനിരീക്ഷണം. ലോകത്തിലേക്കൊരുമ്പെട്ടിറങ്ങാൻ എനിക്കു കഴിയാത്തപോലെയാണ്‌; അനക്കമറ്റുകിടന്ന് കിട്ടുന്നതെന്തായാലും അതിനെ കൈനീട്ടി വാങ്ങുക,കിട്ടിയതിനെ എന്റെയുള്ളിൽ പരത്തിയിടുക, എന്നിട്ടുപിന്നെ പതുക്കെ ലോകത്തിലേക്കു കാലെടുത്തുവയ്ക്കുക, അതേ എനിക്കാകൂ.

ഫെബ്രുവരി 14

റഷ്യയോടുള്ള തീരാത്ത ആകർഷണം. അതിനെ പ്രതിനിധാനം ചെയ്യാൻ ഏറ്റവും അനുയോജ്യം ട്രോയ്ക്കയല്ല,മഞ്ഞനിറത്തിൽ പരന്നൊഴുകുന്ന ഒരു നദിയാണ്‌; അതിലെങ്ങും തിരകൾ-അത്ര വലുതല്ല-അലയ്ക്കുന്നുണ്ട്‌. അതിന്റെ ഓരങ്ങളിൽ നിശ്ശൂന്യവും വന്യവുമായ ചതുപ്പുകൾ, മഞ്ഞിച്ച പുല്ലുകൾ. പക്ഷേ ഒന്നിനുമതിനെ പ്രതിനിധാനം ചെയ്യാനാവില്ല, സകലതുമതിനെ മായ്ച്ചുകളയുകയേയുള്ളു.

ഫെബ്രുവരി 16

എന്റെ വഴി തെളിഞ്ഞുകാണുന്നില്ല. എനിക്കുണ്ടായിരുന്നതൊക്കെ എന്നെ വിട്ടുപോയപോലെ; ഇനിയവ തിരിയെ വന്നാലും തൃപ്തനാവില്ല ഞാനെന്നപോലെ.

ഫെബ്രുവരി 22

എല്ലാ അർത്ഥത്തിലും അശക്തൻ, അതും പൂർണ്ണമായ തോതിലും.

ഫെബ്രുവരി 25

തീരാത്ത തലവേദനകൾ നിറഞ്ഞ നാളുകൾക്കു ശേഷം അൽപം സ്വസ്ഥത, കുറച്ചുകൂടി ആത്മവിശ്വാസവും. എന്നെ, എന്റെ ജീവിതത്തിന്റെ ഗതിയെ നിരീക്ഷിക്കുന്ന മറ്റൊരാളായിരുന്നു ഞാനെങ്കിൽ നിഷ്ഫലമായിട്ടാണ്‌ ഇതവസാനിക്കാൻ പോകുന്നതെന്ന്, തീരാത്ത സംശയങ്ങളിൽ വീണിതു ദഹിക്കുമെന്ന്, ആത്മപീഡനമൊന്നുമാത്രമാണ്‌ അതിന്റെ ഗുണവശമെന്നു പറയാൻ പ്രേരിതനാകുമായിരുന്നു ഞാൻ. പക്ഷേ തൽപരകക്ഷിയായ സ്ഥിതിയ്ക്ക്‌ എനിക്കു പ്രതീക്ഷ കൈവിടാനാകില്ല.

ഏപ്രിൽ 27

നാഗി മിഹാലിയിൽ സഹോദരിയോടൊപ്പം. മനുഷ്യരോടൊപ്പം ജീവിക്കാൻ, അവരോടു സംസാരിക്കാൻ കഴിയുന്നില്ല. പൂർണ്ണമായും തന്നിൽത്തന്നെ നിമഗ്നൻ,തന്നെക്കുറിച്ചുമാത്രം ചിന്ത. വികാരശൂന്യനായി,ജഡബുദ്ധിയായി,ഭയചകിതനായി. ആരോടും ഒന്നും പറയാനില്ല-ഒരിക്കലും.

മേയ്‌ 3

തികഞ്ഞ ഉദാസീനത,വികാരശൂന്യത. വരണ്ട ഒരു കിണർ,എത്താനാവാത്ത ആഴത്തിലാണു വെള്ളം; ഉണ്ടെന്നു തീർച്ചയുമില്ല. ഒന്നുമില്ല,ഒന്നുമില്ല. സ്റ്റ്‌റിൻഡ്ബർഗിന്റെ പിരിഞ്ഞവരിലെ ജീവിതം മനസ്സിലാവുന്നില്ല. അദ്ദേഹം മനോഹരമെന്നു പറയുന്നതിനെ എന്റെ ജീവിതത്തോടു ബന്ധപ്പെടുത്തി നോക്കുമ്പോൾ മനംപുരട്ടുന്നു. എഫിനെഴുതിയ കത്ത്‌, ആകെ തെറ്റി, പോസ്റ്റു ചെയ്യാൻ പറ്റില്ലതിനെ. ഭൂതകാലത്തോട്‌, ഭാവിയോടും,എന്നെ ബന്ധപ്പെടുത്താൻ എന്താണുള്ളത്‌? വർത്തമാനകാലമാവട്ടെ, ഒരു മായികാവസ്ഥയും. മേശയ്ക്കു മുന്നിൽ ഇരിക്കുന്നില്ല ഞാൻ, അതിനു മുകളിൽ വട്ടമിട്ടു പറക്കുകയാണ്‌. ഒന്നുമില്ല, ഒന്നുമില്ല. ശൂന്യത, മടുപ്പ്‌,അല്ല, മടുപ്പല്ല, വെറും ശൂന്യത, അർത്ഥശൂന്യത,ദൗർബല്യം.

