Tuesday, February 9, 2010

നിസ്സാർ ഖബ്ബാനി-പ്രണയഗീതങ്ങൾ


image

1. വേനൽക്കാലത്ത്‌

വേനൽക്കാലത്തു കടൽക്കരയിൽ
നിന്നെയോർത്തു കിടക്കുമ്പോൾ
നീയെനിക്കെന്താണെന്ന്
കടലിനോടൊന്നു പറഞ്ഞാലോ?
കടലതിന്റെ കര വിട്ട്‌,
ചിപ്പിയും മീനും വിട്ട്‌
എന്റെ പിന്നാലെ പോന്നേനെ.

2. ഭാഷ

പ്രേമിക്കാൻ പോകുന്നൊരാൾക്ക്‌
പഴയ വാക്കുകൾ കൊണ്ടെന്തുപയോഗം?
പെണ്ണുങ്ങൾ കിടക്കേണ്ടത്‌
വ്യാകരണക്കാർക്കൊപ്പമോ?
ഞാനോ,
എന്റെ കാമുകിയോടു ഞാൻ
യാതൊന്നും മിണ്ടിയില്ല,
പ്രേമത്തിന്റെ വിശേഷണങ്ങളെല്ലാം
തൂത്തുകൂട്ടി പെട്ടിയിലാക്കി
ഭാഷയിൽ നിന്നേ ഞാൻ ഒളിച്ചുപോയി.

3. ഞാൻ സ്നേഹിക്കുന്നവൾ ചോദിക്കുകയാണ്‌

ഞാൻ സ്നേഹിക്കുന്നവൾ ചോദിക്കുകയാണ്‌,
താനും മാനവും തമ്മിൽ എന്തുണ്ടു വ്യത്യാസം?
വ്യത്യാസമുണ്ടല്ലോയെന്റെ പെണ്ണേ.
നിന്റെ ചിരി കാണുമ്പോൾ
മാനത്തിന്റെ കാര്യം ഞാൻ മറന്നേ പോകുന്നു.

4. നിന്റെ പേരുച്ചരിക്കുവാൻ

നിന്റെ പേരുച്ചരിക്കുവാൻ
കുട്ടികളെ പഠിപ്പിച്ചു ഞാൻ,
മൾബറിച്ചെടികളായി
അവരുടെ ചുണ്ടുകൾ.
നിന്റെ മുടി കോതുവാൻ
കാറ്റിനോടു പറഞ്ഞു ഞാൻ,
കാറ്റു മാറിപ്പോയി പക്ഷേ.
ഇത്ര നീണ്ട മുടി കോതാൻ
തനിക്കു നേരമില്ലത്രെ.

5. സ്നേഹിക്കുന്ന പെണ്ണിന്റെ പേര്‌

സ്നേഹിക്കുന്ന പെണ്ണിന്റെ പേര്‌
കാറ്റിന്മേലെഴുതി ഞാൻ,
ആറ്റിന്മേലെഴുതി ഞാൻ;
കാറ്റു ചെകിടനെന്നറിഞ്ഞില്ല ഞാൻ,
ആറ്റിനോർമ്മ കഷ്ടിയെന്നും .

6. നിന്റെ വസ്ത്രമുരിഞ്ഞുവയ്ക്കൂ

നിന്റെ വസ്ത്രമുരിഞ്ഞുവയ്ക്കൂ!

ഭൂമുഖത്തിലുണ്ടായിട്ടില്ല
യുഗങ്ങളായിട്ടൊരത്ഭുതം.
ഊമയാണീയുള്ളവന്‍,
നിന്റെയുടലിനറിയാം പക്ഷേ,
ഉള്ള ഭാഷകളൊക്കെയും.

7. സംവാദം

കടകമാണു,മോതിരമാണ്‌
എന്റെ പ്രണയമെന്നു പറയരുതാരും.
എന്റെ പ്രണയമൊരുപരോധം,
ധാർഷ്ട്യത്തോടെ,യൂറ്റത്തോടെ
മരണത്തിലേക്കുള്ള കടൽപ്രയാണം.
തെളുതെളെ ചന്ദ്രനാണ്‌
എന്റെ പ്രണയമെന്നു പറയരുതാരും.
അതു വെടിയ്ക്കുന്ന തീപ്പൊരി.

8. നീണ്ട വേർപാടിന്നൊടുവിൽ

നീണ്ട വേർപാടിന്നൊടുവിൽപ്പിന്നെ
നിന്നെ ചുംബിക്കുമ്പോഴൊക്കെയും
ഞാനോർക്കുന്നതിങ്ങനെ:
തിരക്കിട്ടെഴുതിയ പ്രണയലേഖനം
ചുവപ്പുനിറമുള്ള തപാൽപ്പെട്ടിയിൽ
നിക്ഷേപിക്കുകയാണു ഞാൻ.

 

നിസ്സാര്‍ തൌഫിക് ഖബ്ബാനി (1923-1998) -സിറിയന്‍ കവി .

നിസ്സാര്‍ ഖബ്ബാനി- വിക്കിപീഡിയ ലിങ്ക്

2 comments:

v m rajamohan said...

khabbaniye malayalam wikiyil cherkkanam

Mammootty Kattayad said...

thanks. your are an all-rounder translator, bu me - limits only in Arabic poems, you can see some of good translations of Arabic poems. visit podikkatdotblogspotdotcom.