Sunday, December 4, 2011

അന്തോണിയോ മച്ചാദോ - ഗ്വെയോമാറിന്‌


1
എനിക്കു പറയാനറിയില്ല, ഗ്വെയോമാർ,
നിന്റെ കൈയിൽ ഞാൻ കണ്ടതു മഞ്ഞനാരങ്ങയോ,
തെളിഞ്ഞൊരു പകലിന്റെ നൂലോയെന്ന്-
പന്തു പോലെ ചുറ്റിയെടുത്ത പൊൻനൂൽക്കഴി.
നിന്റെ ചുണ്ടുകളിലുണ്ടായിരുന്നു,
ഒരു മന്ദസ്മിതവും.

ഇതേതുപഹാരമന്നു ഞാനാരാഞ്ഞു,
കാലം കായ്ച്ചതോ,
നിന്റെ വിളഞ്ഞ തോപ്പിൽ നിന്നു
നിന്റെ കൈകളിറുത്തതോ?

നിശ്ചലമായൊരു സുന്ദരസായാഹ്നത്തിൽ
നിറവേറാതെപോയ കാലമോ?
ഒരു തടാകത്തിൽ മയങ്ങുന്ന ഛായയോ?
വശ്യവും സുവർണ്ണവുമായൊരഭാവമോ?
കുന്നുകൾക്കു മേലാളിപ്പടരുന്ന പുലരിയുടെ നേരോ?
പ്രണയമതിന്റെ കലുഷദർപ്പണങ്ങളിലാഞ്ഞുടയ്ക്കുമോ,
പൊയ്പ്പോയ സന്ധ്യകൾ ചുറ്റിയെടുത്ത നൂൽക്കഴി?

2

നിന്നെ ഞാൻ സ്വപ്നം കണ്ടു, ഗ്വെയോമാർ,
പുഴക്കരെ ഒരുദ്യാനത്തിൽ,
വിറങ്ങലിച്ച ഇരുമ്പുവേലിയ്ക്കു പിന്നിൽ
തളച്ചിട്ട കാലത്തിന്റെ ഉദ്യാനത്തിൽ.

ഒരു കാണാക്കിളിയവിടെപ്പാടിയിരുന്നു,
ദാഹമുണർത്തുകയും ശമിപ്പിക്കുകയും ചെയ്യുന്ന
പവിത്രമായൊരു ചോലയുടെ കരയിൽ,
ഒരു താമരമരത്തിന്റെ ചില്ലയിൽ.

ഈ ഉദ്യാനം, ഗ്വെയോമാർ,
രണ്ടു ഹൃദയങ്ങൾ മെനഞ്ഞെടുത്തതൊന്ന്,
ഒന്നു മറ്റൊന്നിനെ സഫലമാക്കുന്നതവിടെ,
നമ്മുടെ നേരങ്ങൾ ഒരുമിച്ചൊഴുകുന്നതവിടെ.
ഒരു സ്വപ്നത്തിൽ കുലകുത്തിയ മുന്തിരിപ്പഴങ്ങൾ
തെളിഞ്ഞ ചില്ലുപാത്രത്തിൽ നാം പിഴിഞ്ഞൊഴിച്ചതവിടെ,
ഒരു കഥയ്ക്കിരുവശമുണ്ടെന്നു നാം മറന്നതുമവിടെ.
(ഒരു സ്ത്രീയും പുരുഷനും,
സിംഹവും പേടമാനുമാണവരെങ്കിലും,
ഒരേ ചോലയിൽ നിന്നവർ ദാഹം തീർക്കാമെന്നതൊന്ന്.
രണ്ടേകാന്തതകളൊന്നാകില്ല,
സ്ത്രീയും പുരുഷനുമാണവരെങ്കിലുമെന്നതു മറ്റേത്.
പ്രണയം കൊണ്ടുവരില്ല അങ്ങനെയൊരു ഭാഗ്യം.)

പുതുതിരകളും നുരകളും കടൽ മാറിയുടുക്കുന്നതു നിനക്കായി,
കുന്നുകളിൽ മഴവില്ലു ചായം തേയ്ക്കുന്നതു നിനക്കായി,
വാൻകോഴി പുലരിയിൽ പുതുഗാനങ്ങളും തൂവലുകളുമണിയുന്നതു നിനക്കായി,
കൂമന്റെ കണ്ണുകൾ വിടരുന്നതു നിനക്കായി...
ഒക്കെയും, ഗ്വെയോമാർ, നിനക്കായി.

3

നിന്റെ കവിയുടെ ചിന്തകൾ
ഇനി നിന്നിലേക്കു തിരിയുന്നു.
വിദൂരതയ്ക്കു നാരങ്ങയുടെ മഞ്ഞ,
നിശ്ചലം, നാട്ടുപച്ച.
എന്നോടൊപ്പമുണ്ടു നീ, ഗ്വെയോമാർ,
മലകൾ നമ്മെ വളയുന്നു.
ഓക്കുതോപ്പുകൾ പിന്നിട്ടുപോകവെ,
പകലിന്റെ ബലം ക്ഷയിക്കുന്നു.
പകലും പാളവും തിന്നു
തീവണ്ടി കുതിയ്ക്കുന്നു.
വാടാമുൾക്കാടുകൾ നിഴലുകളിൽ പതുങ്ങുന്നു;
ഗ്വാഡറമയുടെ പൊൻതിളക്കം മങ്ങുന്നു.
പലായനം ചെയ്യുന്ന ദേവിയുടെയും കാമുകന്റെയും പിന്നാലെ
പൂർണ്ണചന്ദ്രൻ കൊണ്ടുപിടിയ്ക്കുന്നു.
ഒരു വന്മലയ്ക്കുള്ളിലേക്കു തീവണ്ടി നൂണ്ടുകയറുന്നു.
വരണ്ട പാടങ്ങൾ, മുകളിലാകാശം.
കരിങ്കൽമലകൾക്കു പിന്നിൽ,
ലാവാശിലകളുടെ നിരകൾക്കുമപ്പുറം,
കടലും, പിന്നെയനന്തതയും.
ഒരുമിച്ചാണു നാം, സ്വതന്ത്രരാണു നാം.
ദൈവം, പഴങ്കഥകളിലെ നിഷ്ഠുരരാജാക്കന്മാരെപ്പോലെ,
കാറ്റിന്റെ പടക്കുതിരമേലേറിവരട്ടെ,
ശപിക്കട്ടെ, പ്രതികാരം തീർക്കുമെന്നവനാണയിടട്ടെ,
ചിന്തയുടെ കടിഞ്ഞാണുമവന്റെ കൈയിലാകട്ടെ,
ഇവിടെ പ്രണയം സ്വതന്ത്രം,
ആർക്കുമാവില്ലതിനെത്തടയാൻ.


No comments: