Wednesday, February 3, 2010

കാഫ്കയുടെ ഡയറി-2

kafka1

1910 ഡിസംബർ 15

എന്റെ ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് (അതൊരു കൊല്ലം നീണ്ടുനിന്നിരിക്കുന്നു) ഞാൻ സ്വരൂപിച്ച നിഗമനങ്ങളിൽ എനിക്ക്‌ ഒരു വിശ്വാസവുമില്ല; അതിലും എത്രയോ ഗൗരമമേറിയതാണ്‌ എന്റെ അവസ്ഥ. ഇതൊരു പുതിയ അവസ്ഥയാണെന്നു പറയാമോ എന്നുപോലും എനിക്കറിയില്ല എന്നതാണു വാസ്തവം. എന്റെ യഥാർത്ഥ അഭിപ്രായം പക്ഷേ, ഇതൊരു പുതിയ അവസ്ഥയാണ്‌ എന്നു തന്നെയാണ്‌; സമാനമായവ പണ്ടുണ്ടായിട്ടുണ്ടെങ്കിലും ഇങ്ങനെയൊന്ന് ഇതാദ്യമാണ്‌. എന്നെ സൃഷ്ടിച്ചിരിക്കുന്നത്‌ കല്ലുകൊണ്ടാണെന്നപോലെ, ഞാൻ തന്നെയാണ്‌ എന്റെ സ്മാരകശില എന്നതു പോലെ; സംശയം വിശ്വാസം,സ്നേഹം വെറുപ്പ്‌, ധൈര്യം ഉത്കണ്ഠ-ഒന്നിനുമുള്ള പഴുതില്ല,ഒന്നിനോടു പ്രത്യേകിച്ചായാലും പൊതുവേ ആയാലും. അസ്പഷ്ടമായ ഒരു പ്രതീക്ഷ മാത്രം പുലരുന്നു, അതും ചിതാലേഖങ്ങൾ പോലെ. ഞാനെഴുതുന്ന ഓരോ വാക്കും അടുത്തതിൽ ചെന്നിടിച്ച്‌ അപസ്വരമുണ്ടാക്കുന്നു; വ്യഞ്ജനങ്ങൾ തമ്മിലുരയുന്ന ചതഞ്ഞ ശബ്ദം എന്റെ കാതുകളിൽപ്പെടുന്നു, സ്വരങ്ങൾ നീഗ്രോഗായകരെപ്പോലെ അകമ്പടി പാടുന്നു. ഓരോ വാക്കിനു ചുറ്റും എന്റെ സന്ദേഹങ്ങൾ വട്ടമിട്ടു നിൽക്കുന്നു; വാക്കിനെക്കാൾ മുമ്പേ ഞാൻ കാണുന്നത്‌ അവയെയാണ്‌; പിന്നെയോ! വാക്കിനെ ഞാൻ കാണുന്നുമില്ല, അതിനെ ഞാൻ സൃഷ്ടിച്ചെടുക്കുകയാണ്‌. അതുമല്ല വലിയ ദൗർഭാഗ്യം; ശവങ്ങൾ ചീയുന്ന നാറ്റം എന്റെയും വായനക്കാരുടെയും മുഖത്തേക്ക്‌ നേരേ വന്നടിക്കാതെ മാറ്റിവിടാൻ ശക്തമായ വാക്കുകളെ കണ്ടെത്താൻ എനിക്കു കഴിയേണ്ടിയിരിക്കുന്നു. എഴുത്തുമേശയ്ക്കു മുന്നിൽ ചെന്നിരിക്കുന്ന എന്റെ അവസ്ഥ ഇരുകാലുകളുമൊടിഞ്ഞ്‌ ട്രാഫിക്കിനിടയിൽ കിടക്കുന്ന ഒരാളുടേതു പോലെയാണ്‌. വണ്ടികൾ അവയുടെ ഒച്ചപ്പാടിരിക്കെത്തന്നെ നാലു ദിക്കിലും നിന്നുവന്ന് നാലു ദിക്കിലേക്കും നിശബ്ദമായി വന്നു തിരക്കുന്നു; പക്ഷേ അവിടെ ക്രമം സ്ഥാപിക്കാൻ പൊലീസിനെക്കാൾ കഴിയുന്നത്‌ ആ മനുഷ്യന്റെ വേദനയ്ക്കാണ്‌; അത്‌ അയാളുടെ കണ്ണുകളെ അടയ്ക്കുകയും വണ്ടികൾ വളയ്ച്ചെടുത്തു തിരിയ്ക്കേണ്ട ആവശ്യമില്ലാത്ത മാതിരി അവയെ മാറ്റി തെരുവ്‌ ഒഴിച്ചെടുക്കുകയും ചെയ്യുന്നു. ആ വലിയ കോലാഹലം അയാൾക്കു വേദനയുണ്ടാക്കുന്നതാണ്‌ ,കാരണം അയാൾ ശരിക്കും ഒരു ഗതാഗതതടസ്സമാണല്ലോ; അതേസമയം ഈ സമയത്തെ ശൂന്യത വിഷാദപൂർണ്ണവുമാണ്‌,കാരണം അതയാളുടെ യഥാർത്ഥവേദനയെ അഴിച്ചുവിടുകയാണ്‌.

