1915 ജനുവരി 4
പുതിയൊരു കഥ തുടങ്ങാൻ വല്ലാത്ത പ്രലോഭനം; വഴങ്ങിയില്ല. ഒരു കാര്യവുമില്ല. കഥകൾക്കു പിന്നാലെ പോകാൻ രാത്രിയിൽ എനിക്കു കഴിയുന്നില്ലെങ്കിൽ അവ ഓടിയൊളിക്കുകയാണ്; ജൂനിയർ വക്കീലിന്റെ കാര്യത്തിൽ പറ്റിയതുപോലെ. നാളെ ഫാക്റ്ററിയിൽ പോകണം, പി. വന്നുചേർന്നാൽ എന്നും വൈകിട്ടു പോകേണ്ടിവരുമെന്നും തോന്നുന്നു. അതോടെ എല്ലാം അവസാനിച്ചു. ഫാക്റ്ററിയെക്കുറിച്ചുള്ള ചിന്ത അവസാനിക്കാത്ത യോം കിപ്പർ ആണെനിക്ക്.
ജനുവരി 6
തൽക്കാലത്തേക്ക് ഗ്രാമത്തിലെ സ്കൂൾ മാസ്റ്ററും ജൂനിയർ വക്കീലും ഉപേക്ഷിച്ചു. വിചാരണയും പക്ഷേ മുമ്പോട്ടു കൊണ്ടുപോകാനുള്ള കഴിവു തോന്നുന്നില്ല. ലംബർഗിൽ നിന്നു വന്ന ആ പെൺകുട്ടിയെക്കുറിച്ചാലോചിച്ചു. ഏതെങ്കിലുമൊരു സന്തോഷം തരാമെന്ന വാഗ്ദാനം എവിടെന്നെങ്കിലുമുണ്ടായാൽ അതു മതി നിത്യജീവിതത്തിൽ പ്രതീക്ഷയർപ്പിക്കാൻ. ഒരു ദൂരത്തു നിന്നു നോക്കുമ്പോൾ അതിനൊരുറപ്പുണ്ട്, കൂടുതൽ അടുത്തു ചെല്ലാൻ നിങ്ങൾ ധൈര്യപ്പെടുന്നില്ല.
ജനുവരി 17
ശനിയാഴ്ച എഫിനെ കാണണം. അവൾക്കെന്നെ സ്നേഹമാണെങ്കിൽ ഞാനതർഹിക്കുന്നുമില്ല.ഇന്നെനിക്കു ബോധ്യമായതു പോലെ തോന്നുന്നു, എന്റെ പരിധികൾ എത്ര ഇടുങ്ങിയതാണ്, സകലതിലും,തന്മൂലം എഴുത്തിലും. സ്വന്തം പരിമിതികൾ അത്ര ഉത്കടമായി നിങ്ങൾക്കു ബോധ്യപ്പെടുന്നുവെങ്കിൽ,നിങ്ങൾ പൊട്ടിത്തെറിക്കും.
സ്റ്റ്‌റിൻഡ്ബർഗിന്റെ കറുത്ത കൊടികൾ. അകലെ നിന്നുള്ള സ്വാധീനങ്ങളെക്കുറിച്ച്: നിങ്ങളുടെ പെരുമാറ്റം മറ്റുള്ളവർക്കിഷ്ടപ്പെട്ടില്ലെന്ന്, ആ ഇഷ്ടക്കേട് അവർ പുറത്തു കാണിക്കാതെ തന്നെ, നിങ്ങൾക്കു തീർച്ചയാണ്. ഒറ്റയ്ക്കിരിക്കുമ്പോൾ നിങ്ങൾക്കെന്തോ സ്വസ്ഥത തോന്നുന്നു; അതെന്തു കൊണ്ടാണെന്ന് നിങ്ങൾക്കറിയുകയുമില്ല. അകലത്തെവിടെയോ വച്ച് ഒരാൾ നിങ്ങളെക്കുറിച്ചു നല്ലതു വിചാരിച്ചു, നല്ലതു പറഞ്ഞു.
ജനുവരി 18
ആറര വരെ ഫാകറ്ററിയിൽ; പതിവുപോലെ ജോലി ചെയ്തു, വായിച്ചു, പറഞ്ഞുകൊടുത്തു, പറയുന്നതു കേട്ടു, ഫലമില്ലാതെ എഴുതി. എല്ലാറ്റിനുമൊടുവിൽ അർത്ഥശൂന്യമായ ആ സംതൃപ്തിയും. തലവേദന, ഉറക്കം ശരിയായില്ല. ഒന്നും മനസ്സു ചെലുത്തി തുടർച്ചയായി ചെയ്യാൻ കഴിയുന്നില്ല. കുറച്ചുനേരം പുറത്തുമായിരുന്നു. എന്നിട്ടും പുതിയൊരു കഥ തുടങ്ങി; പഴയതു ഞാൻ നശിപ്പിക്കുമെന്നു പേടിയായി. നാലഞ്ചു കഥകൾ എന്റെ മുന്നിൽ പിൻകാലിൽ നിവർന്നുനിൽക്കുകയാണ്, സർക്കസ്സിന്റെ തുടക്കത്തിൽ റിംഗ്‌മാസ്റ്റർ ഷൂമാന്റെ മുന്നിൽ കുതിരകളെപ്പോലെ.
ജനുവരി 19
ഒരു സ്വപ്നം:
ഞായറാഴ്ച രണ്ടു സ്നേഹിതന്മാരുമൊത്ത് പിക്നിക്കിനു പോകാമെന്നു സമ്മതിച്ചിരുന്നു; പക്ഷേ പതിവിനു വിപരീതമായി ഞാൻ കിടന്നുറങ്ങിപ്പോയി. സാധാരണഗതിയിൽ ഞാനെത്ര കൃത്യനിഷ്ഠയുള്ളയാളാണെന്നറിയാവുന്ന എന്റെ ചങ്ങാതിമാർ അത്ഭുതത്തോടെ എന്നെ തിരക്കി വീട്ടിലെത്തി; അൽപനേരം പുറത്തു കാത്തുനിന്നശേഷം അവർ കോണി കയറിവന്ന് കതകിൽ മുട്ടി. ഞാൻ ഞെട്ടിയുണർന്ന് കിടക്കയിൽ നിന്നു ചാടിയെഴുന്നേറ്റു. എത്രയും വേഗം പുറപ്പെടാൻ തയ്യാറാവുക എന്നതേ എന്റെ മനസ്സിലുണ്ടായിരുന്നുള്ളു. വേഷമൊക്കെ മാറി മുറിയിൽ നിന്നു പുറത്തുവന്ന എന്നെക്കണ്ട് ചങ്ങാതിമാർ പരിഭ്രമിച്ചു പിന്നോട്ടു മാറി. 'തന്റെ തലയ്ക്കു പിന്നിലിതെന്താണ്?' അവർ ഉറക്കെച്ചോദിച്ചു. എന്തോ ഒരു തടസ്സം കാരണം തല തിരിക്കാൻ പറ്റുന്നില്ലെന്ന് ഉണർന്നപ്പോൾ മുതൽ എനിക്കു തോന്നിയിരുന്നു. ഞാൻ പിന്നിലേക്കു കൈയെത്തിച്ചു തപ്പിനോക്കി. പരിഭ്രമം അൽപ്പം കൈവിട്ട ചങ്ങാതിമാർ 'സൂക്ഷിക്കണേ, തനിക്കു മുറിയും!' എന്നു വിളിച്ചുപറയുമ്പോൾ തലയ്ക്കു പിന്നിൽ ഒരു വാൾപ്പിടിയിൽ എന്റെ കൈ തടഞ്ഞു. കൂട്ടുകാർ അടുത്തുവന്ന് എന്നെ പരിശോധിച്ചിട്ട് മുറിയിലെ കണ്ണാടിയ്ക്കു മുന്നിലേക്ക് എന്നെ നടത്തിക്കൊണ്ടുപോയി. അവർ എന്റെ ഷർട്ടൂരിമാറ്റി. പണ്ടുകാലത്തെ പ്രഭുക്കന്മാരുപയോഗിച്ചിരുന്ന, കുരിശ്ശാകൃതിയിൽ പിടിയുള്ള വലിയൊരു വാൾ എന്റെ മുതുകത്ത് പിടിയോളം ആണ്ടിറങ്ങിയിരിക്കുകയാണ്; പക്ഷേ അത്രയ്ക്കവിശ്വസനീയമായ കൃത്യതയോടെയാണ് തൊലിയ്ക്കും മാംസത്തിനുമിടയിലൂടെ വാളിറക്കിയിരിക്കുന്നതെന്നതിനാൽ എനിക്ക് ഒരു പരിക്കും പറ്റിയിട്ടില്ല. വാൾ ഉള്ളിലേക്കു കടന്ന പിടലിയുടെ ഭാഗത്ത് മുറിവുമില്ല. ഒരു വാളിനു കയറാവുന്ന വലിപ്പത്തിൽ ഒരു ദ്വാരമുണ്ടെന്നും പക്ഷേ ചോരയുടെ ഒരു പാടും കാണാനില്ലെന്നും കൂട്ടുകാർ എന്നെ ആശ്വസിപ്പിച്ചു. അവർ പിന്നെ എനിക്കും ചുറ്റും കസേരകളിൽ കയറിനിന്ന് വളരെ സാവധാനം, ഇഞ്ചിഞ്ചായി വാളു വലിച്ചൂരി; ചോര പൊടിഞ്ഞതേയില്ല; പിടലിയിലെ ദ്വാരമാകട്ടെ, അത്ര സൂക്ഷിച്ചു നോക്കിയാൽ മാത്രം കാണാവുന്ന ഒരു വിടവു ബാക്കിയാക്കി മുറികൂടുകയും ചെയ്തു. 'ഇതാ, തന്റെയൊരു വാൾ,' കൂട്ടുകാർ ചിരിച്ചുകൊണ്ട് അതെന്റെ കൈയിൽ തന്നു. ഞാൻ രണ്ടു കൈയും കൊണ്ട് അതെടുത്തുയർത്തി. ഒന്നാന്തരമൊരായുധം; കുരിശുയുദ്ധക്കാർ ഉപയോഗിച്ചിട്ടുണ്ടാവണമത്.
സ്വപ്നങ്ങളിലിങ്ങനെ കറങ്ങിനടക്കാൻ പ്രാചീനരായ ആ പ്രഭുക്കന്മാർക്ക് ആരനുവാദം നൽകി? അവർ നിരുത്തരവാദപരമായി വാളുകളെടുത്തു വീശുകയും ഉറങ്ങിക്കിടക്കുന്ന നിരപരാധികൾക്കു മേൽ അതു കുത്തിയിറക്കുകയുമാണ്; അവർക്കു സാരമായ മുറിവു പറ്റുന്നില്ലെങ്കിൽ അതിനു കാരണം ജീവനുള്ള ദേഹങ്ങളിൽ ആ ആയുധങ്ങൾ ഒന്നുരുമ്മുകയേ ചെയ്തുള്ളു എന്നതു തന്നെയാവണം; പിന്നെ, സഹായിക്കാൻ തയാറായി കതകിൽ മുട്ടാൻ വിശ്വസിക്കാവുന്ന കൂട്ടുകാരുണ്ടായി എന്നതു മറ്റൊരു കാരണവുമായി.
_______________________________________________________________________________________________________
ജൂനിയർ വക്കീൽ- ഈ കഥ നഷ്ടപ്പെട്ടിരിക്കുന്നു.
യോം കിപ്പർ-ജൂതന്മാരുടെ ഏറ്റവും വിശേഷപ്പെട്ട തിരുനാൾ.
ആഗസ്റ്റ് സ്റ്റ്‌റിൻഡ്ബർഗ്(1849-19120-സ്വീഡിഷ് നാടകകൃത്തും നോവലിസ്റ്റും കവിയും.
3 comments:
vayikkaam
രവിചേട്ടാ,
ഒരു സ്വപ്നം ഒത്തിരി ഇഷ്ടായീ..
സ്വപ്നങ്ങളിലിങ്ങനെ കറങ്ങിനടക്കാൻ പ്രാചീനരായ ആ പ്രഭുക്കന്മാർക്ക് ആരനുവാദം നൽകി?
http://tomsnovel.blogspot.com/
addehathinte manassilekkulla cheriya janaala pOle....nice , aasamsakal
Post a Comment