മേയ്‌ 4

സ്റ്റ്‌റിൻഡ്ബർഗിന്റെ പിരിഞ്ഞവർ വായിച്ചതു കാരണം അൽപ്പം കൂടി ഭേദപ്പെട്ട ഒരവസ്ഥയിൽ. വായിക്കാൻ വേണ്ടിയല്ല ഞാൻ സ്റ്റ്‌റിൻഡ്ബർഗിനെ എടുക്കുന്നത്‌, ആ നെഞ്ചത്തു ചാഞ്ഞുകിടക്കാൻ വേണ്ടിയാണ്‌. ഒരു ശിശുവിനെയെന്നപോലെ ഇടംകൈ കൊണ്ട്‌ അദ്ദേഹമെന്നെ താങ്ങിപ്പിടിക്കുന്നു. പ്രതിമ മേലിരിക്കുന്ന ഒരാളെപ്പോലെ ഞാൻ അവിടെയിരിക്കുന്നു. പത്തു തവണ ഞാൻ വഴുതി വീഴാൻ പോകുന്നുണ്ട്‌; പക്ഷേ പതിനൊന്നാമത്തെ ശ്രമത്തിൽ എനിക്കവിടെ ഉറച്ചിരിക്കാൻ പറ്റുന്നു, എനിക്കൊരു സുരക്ഷിതത്വം തോന്നുന്നു, വിശാലമായ ഒരു വീക്ഷണവും എനിക്കു കിട്ടുന്നു.

മറ്റുള്ളവർക്ക്‌ ഞാനുമായുള്ള ബന്ധത്തെക്കുറിച്ചു ചിന്തിച്ചു. അഗണ്യനാണു ഞാനെങ്കിൽക്കൂടി ഇവിടെയാരും എന്നെ എന്റെ സമഗ്രതയിൽ മനസ്സിലാക്കുന്നില്ല. അങ്ങനെ മനസ്സിലാക്കുന്ന ഒരാൾ, ഒരു ഭാര്യ,ഉണ്ടാവുക എന്നാൽ,എല്ലാ വശത്തു നിന്നും ഒരു താങ്ങു കിട്ടുന്ന പോലെയാണത്‌, ദൈവം സ്വന്തമാകുന്ന പോലെയാണ്‌. ഓട്‌ല പലതും മനസ്സിലാക്കുന്നുണ്ട്‌, വളരെയധികം തന്നെ; മാക്സും ഫെലിക്സും കുറേയൊക്കെ ; യെപ്പോലെ മറ്റുള്ളവർ ചില വിശദാംശങ്ങളേ അറിയുന്നുള്ളു, പക്ഷേ അത്ര ഭീതിദമായ തീവ്രതയോടെ. എഫ്‌ ഒന്നും മനസ്സിലാക്കുന്നില്ലെന്നാണു കരുതേണ്ടത്‌. പക്ഷേ ഞങ്ങൾ തമ്മിലുള്ള തള്ളിക്കളയാനാവാത്ത ആന്തരബന്ധം കാരണം പ്രത്യേകിച്ചൊരു നിലയാണല്ലോ അവൾക്കുള്ളത്‌. താനറിയാതെ തന്നെ അവൾക്കെന്നെ മനസ്സിലാവുന്നുണ്ടെന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്‌. ഉദാഹരണത്തിന്‌ അവൾ എന്നെ യു-ബാൺ സ്റ്റേഷനിൽ കാത്തുനിന്ന സമയം- അവൾക്കു വേണ്ടി അത്ര പൊറുതികെട്ടു ദാഹിച്ചിരുന്ന ഞാൻ എത്രയും വേഗത്തിൽ അവൾക്കടുത്തെത്തണമെന്ന വ്യഗ്രതയോടെ , അവൾ മുകളിലായിരിക്കുമെന്ന ചിന്തയിൽ ഏണിപ്പടി ഓടിക്കയറിയപ്പോൾ അവൾ സാവധാനം എന്നെ കൈക്കു പിടിച്ചു നിർത്തി.

സെപ്തംബർ 28

ചോദ്യം ചോദിക്കുക എന്നാൽ അർത്ഥശൂന്യമാണത്‌, എന്തുകൊണ്ട്‌? പരാതിപ്പെടുക എന്നതിനർത്ഥം ഒരു ചോദ്യം എടുത്തിട്ടിട്ട്‌ അതിനൊരുത്തരത്തിനു വേണ്ടി കാക്കുക എന്നതാണ്‌. അതേസമയം ചോദിക്കുന്ന നിമിഷത്തിൽത്തന്നെ ചോദ്യങ്ങൾക്കുത്തരം കിട്ടുന്നില്ലെങ്കിൽപ്പിന്നെ ഉത്തരം കിട്ടലുണ്ടാവില്ല. ചോദിക്കുന്നവനും ഉത്തരം തരുന്നവനും തമ്മിൽ ഒരകലവുമില്ല.ഒരു ദൂരവും കടന്നുപോകാനില്ല.അതിനാൽ ചോദിച്ചിട്ടു കാക്കുന്നതിൽ അർത്ഥവുമില്ല.

 

പിരിഞ്ഞവര്‍ ,കറുത്ത കൊടികൾ-സ്റ്റ്‌റിൻഡ്ബർഗിന്റെ കൃതികള്‍

എഫ്-ഫെലിസ്,കാഫ്കയുടെ കാമുകി


ഓട്‌ല-സഹോദരി

മാക്സ്,ഫെലിക്സ്-സുഹൃത്തുക്കള്‍

1 comment:

v m rajamohan said...

vayichu