ഡിസംബർ 16

ഞാനിനി ഡയറി ഉപേക്ഷിക്കില്ല. ഇതിലെ പിടി വിടരുത്‌, കാരണം എനിക്കു ഞാനാകാൻ ഈയൊരിടമേയുള്ളു.

ഇപ്പോഴെന്നപോലെ ഇടയ്ക്കിടെ എന്നിലുണ്ടാകുന്ന ഉന്മേഷത്തെ വിശദീകരിക്കാൻ എനിക്കു സന്തോഷമേയുള്ളു. നുരഞ്ഞുപൊന്തുന്ന എന്തോ ഒന്ന് മൃദുലവും പ്രീതിദവുമായ ഒരു വിറ കൊണ്ടെന്നെ നിറയ്ക്കുകയാണ്‌; ഏതു നിമിഷവും, ഇപ്പോൾപ്പോലും, എനിക്കില്ലെന്ന് അത്ര തീർച്ചയോടെ ഞാൻ സ്വയം ബോധ്യപ്പെടുത്തുന്ന ഗുണങ്ങൾ എനിക്കുണ്ടെന്നു വിശ്വസിക്കാൻ അതെനിക്കു പ്രേരണയാവുകയുമാണ്‌.

ഡബ്ല്യു.ഫ്രെഡിന്റെ ഡൈ സ്റ്റ്‌റാസ്സെ ഡർ വെർലാസേൻഹൈറ്റ്‌. ഈതരം പുസ്തകങ്ങൾ എഴുതപ്പെടുന്നതെങ്ങനെ? തരക്കേടില്ലെന്നു പറയാവുന്ന ചിലതൊക്കെ ചെറിയ തോതിൽ നിർമ്മിച്ചുവിടുന്ന ഒരു മനുഷ്യൻ ഇവിടെ തന്റെ കഴിവിനെ ഒരു നോവലിന്റെ വലിപ്പത്തിലേക്ക്‌ ഊതിവീർപ്പിക്കുകയാണ്‌; അതിന്റെ ദയനീയത കാണുമ്പോൾ നിങ്ങൾക്കു മനംപുരട്ടൽ തോന്നുന്നു; സ്വന്തം വാസനയെ ദുരുപയോഗപ്പെടുത്തുന്നതിന്‌ അയാൾ ചെലവഴിക്കുന്ന ഊർജ്ജത്തെ പ്രശംസിക്കാൻ നിങ്ങൾ മറക്കുന്നുമില്ല.

നോവലുകളിലും നാടകങ്ങളിലും കാണുന്ന അപ്രധാനകഥാപാത്രങ്ങളുടെ പിന്നാലെയുള്ള എന്റെയീ പോക്ക്‌. ആ സമയത്ത്‌ എനിക്കവരോടു തോന്നുന്ന മമത! ജങ്ങ്ഫെം വോം ബിഷോഫ്സ്ബെർഗിൽ(പേരതു തന്നെയോ?)നാടകത്തിലെ വധുവിന്റെ വേഷം തയാറാക്കുന്ന രണ്ടു തുന്നൽക്കാരികളെക്കുറിച്ചു സൂചിപ്പിക്കുന്നുണ്ട്‌. ആ പെൺകുട്ടികൾക്ക്‌ പിന്നെന്തു പറ്റുന്നു? എവിടെയാണവർ താമസിക്കുന്നത്‌? അവർ നാടകത്തിന്റെ ഭാഗമാകരുതെന്നു വയ്ക്കാൻ വേണ്ടി അവർ എന്തു ചെയ്തു? പുറത്ത്‌, നോഹയുടെ പെട്ടകത്തിനു മുന്നിൽ , കോരിച്ചൊരിയുന്ന മഴയിൽ അവർ മുങ്ങിത്താഴുകയാണ്‌; പെട്ടകത്തിന്റെ ഒരറയുടെ ജനാലയിൽ അവസാനമായി അവർ ഒന്നു കവിളമർത്തുമ്പോൾ അകത്തിരിക്കുന്നവർക്ക്‌ തെളിച്ചം കുറഞ്ഞ എന്തോ ഒന്ന് കണ്ണിൽപ്പെട്ടപോലെ തോന്നുകയും ചെയ്യുന്നു.

ഡിസംബർ 22

സ്വയം കുറ്റപ്പെടുത്താനുള്ള ധൈര്യം പോലും ഇന്നു തോന്നുന്നില്ല. ശൂന്യമായ ഈ ദിവസത്തിലേക്കൊന്നു കൂക്കിയാൽ അറയ്ക്കുന്ന മാറ്റൊലിയേ തിരിച്ചെത്തു.

ഡിസംബർ 26

രണ്ടര ദിവസം, പൂർണ്ണമായിട്ടല്ലെങ്കിലും, ഞാൻ ഒറ്റയ്ക്കായിരുന്നു; മറ്റൊരാളായെന്നു പറയാറായിട്ടില്ലെങ്കിലും ഞാൻ ആ വഴിക്കു കാലെടുത്തു വച്ചിരിക്കുന്നു. ഒറ്റയ്ക്കാവുക എന്നത്‌ എന്റെ മേൽ ചെലുത്തുന്ന പ്രഭാവം അടങ്ങാത്തതാണ്‌. എന്റെ അകം അലിഞ്ഞുപോവുകയും(തൽക്കാലത്തേക്കത്‌ പുറമേ തോന്നുന്നതാണെങ്കിൽക്കൂടി) ഉള്ളിൽക്കിടക്കുന്നതിനെ സ്വതന്ത്രമാക്കാൻ ഒരുങ്ങുകയും ചെയ്യുന്നു. എന്റെ ആന്തരജിവിതത്തിൽ എന്തോ ചില ചെറിയ അടുക്കും ചിട്ടയും വന്നുചേരുന്നു; എനിക്കതേ വേണ്ടു, കാരണം കഴിവു കുറഞ്ഞവർ ഏറ്റവും പേടിക്കേണ്ടത്‌ ചിട്ടയില്ലായ്മയെയാണ്‌.

ഡിസംബർ 27

ഇനിയൊരു വരിയെഴുതാനുള്ള ശക്തി ബാക്കിയില്ല. അതെ, വാക്കുകളായിരുന്നു വിഷയമെങ്കിൽ; ഒരു വാക്കെഴുതി വച്ചാൽ മതി, ആ വാക്കിൽ തന്നെത്തന്നെ പൂർണ്ണമായും നിവേശിപ്പിച്ചിട്ടുണ്ടെന്ന ബോധ്യത്തോടെ തിരിഞ്ഞുനടക്കാം എന്നായിരുന്നുവെങ്കിൽ.

1 comment:

റ്റോംസ് കോനുമഠം said...

രവിചേട്ടാ,
ഡയറി രസകരം
മറ്റൊരു വാക്യമെഴുതാനുള്ള ശക്തി ബാക്കിയില്ല.
www.tomskonumadam.blogspot.com