Monday, May 6, 2013

ലൂയീസ് ലാബേ - പ്രണയം ഞാനറിഞ്ഞുവെങ്കിൽ...

louis labe


പഴിക്കരുതേ സഹോദരിമാരേ, പ്രണയം ഞാനറിഞ്ഞുവെങ്കിൽ,
ഒരായിരമഗ്നിശരങ്ങളെന്നിൽ വീണെരിഞ്ഞുവെങ്കിൽ,
കഠാരകൾ പോലായിരം ദുഃഖങ്ങളെന്നിലാഴ്ന്നിറങ്ങിയെങ്കിൽ,
പൊള്ളുന്ന കണ്ണീരിലെന്റെ നാളുകളലിഞ്ഞുപോകുന്നുവെങ്കിൽ.

അരുതേ, അപഖ്യാതികളടക്കം പറഞ്ഞെന്നെപ്പഴിക്കരുതേ,
എനിക്കു പിഴച്ചുവെങ്കിലതിന്റെ ശിക്ഷയും ഞാനനുഭവിക്കാം;
അതിനാലിനിയും നിങ്ങൾ കത്തിമുനകൾ കൂർപ്പിക്കരുതേ,
നിങ്ങളെയും വലയിലാക്കാം പ്രണയമെന്നുമറിഞ്ഞോളൂ.

എരിക്കുന്നതഗ്നിദേവനെന്നപ്പോൾപ്പറഞ്ഞൊഴിയരുതേ,
തൃഷ്ണകൾ പൊള്ളിച്ചുവെങ്കിൽ കാമദേവനെപ്പഴിക്കരുതേ,
ആളിപ്പടർത്തുമവൻ, ഒരു തരിയോളം പോന്ന പ്രണയത്തെ .

അതിനാൽ ജാഗ്രത! എന്റെ സാവകാശം നിങ്ങൾക്കു കിട്ടില്ല,
എന്റേതിലും തീക്ഷ്ണമായിരിക്കും നിങ്ങളറിയുന്ന വേദന,
ഞാനറിഞ്ഞതിലും ഘോരമാവും, നിങ്ങൾക്കുള്ള ശോകവും.

 


ലൂയിസ് ലാബേ (1525-1566) - ഫ്രാൻസിൽ ലിയോണിൽ ജീവിച്ചിരുന്ന ഫ്രഞ്ചു കവയിത്രി. ബാല്യത്തിലേ അമ്മ മരിച്ചു, ഭാഷകളിലും സംഗീതത്തിലും ഒപ്പം കുതിരസവാരിയിലും വാൾപ്പയറ്റിലും പ്രാവീണ്യം നേടി. ഇരുപതാമത്തെ വയസ്സിൽ തന്നെക്കാൾ മുപ്പതു വയസ്സധികമുള്ള ഒരു ധനികനുമായി വിവാഹം. ഒലിവെർ ദെ മാഗ്നേ എന്ന കവിയുമായുള്ള പ്രണയമാണ്‌ അവരെഴുതിയ 24 ഗീതകങ്ങളുടെ പ്രമേയം.

No comments: