Sunday, November 15, 2009

ബോദ്‌ലെയെർ-യക്ഷികളുടെ പാരിതോഷികങ്ങൾ

baude14
കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഭൂമുഖം കണ്ട സകല നവജാതശിശുക്കൾക്കും പാരിതോഷികങ്ങൾ വിതരണം ചെയ്യാൻ വിളിച്ചുകൂട്ടിയ യക്ഷികളുടെ മഹായോഗം നടക്കുകയാണ്‌.

പ്രാചീനരും ചപലകളുമായ വിധിയുടെ ആ സഹോദരിമാർ, ദുഃഖത്തിന്റെയും സന്തോഷത്തിന്റെയും വിചിത്രമാതാക്കൾ, അവർ ഒന്നിനൊന്നു പൊരുത്തമില്ലാത്തവരായിരുന്നു:ചിലർ ഗൗരവക്കാരും മുഷിഞ്ഞ മുഖവുമായി നടക്കുന്നവരുമായിരുന്നു; മറ്റു ചിലർ കൗശലക്കാരും കളിതമാശക്കാരുമായിരുന്നു; ചിലർ ചെറുപ്പമായിരുന്നു, അവർ എന്നും അങ്ങനെയായിരുന്നു; ചിലർ വൃദ്ധകളായിരുന്നു, അവർ എന്നും അങ്ങനെയായിരുന്നു.

യക്ഷികളിൽ വിശ്വാസമുള്ള എല്ലാ അച്ഛന്മാരും തങ്ങളുടെ ശിശുക്കളെയും കൈയിലെടുത്ത്‌ അവിടെയെത്തിയിരുന്നു.

പാരിതോഷികങ്ങൾ,അതായത്‌ സിദ്ധികൾ,ഭാഗ്യങ്ങൾ,അവസരങ്ങൾ എന്നിവ ഏതോ വിദ്യാലയത്തിലെ സമ്മാനദാനച്ചടങ്ങിനെന്നപോലെ ന്യായാസനത്തിനരികിൽ കൂട്ടിയിട്ടിരുന്നു. പക്ഷേ ഇവിടെ ഒരു വ്യത്യാസമുള്ളത്‌ ഒരു യത്നത്തിനുള്ള പ്രതിഫലമായിട്ടല്ല പാരിതോഷികം നൽകപ്പെടുന്നത്‌ എന്നതായിരുന്നു. നേരേമറിച്ച്‌, ഇനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത ഒരാൾക്കു മേൽ വന്നുവീഴുന്ന അനുഗ്രഹമാണത്‌; അയാളുടെ ഭാഗധേയത്തെ നിർണ്ണയിക്കുന്നതും, അയാളുടെ ദൗർഭാഗ്യത്തിനെന്നപോലെ സന്തോഷത്തിനും സ്രോതസ്സാകുന്നതുമായ ഒരനുഗ്രഹം.

പാവം യക്ഷികൾക്കു തിരക്കോടു തിരക്കായിരുന്നു; നിവേദകരുടെ കൂട്ടം അത്രയ്ക്കായിരുന്നല്ലോ; അതുമല്ല, മനുഷ്യനും ദൈവത്തിനും ഇടയിലുള്ള ആ അന്തരാളലോകത്തിനും നമ്മെപ്പോലെതന്നെ കാലത്തിന്റെയും അവന്റെ സന്താനങ്ങളായ ദിവസങ്ങൾ,മണിക്കൂറുകൾ, മിനുട്ടുകൾ,സെക്കന്റുകൾ എന്നിവയുടെയും ഭയാനകമായ ശാസനത്തിനു വിധേയമാകാതെ വയ്യ.

സത്യം പറഞ്ഞാൽ പരാതി കേൾക്കുന്ന ദിവസം മന്ത്രിമാരുടെ മട്ടു പോലെ ചൂടു പിടിച്ചു നടക്കുകയായിരുന്നു അവർ; അതുമല്ലെങ്കിൽ ഏതെങ്കിലുമൊരു വിശേഷദിവസം സർക്കാർ മുതലും പലിശയും എഴുതിത്തള്ളുമ്പോൾ പണയക്കടകളിൽ പാടുപെടുന്ന പണിക്കാരെപ്പോലെ. ഇടയ്ക്കിടെ അവർ ഘടികാരസൂചികളിലേക്കു നോക്കിയിരുന്നോയെന്നും എനിക്കു സംശയമുണ്ട്‌; കാലത്തു മുതൽ കേസുകൾ കേൾക്കുകയും അതിനിടയിൽ തങ്ങളുടെ അത്താഴവും കുടുംബവും പ്രിയപ്പെട്ട വള്ളിച്ചെരുപ്പുകളും ദിവാസ്വപ്നം കാണുകയും ചെയ്യുന്ന മനുഷ്യരായ ന്യായാധിപരുടെ അക്ഷമ അവരിൽ കണ്ടെത്താമായിരുന്നു. അപ്പോൾ, ചില തിടുക്കങ്ങളും യാദൃച്ഛികതകളും പ്രകൃത്യതീതനീതിയിൽ വന്നുപെടാമെങ്കിൽ അങ്ങനെയൊന്ന് മനുഷ്യനീതിയുടെ കാര്യത്തിലും ശരിയായേക്കാമെന്നു വരുന്നത്‌ നമ്മെ ആശ്ചര്യപ്പെടുത്താൻ പാടുള്ളതല്ല. അങ്ങനെ ആശ്ചര്യം തോന്നിയാൽ നീതിയില്ലാത്ത ന്യായാധിപരായിപ്പോകും നമ്മൾ.

അങ്ങനെ, ചില അബദ്ധങ്ങളും അന്നുണ്ടായി; ചാപല്യമല്ല, വിവേകമാണ്‌ യക്ഷികളുടെ നിത്യവും വ്യതിരിക്തവുമായ സ്വഭാവവിശേഷമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ നിങ്ങൾക്കത്‌ വിചിത്രമായും തോന്നാം.

ഉദാഹരണത്തിന്‌, ധനാകർഷണത്തിനുള്ള സിദ്ധി നൽകപ്പെട്ടത്‌ ഒരു ധനികകുടുംബത്തിലെ ഏകാവകാശിക്കാണ്‌; സഹായമനഃസ്ഥിതിയില്ലാത്ത, ജീവിതത്തിലെ മറ്റു സുഖങ്ങളിൽ തൃഷ്ണയില്ലാത്ത അയാൾക്ക്‌ തന്റെ മേൽ വന്നുകുമിയുന്ന കോടികൾ പിൽക്കാലത്ത്‌ ഒരു ഭാരമായി മാറും.

അതുപോലെ സൗന്ദര്യാരാധനയും കവിത്വവും നൽകിയത്‌ അരസികനായ ഒരു ദരിദ്രവാസിയുടെ, ഒരു പാറമടത്തൊഴിലാളിയുടെ മകനാണ്‌; തന്റെ മകന്റെ സിദ്ധികളെ പോഷിപ്പിക്കാൻ, അവന്റെ നിസ്സാരമായ ആവശ്യങ്ങളെ നിവർത്തിക്കാൻ അയാൾക്കുണ്ടോ കഴിയുന്നു?

ഇത്തരം ഭവ്യമായ സന്ദർഭങ്ങളിൽ പാരിതോഷികങ്ങൾ നിരസിക്കാനോ, മറ്റൊന്നു മതിയെന്നു പറയാനോ ഉള്ള അവകാശം നിങ്ങൾക്കില്ല, അതു ഞാൻ പറയാൻ വിട്ടു.

മുഷിപ്പൻപണി കഴിഞ്ഞല്ലോ എന്ന വിശ്വാസത്തോടെ യക്ഷികൾ പോകാനായി എഴുന്നേറ്റു; കാരണം പാരിതോഷികങ്ങളൊന്നും ബാക്കിയായിട്ടില്ല,ആ മനുഷ്യപറ്റത്തിനിടയിലേക്കെറിഞ്ഞുകൊടുക്കാൻ ഔദാര്യങ്ങളൊന്നും ശേഷിച്ചിട്ടുമില്ല. ആ സമയത്താണ്‌ ഒരു ധൈര്യശാലി -ഒരു പാവം കച്ചവടക്കാരനാണെന്നു തോന്നുന്നു- എഴുന്നേറ്റു നിന്നിട്ട്‌ തന്റെ തൊട്ടടുത്തുണ്ടായിരുന്ന ഒരു യക്ഷിയുടെ വർണ്ണവാതകങ്ങൾ കൊണ്ടു നെയ്ത പുടവത്തുമ്പിൽ പിടിച്ച്‌ ഇങ്ങനെ ഒച്ചവയ്ക്കുന്നത്‌:"അയ്യോ, ദേവി! ഞങ്ങളെയങ്ങു മറന്നോ! എന്റെ കുഞ്ഞുമകന്റെ കാര്യം വിട്ടുപോയി! ഇവിടെ വന്നിട്ട്‌ വെറുംകൈയോടെ പോകാനോ!"

യക്ഷിക്ക്‌ എന്തു പറയണമെന്നറിയാതായിട്ടുണ്ടാവും, കാരണം കൊടുക്കാൻ ഒന്നും ബാക്കിയില്ലല്ലോ. അവർക്കു പക്ഷേ, ആ സമയത്ത്‌ ഒരു നിയമത്തിന്റെ കാര്യം ഓർമ്മവന്നു; എല്ലാവർക്കും അറിവുള്ളതാണെങ്കിലും അവരുടെ അതീതലോകത്ത്‌ ,മനുഷ്യന്റെ സുഹൃത്തുക്കളും പലപ്പോഴും അവന്റെ ആഗ്രഹങ്ങൾക്കു വഴങ്ങിക്കൊടുക്കുന്നവരുമായ ആ അദൃശ്യദേവതകൾ,യക്ഷികൾ,ചാത്തന്മാർ,തീപ്പിശാചുക്കൾ, ജലദേവതകൾ എന്നിവർ അധിവസിക്കുന്ന ആ ലോകത്ത്‌ അപൂർവ്വമായി മാത്രം പ്രയോഗിക്കപ്പെടുന്ന ഒരു നിയമം. ഞാനുദ്ദേശിക്കുന്നത്‌ ഇതുപോലെയുള്ള സന്ദർഭങ്ങളിൽ, അതായത്‌ ഉപഹാരങ്ങൾ ബാക്കി വരാത്ത അവസരങ്ങളിൽ ഒരു പാരിതോഷികം അധികം നൽകാൻ യക്ഷികൾക്ക്‌ അനുമതി നൽകുന്ന ആ നിയമത്തിന്റെ കാര്യമാണ്‌; പക്ഷേ ഒന്നുണ്ട്‌: നിന്ന നിൽപ്പിൽ അതു സൃഷ്ടിക്കാനുള്ള ഭാവനാശേഷി അതുപയോഗിക്കുന്നവർക്കുണ്ടായിരിക്കണം.

അങ്ങനെ ആ യക്ഷി തന്റെ ഗണത്തിനു ചേർന്ന കുലീനതയോടെ ഇങ്ങനെയരുളി:"നിന്റെ മകനു ഞാൻ ഇതാ നൽകുന്നു...ആനന്ദിപ്പിക്കാനുള്ള സിദ്ധി!"

"എന്താനന്ദം? ആനന്ദമോ? ആരെയാനന്ദിപ്പിക്കാൻ?"ആ കൊച്ചു കടക്കാരൻ വഴങ്ങാൻ കൂട്ടാക്കാതെ ചോദ്യങ്ങളായി; നമ്മൾ സാധാരണ കണ്ടുമുട്ടുന്ന യുക്തിവാദക്കാരിൽപ്പെട്ട ഒരാളാണു കക്ഷിയെന്നതിൽ സംശയമില്ല; അയുക്തികതയുടെ യുക്തി മനസ്സിലാക്കാനുള്ള ത്രാണി അവർക്കില്ല.

"അത്‌...അത്‌...!" അയാൾക്കു പുറംതിരിഞ്ഞുകൊണ്ട്‌ കോപിഷ്ടയായ ആ യക്ഷി പറഞ്ഞു. പിന്നെ, തന്റെ ഒപ്പമുള്ളവരോടു ചേർന്നുകൊണ്ട്‌ അവൾ അവരോടു പരാതിപ്പെട്ടു:"ആ ഫ്രഞ്ചുകാരന്റെ നാട്യം കണ്ടില്ലേ? അവനു സകലതും അറിയണം. ഏറ്റവും നല്ല പാരിതോഷികം തന്റെ മകനു കിട്ടിയിട്ടും ചോദ്യം ചെയ്യാനാവാത്തതിനെ ചോദ്യം ചെയ്യാനും തർക്കമില്ലാത്തതിനെച്ചൊല്ലി തർക്കിക്കാനും വരികയാണവൻ!"

No comments: