Monday, March 16, 2015

പ്രണയലേഖനങ്ങൾ (37)- പസോലീനി

Pasolini


കാസര്സ,1948 സെപ്തംബർ

പ്രിയപ്പെട്ട ഫ്രാങ്കോ,

എന്തൊരാശ്വാസവും എന്തു തരം സന്തോഷവുമാണു നീ നിന്റെ കത്തിലൂടെ എനിക്കു നല്കിയതെന്നു പറഞ്ഞാൽ നിനക്കതു മനസ്സിലാവില്ല. സ്വന്തം രോഗത്തെക്കുറിച്ചു നീയെനിക്കു മുന്നറിയിപ്പു തന്ന ആ കത്തിനൊരു മറുപടി എഴുതാൻ ഒരായിരം വട്ടം ഒരുങ്ങിയെങ്കിലും എനിക്കതു കഴിഞ്ഞില്ല; ഭീരുത്വം കൊണ്ടല്ല, സ്വാർത്ഥത കൊണ്ട്. ഇനി എനിക്കതിൽ സന്തോഷമുണ്ടായതു കൊണ്ടുമാവാം, ആരറിഞ്ഞു? ഇപ്പോൾ, ഒരു സാദ്ധ്യതയെന്ന നിലയിലെങ്കിലും, സ്വസ്ഥതയും ജീവിതവും നിന്റേതാണെന്നിരിക്കെ, എനിക്കു നിന്നെ തുല്യനായി പരിഗണിക്കാമെന്നായിരിക്കുന്നു, എത്ര ഭ്രാന്തമായിട്ടാണെങ്കിലും നിനക്കു മറുപടിയുമെഴുതാം. ഒന്നാമതായി എനിക്കു പറയാനുള്ളതിതാണ്‌: മുമ്പൊരിക്കലുമില്ലാത്ത മാതിരി എനിക്കു നിന്നോടു സൗഹൃദം തോന്നുന്നു, നിന്നെ കാണാൻ ഞാൻ വല്ലാതെ കൊതിക്കുന്നു...

കൗമാരത്തിലെയും ചെറുപ്പത്തിന്റെ തുടക്കത്തിലെയും ഭയാനകമായ ചില (ലൈംഗിക)തൃഷ്ണകൾക്കു നിവൃത്തി കണ്ടതിന്റെയും പ്രതിസന്ധികൾ തരണം ചെയ്തതിന്റെയും പേരിൽ താൻ വിവേകിയായി എന്നു നമുക്കു തോന്നുന്ന ആ ജീവിതകാലഘട്ടത്തിന്റെ അന്ത്യത്തിലാണ്‌ ഞാനിപ്പോൾ. വ്യാമോഹങ്ങൾക്കും തൃഷ്ണകൾക്കും ഒരിക്കല്ക്കൂടി സ്വയം വിട്ടുകൊടുക്കാൻ ശ്രമിച്ചാലോ എന്നെനിക്കിപ്പോൾ തോന്നുന്നു. സത്യമായും ഒരു കൊച്ചു വിയോണോ കൊച്ചു റിംബോയോ ആണു ഞാൻ. ഈ മാനസികാവസ്ഥയിൽ, ഒരു കൂട്ടുകാരനെ കിട്ടിയാൽ വേണമെങ്കിൽ ഞാൻ ഗ്വാട്ടിമാലയിലോ പാരീസിലോ വരെ പോകാം.

എന്നിലെ സ്വവർഗ്ഗാനുരാഗി എന്റെ ബോധത്തിനുള്ളിലേക്കും എന്റെ ശീലങ്ങളിലേക്കും കടന്നുവന്നുകഴിഞ്ഞിട്ട് കുറേ കൊല്ലങ്ങങ്ങളായിരിക്കുന്നു; ഇന്നത് എനിക്കുള്ളിലെ ഒരപരനല്ല. കുറ്റബോധത്തിന്റെയും നീരസത്തിന്റെയും സത്യസന്ധതയുടെയും മുഹൂർത്തങ്ങൾ എനിക്കു കടന്നുപോരേണ്ടിവന്നു...ഒടുവിൽ , ആകെ ചോരയിൽ മുങ്ങിയും മുറിപ്പാടുകൾ നിറഞ്ഞുമാകാം, അതിജീവിക്കാൻ എനിക്കായി, രണ്ടിനെയും, അതായത് ലൈംഗികതയെയും സത്യസന്ധതയെയും ഒരേപോലെ തൃപ്തമാക്കിക്കൊണ്ട്.

എന്നെ മനസ്സിലാക്കാൻ ശ്രമിക്കൂ, ഇപ്പോൾത്തന്നെ, കഴിയുന്നത്ര തുറന്ന മനസ്സോടെയും. തിരിച്ചുപോകാമെന്ന ശുഭപ്രതീക്ഷയില്ലാതെ ഞാൻ ചുറ്റിവരേണ്ട ഒരു മുനമ്പാണത്. നീയെന്നെ അംഗീകരിക്കുമോ? നന്നായി. സ്കൂളിലും കോളേജിലും നിന്റെ കൂട്ടുകാരനായിരുന്ന ആളിൽ നിന്നു ഞാൻ വളരെ മാറിപ്പോയി, അല്ലേ? നീ കരുതുന്നത്രയില്ലെന്നും വരാം...

പ്രിയപ്പെട്ട ഫ്രാങ്കോ, നിന്റെ പുനഃപ്രവേശത്തിന്‌ വിധിക്കു നന്ദി പറയുക( അതിരിക്കട്ടെ, നിനക്കു കഷണ്ടിയായോ? സ്വർണ്ണമുടിക്കാരനായിട്ടാണു നീ എനിക്കു വീണ്ടും പ്രത്യക്ഷനായതെന്നു പറയട്ടെ.), പുതുമയും പ്രതീക്ഷയും കൊണ്ടു നിറഞ്ഞിരിക്കുകയാണു ഞാൻ.

സ്നേഹത്തോടെ ഒരാലിംഗനം,

പിയെർ ‍ പാവ്‌ലോ


പിയെർ പാവ്‌ലോ പസോലീനി (1922-1975)- ഇറ്റാലിയൻ കവിയും ചിന്തകനും സംവിധായകനും. ചിരകാലസുഹൃത്തും സിനിമകളിൽ സ്ഥിരം അഭിനേതാവുമായിരുന്ന ഫ്രാങ്കോ ഫറോൾഫിക്കെഴുതിയതാണ്‌ ഈ കത്ത്.

വിയോണ്‍, റിംബോ - കലാപക്കാരായ ഫ്രഞ്ച് കവികള്‍

No comments: