1915 ഒക്റ്റോബർ 6
പലതരം ഉത്കണ്ഠകൾ.ഞാനിപ്പോൾ യാതൊന്നും എഴുതുന്നില്ലെന്നതു ശരിയാണെങ്കിൽക്കൂടി ഒച്ചകൾക്ക് ഇനിയെന്നെ ശല്യപ്പെടുത്താനാവില്ലെന്നു തോന്നുന്നു. താൻ കുഴിക്കുന്ന കുഴിയുടെ ആഴം കൂടുംതോറും ചുറ്റും ശാന്തത കൂടിവരുന്നു; പേടി കുറഞ്ഞുവരുംതോറും ചുറ്റും ശാന്തവുമാവുന്നു.
1916 ഏപ്രിൽ 20
ഒരു സ്വപ്നം:
രണ്ടു സംഘം ആളുകൾ തമ്മിൽപ്പൊരുതുകയാണ്. ഞാനുൾപ്പെട്ട സംഘം എതിർപക്ഷത്തു നിന്നൊരാളെ പിടിച്ചുവച്ചിരുന്നു: ഉടുതുണിയില്ലാത്ത, കൂറ്റനൊരു മനുഷ്യൻ. ഞങ്ങൾ അഞ്ചുപേർ അയാളെ പൊത്തിപ്പിടിച്ചു നിൽക്കുകയാണ്, ഒരാൾ തലയ്ക്കും ഈരണ്ടുപേർ ഇരുവശത്ത് കൈകാലുകളിലുമായി. അയാളെ കുത്തിക്കൊല്ലാൻ ഭാഗ്യക്കേടിന് ഞങ്ങളുടെ കൈയിൽ കത്തിയില്ലാതെപോയി. ഞങ്ങൾ ധൃതിയിൽ പരസ്പരം കത്തിയുണ്ടോയെന്നു ചോദിക്കുകയാണ്; ആരുടെ കൈയിലുമില്ല പക്ഷേ. എന്തു കാരണം കൊണ്ടെന്നറിയില്ല, ഞങ്ങൾക്കു സമയം കളയാനുമില്ല. അടുത്തുതന്നെ ഒരു ബോർമ്മ കണ്ടു; അതിന്റെ ഇരുമ്പുമൂടി ചുട്ടുപഴുത്തിരിക്കുകയാണ്. ഞങ്ങൾ ആ മനുഷ്യനെ അങ്ങോട്ടു വലിച്ചിഴച്ചു കൊണ്ടുപോയി അയാളുടെ ഒരു കാലടി അതിനടുത്തു വച്ചു. കാലു പുകഞ്ഞു തുടങ്ങിയപ്പോൾ വലിച്ചെടുത്ത് പുകയടങ്ങിയപ്പോൾ വീണ്ടും വച്ചു. ഇതിങ്ങനെ ആവർത്തിക്കെ ഞാൻ ഞെട്ടിയുണർന്നു; വിയർത്തൊഴുകുകയായിരുന്നു ഞാൻ, പല്ലുകൾ കൂട്ടിയിടിക്കുകയും.
ജൂൺ 19
എല്ലാം മറക്കുക. ജനാലകൾ തുറന്നിടുക. മുറി ഒഴിച്ചിടുക. കാറ്റതിൽക്കൂടി വീശിക്കടക്കുന്നുണ്ട്. നിങൾ അതിനുള്ളിലെ ശൂന്യതയേ കാണുന്നുള്ളു. സകലമൂലയും തിരഞ്ഞിട്ടും നിങ്ങൾക്കു നിങ്ങളെ കണ്ടെത്താനാവുന്നില്ല.
ജൂലൈ 5
ഒരുമിച്ചുള്ള ജീവിതത്തിന്റെ ദുരിതങ്ങൾ. അതിനു നമ്മെ നിർബ്ബന്ധിക്കുകയാണ് അപരിചിതത്വം,സഹതാപം,ആസക്തി,ഭീരുത്വം,ദുരഭിമാനം; ആഴത്തിനുമാഴത്തിൽ, കണ്ടെടുക്കാനസാധ്യമായ, സ്നേഹമെന്ന പേരിനർഹമായ നേർത്തൊരു ചാൽ ഒരു നിമിഷാർദ്ധനേരത്തേക്ക് കണ്ണിൽപ്പെട്ടെന്നാലുമായി.
പാവം എഫ്.
ജൂലൈ 6
സന്തോഷമില്ലാത്ത രാത്രി. എഫിനോടൊപ്പം ജീവിക്കുക അസാദ്ധ്യം. ഇനി ആരോടൊത്തായാലും അസഹ്യവുമാണത്. അതിലെനിക്കു ഖേദമില്ല; ഒറ്റയ്ക്കു ജീവിക്കാൻ എനിക്കു കഴിയുന്നില്ലല്ലോ എന്നതിലാണ് എനിക്കു ഖേദം. പക്ഷേ എന്തസംബന്ധമാണിത്: ഖേദിക്കുക, വഴങ്ങുക, എന്നിട്ടു പിന്നെ ബോധ്യം വരിക. നിലത്തു നിന്നെഴുന്നേൽക്കൂ. പുസ്തകം മുറുകെപ്പിടിയ്ക്കൂ. അപ്പോൾപ്പിന്നെ മറ്റുള്ളതൊക്കെ മടങ്ങി വരികയായി: ഉറക്കമില്ലായ്മ,തലവേദനകൾ; ഉയരത്തിലുള്ള ഈ ജനാല വഴി പുറത്തേക്കു ചാടുക; പക്ഷേ മഴ നനഞ്ഞു കുതിർന്ന നിലത്തേക്കുള്ള വീഴ്ചയിൽ മരിക്കാനും പോകുന്നില്ല. കണ്ണുമടച്ച് കിടന്നുരുളുക, തെന്നിയെത്തുന്ന ഒരു നോട്ടത്തിനു വിധേയനാവുക.
ജൂലൈ 13
നിങ്ങൾ നിങ്ങളെ തുറന്നിടൂ. നിങ്ങളിലെ മനുഷ്യജീവി പുറത്തേക്കു പോരട്ടെ.
ജൂലൈ 20
അടുത്തൊരു ചിമ്മിനിയ്ക്കുള്ളിൽ നിന്ന് ചെറിയൊരു കിളി പുറത്തുവന്ന് അതിന്റെ അരികത്തിരുന്നു. എന്നിട്ടുപിന്നെ ചുറ്റുമൊന്നു നോക്കിയിട്ട് മാനത്തേക്കുയർന്ന് പറന്നുപോയി. ചിമ്മിനിക്കുള്ളിൽ നിന്നു പറന്നുവരണമെങ്കിൽ അതൊരു സാധാരണ കിളിയല്ല. ഒന്നാംനിലയുടെ ഒരു ജനാലയ്ക്കൽ നിന്ന പെൺകുട്ടി ആകാശത്തേക്കു നോക്കി കിളി പറക്കുന്നതു കണ്ട് ഇങ്ങനെ വിളിച്ചുപറഞ്ഞു:'അതാ പോകുന്നു, പെട്ടെന്നോടിവാ, അതാ പോകുന്നു!' ഉടനേ രണ്ടു കൊച്ചുകുട്ടികൾ കിളിയെ കാണാനായി അവളുടെ സമീപത്തു വന്ന് തിക്കിത്തിരക്കുകയും ചെയ്തു.
എന്നോടു കരുണ വേണമേ. ആത്മാവിന്റെ ഓരോ മുക്കും മൂലയും പാപം കൊണ്ടു നിറഞ്ഞവനാണു ഞാൻ. എന്റെ കഴിവുകൾ പക്ഷേ, അത്രയ്ക്കങ്ങു തള്ളിക്കളയാനുള്ളവയുമായിരുന്നില്ല. വലുതല്ലാത്ത ചില കഴിവുകൾ എനിക്കുണ്ടായിരുന്നു,വഴി കാട്ടാൻ ആരുമില്ലാതിരുന്ന ഞാൻ അവ കൊണ്ടുപോയി തുലച്ചു; ഒടുവിൽ എല്ലാം നന്നായിവരികയാണെന്ന് പുറമേയ്ക്കെങ്കിലും തോന്നിത്തുടങ്ങിയപ്പോൾ ഇതാ, ജീവിതാന്ത്യവുമായി. പാപികൾക്കിടയിലേക്കെന്നെ കൊണ്ടുപോയിത്തള്ളരുതേ. അപഹാസ്യമായ ആത്മാനുരാഗമാണ്( അകലത്തു നിന്നു നോക്കിയാലും കൈയകലത്തു നിന്നു നോക്കിയാലും അപഹാസ്യം തന്നെയാണത്) ഈ സംസാരിക്കുന്നതെന്ന് എനിക്കറിയാത്തതല്ല.പക്ഷേ ഞാൻ ജീവിച്ചിരിക്കുന്ന സ്ഥിതിയ്ക്ക് എന്റെ ജീവിതത്തിന് തന്നോടുതന്നെയുള്ള സ്നേഹവുമുണ്ടാകും; അപഹാസ്യമല്ല ജീവിതമെങ്കിൽ അതിന്റെ അവശ്യാവിഷ്കാരങ്ങൾ അങ്ങനെയാകുന്നതെങ്ങനെ?-ദുർബലമായ യുക്തി!
വിധിക്കപ്പെട്ടവനാണു ഞാനെങ്കിൽ മരിക്കാൻ മാത്രമല്ല ആ വിധി, മരിക്കും വരെ യാതന അനുഭവിക്കാനും കൂടിയാണ്.
ഞായറാഴ്ച രാവിലെ, ഞാനിറങ്ങുന്നതിനു തൊട്ടു മുമ്പ്, നിനക്കെന്നെ സഹായിക്കണമെന്നുള്ളതായി എനിക്കു തോന്നി. ഞാൻ കാത്തിരുന്നു. ഈ നിമിഷം വരെ വൃഥാവിലായി ആ പ്രതീക്ഷ.
എന്റേത് എന്തു പരാതിയുമായിക്കോട്ടെ, ബോധ്യമില്ലാത്തതാണത്,യഥാർത്ഥവ്യഥ പോലുമില്ലാത്തതാണത്. ദിശതെറ്റിയ ഒരു കപ്പലിന്റെ നങ്കൂരം പോലെ പിടിച്ചുകിടക്കേണ്ട അടിത്തട്ടിൽ നിന്ന് വളരെ ഉയരത്തിൽ തൂങ്ങിനിൽക്കുകയാണത്.
രാത്രിയിലെങ്കിലും എനിക്കൊരു വിശ്രമം കിട്ടട്ടെ- ബാലിശമായ പരാതി.
1 comment:
ഡയറി - അഞ്ച് വായിച്ചു. ആശംസ്കള്‍
Post a Comment