1922 ജനുവരി 19
തിന്മ എന്നൊന്നില്ല; വാതിൽ കടന്നുകഴിഞ്ഞാൽപ്പിന്നെ എല്ലാം നല്ലതത്രെ. പരലോകത്തെത്തിയാൽ പിന്നെ വായ തുറക്കരുത്.
ജനുവരി 20
മരണത്തിന്റെ തപിക്കുന്ന മുഹൂർത്തത്തിൽ ശരിതെറ്റുകളെക്കുറിച്ച് നിങ്ങൾക്കു ചിന്തിക്കാനാവാത്ത പോലെയാണ്, ജീവിതത്തിന്റെ തപിക്കുന്ന മുഹൂർത്തത്തിലും നിങ്ങൾക്കതിനു കഴിയാത്തത്. അമ്പുകൾ അവയുണ്ടാക്കുന്ന മുറിവുകളിൽ കൃത്യമായി കൊണ്ടിരിക്കണമെന്നേയുള്ളു.
ജനുവരി 21
എന്റെ അറിവിൽ പെട്ടിടത്തോളം ഇത്ര ദുഷ്കരമായ ഒരുദ്യമം മറ്റൊരാൾക്കും നൽകിയിട്ടില്ല. അതൊരുദ്യമമേ അല്ലെന്ന് നിങ്ങൾക്കു പറയാം, അസാധ്യമായതു പോലുമല്ല, അസാധ്യതയുമല്ല, ഒന്നുമല്ലത്, കുട്ടിയുണ്ടാകാനുള്ള വന്ധ്യയുടെ മോഹത്തോളം പോലുമില്ല. എന്നാൽക്കൂടി ഞാൻ ശ്വസിക്കുന്ന വായുവാണത്, എനിക്കു ശ്വാസമുള്ളിടത്തോളം കാലം.
പൂർവ്വികരില്ല,വിവാഹമില്ല,അനന്തരാവകാശികളില്ല; അടങ്ങാത്ത ദാഹമുണ്ടെന്നാൽ പൂർവ്വികർക്കായി,വിവാഹത്തിനായി,അനന്തരാവകാശികൾക്കായി.അവർ എനിക്കു നേരെ കൈ നീട്ടുകയാണ്: പുർവ്വികർ,വിവാഹം,അനന്തരാവകാശികൾ; പക്ഷേ എനിക്കെത്തിപ്പിടിക്കാൻ പറ്റാത്ത അകലത്തിലാണവർ.
കൃത്രിമവും നികൃഷ്ടവുമായ ഒരു പകരംവയ്ക്കൽ സകലതിനുമുണ്ട്, പുർവ്വികർക്കും വിവാഹത്തിനും അനന്തരാവകാശികൾകും. പനിക്കോളു പിടിച്ച വ്യഗ്രതയോടെ നിങ്ങൾ ഈ പകരംവയ്ക്കലുകൾ തട്ടിക്കൂട്ടുന്നു; പനി നിങ്ങളെ നശിപ്പിച്ചിട്ടില്ലെങ്കിൽ, ആ പണിയ്ക്ക് അവ മതിയാവും.
ജനുവരി 24
വിവാഹം കഴിച്ചവർ എന്തു സന്തുഷ്ടരാണ് ഓഫീസിൽ, ചെറുപ്പക്കാരായാലും പ്രായമായവരായാലും. എനിക്കെത്തിപ്പിടിക്കാവുന്നതിനപ്പുറത്താണത്; ഇനിയഥവാ കൈയിൽ കിട്ടിയാലും എനിക്കതസഹ്യമായി തോന്നിയെന്നും വരാം; എങ്കിൽക്കൂടി എന്റെ ആഗ്രഹത്തെ തൃപ്തിപ്പെടുത്താൻ ഞാൻ ഉപയോഗപ്പെടുത്തിയേക്കാവുന്നത് അതൊന്നു മാത്രമാണ്.
ജനനത്തിനു മുന്നിലെ മടിച്ചുനിൽക്കൽ. ആത്മാക്കളുടെ കൂടുമാറ്റം എന്നൊന്നുണ്ടെങ്കിൽ ആദ്യത്തെ പടി പോലും എത്തിയിട്ടില്ല ഞാൻ. ജനനത്തിനു മുന്നിലെ മടിച്ചുനിൽക്കലാണ് എന്റെ ജീവിതം.
സ്ഥൈര്യം. പ്രത്യേകിച്ചൊരു വഴിയിലൂടെയുള്ള വികാസമല്ല എനിക്കാവശ്യം, ലോകത്ത് എന്റെ സ്ഥാനം മറ്റൊന്നായി മാറണം. മറ്റൊരു ഗ്രഹത്തിലേക്കു പോകാനാണ് എനിക്കാഗ്രഹം എന്നാണ് അതിന്റെ ശരിക്കുള്ള അർത്ഥം. എനിക്കെന്നോടൊപ്പം മറ്റൊരാളായി നിന്നാൽ മതി, ഇനിയഥവാ, ഞാൻ നിൽക്കുന്ന സ്ഥാനം മറ്റൊരു സ്ഥാനമായി കാണാൻ എനിക്കു കഴിഞ്ഞാലും മതി.
വിഷാദം, കാരണംഇല്ലാതെയുമല്ല. എന്റെ വിഷാദം ആ കാരണത്തെ ആശ്രയിച്ചിരിക്കുന്നു. ആദ്യം എത്ര എളുപ്പമായിരുന്നു, ഇന്ന് അതെത്ര ദുഷ്കരം! എത്ര നിസ്സഹായതയോടെയാണ് ആ ദുഷ്‌പ്രഭു എന്നെ നോക്കുന്നത്:'ഇങ്ങോട്ടാണോ നീയെന്നെ കൊണ്ടുപോകുന്നത്!' ഇതൊക്കെയായിട്ടും സമാധാനമില്ല. രാവിലത്തെ പ്രതീക്ഷകൾ വൈകുന്നേരത്ത് കുഴിയിലടങ്ങുന്നു. ഇങ്ങനെയൊരു ജീവിതവുമായി സൗഹാർദ്ദപരമായ ഒരു പൊരുത്തപ്പെടൽ അസാദ്ധ്യമാണ്; അങ്ങനെയൊന്നു സാധിച്ചവരായി ആരും ഉണ്ടാവാനും പോകുന്നില്ല. ഈ അതിർത്തിയിലെത്തുമ്പോൾ-അതിനടുത്തെത്തുക എന്നതു തന്നെ ദാരുണമാണ്-മറ്റുള്ളവർ തിരിഞ്ഞു നടക്കുന്നു; എനിക്കതിനു പറ്റുന്നില്ല. ഞാൻ സ്വമനസ്സാലെ വന്നതല്ല, കുട്ടിയായിരിക്കുമ്പോൾ ആരോയെന്നെ ഇവിടെയ്ക്കു തള്ളിവിടുകയായിരുന്നുവെന്നും അതിൽപ്പിന്നെ ഞാനിവിടെ ചങ്ങലയിൽ കിടക്കുകയാണെന്നും പോലും എനിക്കു തോന്നുന്നു.എന്റെ ദൗർഭാഗ്യത്തെക്കുറിച്ച് എനിക്കു ബോധമുണ്ടായി വന്നപ്പോഴേക്കും അതു പൂർണ്ൺമായിക്കഴിഞ്ഞിരുന്നു. അതു കാണാൻ ദീർഘദർശിത്വം വേണ്ട, ഒന്നു കടന്നുകാണുന്ന കണ്ണു മതിയായിരുന്നു.
നീ എന്നെ ഒഴിവാക്കുകയായിരുന്നു എന്നു പറഞ്ഞാൽ അതൊരനീതിയായേക്കും; ഞാൻ ഒഴിവാകുകയായിരുന്നു, അതാണു സത്യം, ഭീകരവുമാണത്.
ഫെബ്രുവരി 3
ഉറങ്ങാൻ കഴിയുന്നതേയില്ല. സ്വപ്നങ്ങൾ വന്നു വേട്ടയാടുകയാണ്. എന്റെ മേൽ, കടുപ്പമുള്ള ഏതോ വസ്തുവിന്മേൽ അവ കോറിയിടുകയാണെന്നു തോന്നുന്നു.
ഫെബ്രുവരി 18
എല്ലാം ഒന്നേയെന്നു തുടങ്ങേണ്ടിവരുന്ന ഒരു നാടകസംവിധായകൻ; അയാൾക്കു തന്റെ അഭിനേതാക്കളെയും ജനിപ്പിക്കേണ്ടിയിരിക്കുന്നു. ഒരു സന്ദർശകന് സംവിധായകനെ കാണാൻ അനുമതി കിട്ടുന്നില്ല; അദ്ദേഹം നാടകവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ടൊരു ജോലിയിലാണ്. എന്താണത്? അദ്ദേഹം ഒരു ഭാവിനടന്റെ ഡയപ്പർ മാറ്റുകയാണ്.
മാർച്ച് 9
എവിടെയോ സഹായം എന്നെ കാത്തുകിടപ്പുണ്ട്, അവിടെയ്ക്കടിച്ചോടിയ്ക്കുകയാണെന്നെ.
മാർച്ച് 20
അത്താഴസമയത്ത് സംഭാഷണം കൊലപാതകികളെയും വധശിക്ഷകളെയും കുറിച്ച്. പ്രശാന്തമായി ശ്വാസമെടുക്കുന്ന നെഞ്ചിന് ഭീതിയറിയില്ല. ആസൂത്രണം ചെയ്ത കൊലപാതകവും നടപ്പിലാക്കിയ കൊലപാതകവും തമ്മിൽ എന്തു വ്യത്യാസമുണ്ടെന്നും അറിയില്ല.
ഏപ്രിൽ 4
എന്റെയുള്ളിലെ ആധിയിൽ നിന്ന് മുറ്റത്തു കാണുന്ന ഒരു രംഗത്തിലേക്കുള്ള വഴി എത്ര ദിർഘം-തിരിച്ചുള്ള വഴി എത്ര ഹ്രസ്വം. സ്വന്തം വീട്ടിലെത്തിച്ചേർന്ന സ്ഥിതിയ്ക്ക് അതിനി വിട്ടുപോരലുമില്ല.
ഏപ്രിൽ 11
നിത്യയൗവനം അസാധ്യമാണ്. മറ്റൊരു തടസ്സവുമില്ലെങ്കിൽ ആത്മപരിശോധന കൊണ്ടുതന്നെ അതാസാധ്യമായിക്കോളും.
മേയ് 8
ഉണങ്ങാത്ത ഒരു വ്രണം മുറികൂടിയേക്കാമെന്നപോലെ ഒരു കൃതി അവസാനിക്കുന്നു.
മറ്റേയാൾ നിശ്ശബ്ദനെങ്കിൽ നിങ്ങളതിനെ ഒരു സംഭാഷണമെന്നു വിളിക്കുമോ? ഒരു സംഭാഷണം നടക്കുന്നുവേന്ന പ്രതീതി വരുത്താൻ വേണ്ടി നിങ്ങൾ അയാളുടെ ഭാഗവും എടുത്തുനോക്കുകയാണ്,അങ്ങനെ അയാളെ അനുകരിക്കുകയാണ്, അയാളെ വികൃതമായി അനുകരിക്കുകയാണ്, സ്വയം വികൃതമായി അനുകരിക്കുകയാണ്.
sketch by Kafka
1 comment:
രവിചേട്ടാ,
ഡയറി -9 വായിച്ചു.
Post a Comment