പ്രാവുകൾ പുഷ്കിനെ സന്ദർശിക്കുന്നു
അദ്ദേഹത്തിന്റെ വിഷാദത്തിൽ കൊത്തിപ്പെറുക്കുന്നു
നരച്ച വെങ്കലപ്രതിമ
വെങ്കലത്തിന്റെ ക്ഷമയെല്ലാമെടുത്ത്
പ്രാവുകളോടു സംസാരിക്കുന്നു.
പുത്തൻകൂറ്റുകാരായ പ്രാവുകൾക്ക്
അദ്ദേഹം പറയുന്നതു മനസ്സിലാവുന്നില്ല
പക്ഷികളുടെ ഭാഷ
മാറിപ്പോയിരിക്കുന്നു.
അവർ പുഷ്കിന്റെ മേൽ കാഷ്ഠിച്ചിട്ട്
മയക്കോവ്സ്കിയിലേക്കു പറക്കുന്നു.
അദ്ദേഹത്തിന്റെ പ്രതിമ കാരീയം വാർത്തപോലെ.
വെടിയുണ്ടകൾ കൊണ്ടാണെന്നു തോന്നുന്നു
അദ്ദേഹത്തെ തീർത്തത്.
അവർ കൊത്തിവച്ചത്
അദ്ദേഹത്തിന്റെ ആർദ്രതയല്ല-
വശീകരിക്കുന്ന ധാർഷ്ട്യം മാത്രം.
ആർദ്രതകളുടെ സംഹാരകനായിരുന്നു
അദ്ദേഹമെങ്കിൽ
വയലറ്റുകൾക്കിടയിൽ
നിലാവത്ത്
പ്രണയത്തോടെ ജീവിക്കാൻ
അദ്ദേഹത്തിനാവുമോ?
പ്രതിമകളിൽ എന്തൊക്കെയോ നഷ്ടമാവുന്നുണ്ട്,
പണിത കാലത്തു തറഞ്ഞുനിൽക്കുകയാണവ.
വായു പിളർക്കുന്ന പടക്കത്തികൾ ഒന്നുകിലവർ,
ഉദ്യാനത്തിൽ സുഖം പറ്റിയിരിക്കുന്ന സഞ്ചാരികൾ അതുമല്ലെങ്കിൽ.
കുതിരപ്പുറത്തിരുന്നു മടുത്ത മറ്റു ചിലർക്കോ
ഒന്നു താഴെയിറങ്ങിവന്നു ഭക്ഷണം കഴിക്കാനും പറ്റുന്നില്ല.
പ്രതിമകൾ ശരിക്കു പറഞ്ഞാൽ
മനസ്സു വേദനിക്കുന്ന വസ്തുക്കളാണ്;
അവരുടെ മേൽ അടിഞ്ഞുകൂടുകയല്ലേ കാലം,
അതവരെ ക്ലാവു പിടിപ്പിക്കുകയല്ലേ?
പൂക്കൾ പോലും അവരുടെ തണുത്ത പാദങ്ങളെ
മൂടിക്കളയുകയാണ്.
പൂക്കൾ ചുംബനങ്ങളല്ല.
അവരും മരിക്കാൻ വേണ്ടി വന്നതാണവിടെ.
പകൽനേരത്ത് വെളുത്ത പക്ഷികൾ
രാത്രിയിൽ കവികൾ
ചെരുപ്പുകളുടെ പെരുംവൃത്തം
വലയം ചെയ്യുന്നു
ഇരുമ്പിന്റെ മയക്കോവിസ്കിയെ,
ഘോരമായ വെങ്കലക്കുപ്പായത്തെ,
ചിരിക്കാത്ത ഇരുമ്പുവായയെ
ഒരിക്കൽ, നേരം കടന്ന നേരത്ത്
പാതിമയക്കത്തിൽ
അകലെ നഗരത്തിൽ, പുഴയോരത്ത്
ശീലുകളുയരുന്നതു ഞാൻ കേട്ടു,
ചൊൽക്കാഴ്ചക്കാരുടെ സങ്കീർത്തനങ്ങൾ
ഒന്നിനു പിന്നിലൊന്നായി.
മയക്കോവ്സ്കി അതു കേട്ടുവോ?
പ്രതിമകൾക്ക് കാതുകേൾക്കുമോ?
mayakovsky monument in moscow-image from wikimedia commons
1 comment:
ജൈവമായി നിലനിർത്തേണ്ടതൊക്കെ
അങ്ങിനെ നിലനിർത്താൻ പറ്റാതെവരുമ്പോൾ
അവയെ നാം പ്രതിമകളാക്കും.
കാക്കകൾക്ക്
കാഷ്ഠിയ്ക്കാൻ വിട്ടുകൊടുക്കും.
(പരിഭാഷയെ
നിർത്താതെ
പിന്തുടരുന്നുണ്ട്.)
Post a Comment