എന്റെയൊരു കെട്ടശീലം
എനിക്കൊരു കെട്ടശീലമുണ്ട്:
കാലം പിടിക്കാതാവുമ്പോൾ
അന്യർക്കൊരു ഭാരമാകും ഞാൻ.
നീയിവിടെയില്ലെങ്കിൽ
യാതൊന്നും വളരുന്നില്ല.
എനിക്കൊന്നും തിരിയുന്നില്ല.
വാക്കുകൾ കുരുങ്ങിക്കൂടുന്നു.
കെട്ട വെള്ളമെങ്ങനെ നന്നാക്കും?
പുഴയിലേക്കതിനെ മടക്കുക.
കെട്ടശീലമെങ്ങനെ നന്നാക്കും?
നിന്നിലേക്കെന്നെ മടക്കുക.
ശീലത്തിന്റെ കയങ്ങളിൽ
വെള്ളം കെട്ടിക്കിടക്കുമ്പോൾ
കടലിലേക്കതിനെ വെട്ടിവിടുക.
സിദ്ധൗഷധമൊന്നുണ്ട്,
ആശ കെട്ടവർക്കുള്ളതാണത്.
സ്നേഹിക്കുന്നവനെ നോക്കിനോക്കിയിരിക്കുക,
അവനകന്നകന്നുപോകട്ടെ,
അടുത്തടുത്തു വരട്ടെ.
പുൽക്കൊടികൾ
വന്മരങ്ങളെ കടപുഴക്കുന്ന കാറ്റു തന്നെ
പുൽക്കൊടികളെ തഴുകി മിനുക്കുന്നതും.
കാറ്റിന്റെ തമ്പുരാനിഷ്ടം
പുല്ലിന്റെ താഴ്മയും മെലിവും.
താനാളാണെന്നഭിമാനിക്കരുതേ.
മഴുത്തല ചില്ലകളരിഞ്ഞുവീഴ്ത്തും,
ഇലകൾ ബാക്കിനിർത്തും.
വിറകിന്റെ കൂമ്പാരം കണ്ടു
തീനാളം പകച്ചു നിൽക്കില്ല.
ആട്ടിൻപറ്റത്തെക്കണ്ടു
കശാപ്പുകാരനോടിയൊളിക്കുകയുമില്ല.
ഉണ്മയുടെ സന്നിധാനത്തിന്റെ മുന്നിൽ
രൂപം ദുർബലം.
ഉണ്മ ആകാശത്തെ എടുത്തുയർത്തുന്നു,
കമിഴ്ത്തിയ കോപ്പ പോലെ
അതിനെ തിരിക്കുന്നു.
ആകാശചക്രം തിരിക്കുന്നതാര്?
ഒരു ബ്രഹ്മാണ്ഡപ്രജ്ഞ.
ചോലവെള്ളം ചക്രം തിരിക്കും പോലത്രേ
ഉടലിൽ പ്രാണന്റെ വ്യാപാരവും.
ആത്മാവിന്റെ ഹിതവുമഹിതവും തന്നെ
ശ്വാസവുമുച്ഛ്വാസവും.
തകർക്കാൻ കാറ്റു തന്നെ,
കാക്കാനും കാറ്റു തന്നെ.
അറിഞ്ഞവനടിപണിയുന്നു,
ദൈവമല്ലാതൊന്നുമില്ല.
സത്തകൾക്കാകരമാണാ സാഗരം.
സൃഷ്ടികൾ
അതിലെ വൈക്കോൽത്തുരുമ്പുകൾ.
അവ പാഞ്ഞുപോകുന്നതും
പൊന്തിയൊഴുകുന്നതും
കടലിന്റെ ഹിതപ്രകാരം.
പുൽക്കൊടികളിൽ കാറ്റിന്റെ വ്യാപാരവും
അതേ പ്രകാരം.
അതിനൊടുക്കവുമില്ല.
No comments:
Post a Comment