രണ്ടു വഴിയാത്രക്കാർ ‘ഒരേ മരത്തിനടിയിൽ അഭയം തേടുമ്പോൾ, ഒരേ പുഴയിൽ നിന്നു ദാഹം തീർക്കുമ്പോൾ’ ഏതോ പൂർവ്വജന്മത്തിന്റെ കർമ്മഫലമാണതെന്ന് എനിക്കറിയാം. ഒരുമിച്ചു ജീവിക്കാനും ഒരുമിച്ചു വയസ്സാകാനും നിശ്ചയിക്കപ്പെട്ട ഭാര്യയും ഭർത്താവുമായി ഒരേ തലയിണ നാം പങ്കു വയ്ക്കാൻ തുടങ്ങിയിട്ടു കുറേ വർഷങ്ങളായിരിക്കുന്നു; സ്വന്തം നിഴലെന്ന പോലെ ഞാൻ അങ്ങയിൽ പറ്റിച്ചേർന്നിരുന്നു. എന്റെ വിശ്വാസം ഇതായിരുന്നു; നമ്മെക്കുറിച്ച് അങ്ങയുടെ വിചാരവും ഇതു തന്നെയാണെന്നു കരുതട്ടെ.
അങ്ങു നിശ്ചയിച്ചിറങ്ങിയ അവസാനത്തെ ദൗത്യത്തെക്കുറിച്ചു ഞാനിന്നു കേട്ടു; ആ ഉജ്ജ്വലമുഹൂർത്തത്തിൽ പങ്കാളിയാവാൻ എനിക്കു കഴിയില്ലെങ്കിലും അതിനെക്കുറിച്ചറിഞ്ഞു എന്നതുകൊണ്ടു തന്നെ ഞാൻ ആനന്ദിക്കട്ടെ. ചൈനയിലെ സേനാനായകനായ ഹ്സിയാങ്ങ് യൂ (ധീരനായ പോരാളിയാണദ്ദേഹമെങ്കിലും) തന്റെ അവസാനത്തെ യുദ്ധത്തിന്റെ തലേന്ന് ഭാര്യയെ പിരിയുന്നതിൽ വല്ലാതെ ദുഃഖിച്ചുവത്രെ; നമ്മുടെ നാട്ടിൽ യൊഷിനാക്കയും ഭാര്യയെ വിട്ടുപോകുമ്പോൾ വിലപിച്ചിരുന്നു. ഈ ലോകത്ത് ഒരുമിച്ചൊരു ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ ഞാനിപ്പോൾ കൈവിട്ടു കഴിഞ്ഞു. (അവരുടെ മാതൃക മനസ്സിൽ വച്ചുകൊണ്ട്) അങ്ങയ്ക്കു പ്രാണനുള്ളപ്പോൾ അവസാനത്തെ ചുവടു വയ്ക്കാൻ ഞാൻ നിശ്ചയിച്ചുറപ്പിച്ചും കഴിഞ്ഞു. മരണത്തിലേക്കുള്ള പാതയുടെ ഒടുവിൽ അങ്ങയെ പ്രതീക്ഷിച്ചു ഞാൻ നില്പുണ്ടാവും.
നമ്മുടെ പ്രഭുവായ ഹിദേയോരി ഇത്രയും വർഷങ്ങളായി നമുക്കു മേൽ ചൊരിഞ്ഞ ദാക്ഷിണ്യത്തെ ഒരിക്കലും, ഒരിക്കലും അങ്ങു മറക്കരുതേ; കടലിനെക്കാൾ ആഴമുള്ളതും മലകളെക്കാൾ ഉയരമുള്ളതുമാണത്...
പതിനാറാം നൂറ്റാണ്ടിൽ ജപ്പാനിൽ ജീവിച്ചിരുന്ന കിമുര ഷിഗേനാരി എന്ന സമുരായിക്ക് അദ്ദേഹത്തിന്റെ ഭാര്യ അയച്ച കത്ത്. മരണം നിശ്ചയമാണെന്നറിഞ്ഞുകൊണ്ടു തന്നെ അവസാനത്തെ യുദ്ധത്തിനു പോയ ഭർത്താവിനെ ഹരകിരി എന്ന ആത്മഹത്യയിലൂടെ അവരും അനുഗമിക്കുന്നു.
No comments:
Post a Comment