രാത്രിയിലാണെനിക്കു വേല,
എന്നെച്ചൂഴെ നഗരമുണ്ട്,
മുക്കുവരുണ്ട്, കുംഭാരന്മാരുണ്ട്,
ചെമ്പട്ടു ചുറ്റി, കുങ്കുമവും ഫലങ്ങളുമായി
ദഹിപ്പിക്കാനെടുക്കുന്ന ജഡങ്ങളുണ്ട്.
തുടലുകൾ കിലുക്കി,
ചെമ്പിന്റെ കുഴലുകൾ മുഴക്കി,
എന്റെ മട്ടുപ്പാവിന്നടിയിലൂടെ
പ്രേതങ്ങൾ കടന്നുപോകുന്നു.
വിഷപുഷ്പങ്ങളുടെ നിറങ്ങൾക്കിടയിൽ,
ചാരം പൂശിത്തുള്ളുന്നവരുടെ ഒച്ചകൾക്കിടയിൽ,
ഒരേതാളത്തിൽ പെരുകുന്ന ചെണ്ടക്കോലുകൾക്കിടയിൽ,
നാറിക്കത്തുന്ന വിറകിന്റെ പുകയ്ക്കിടയിൽ
മരണപ്പെട്ടവരുടെ ചൂളംവിളി കേൾക്കാം
നേർത്തതാണത്,നിർത്തില്ലാത്തതാണത്,ദീനമാണത്.
ഒരു വളവു കഴിഞ്ഞാൽ,
കലങ്ങിയ പുഴയുടെ തീരത്ത്,
അവരുടെ കൈകാലുകൾ ചുട്ടുപഴുക്കും,
അവരുടെ ഹൃദയങ്ങൾ
തീ പിടിച്ചുരുണ്ടു വീഴും
മിടിപ്പു മുട്ടിയ ഹൃദയങ്ങൾ,
ഇനിയുമേറിയൊരായാസം
ഏറ്റെടുക്കുന്ന ഹൃദയങ്ങൾ.
വിറപൂണ്ട ചാരം പുഴയിൽ വീണൊഴുകും
കരിഞ്ഞ പൂക്കൾ പോലെ,
ഏതോ സഞ്ചാരി തല്ലിക്കെടുത്തിയ തീ പോലെ-
പുഴയുടെ കറുപ്പിന്മേൽ തീ പൂട്ടി
അയാൾ ഭക്ഷിച്ചുവെന്നാകാം
മറഞ്ഞുപോയൊരു പ്രാണനെ,
ഒരന്തിമതർപ്പണത്തെ.
2 comments:
ഒരു വളവു കഴിഞ്ഞാൽ,
കലങ്ങിയ പുഴയുടെ തീരത്ത്,
അവരുടെ കൈകാലുകൾ ചുട്ടുപഴുക്കും,
അവരുടെ ഹൃദയങ്ങൾ
തീ പിടിച്ചുരുണ്ടു വീഴും
The image makes the poem more effective... Keep writing.
Post a Comment