1912 നവംബർ 11
ഫ്രൗളിൻ ഫെലിസ്!
കേൾക്കുമ്പോൾ ശരിക്കും കിറുക്കെന്നു തോന്നുന്ന ഒരു സഹായാഭ്യർത്ഥന നടത്താൻ പോവുകയാണു ഞാൻ; ഈ കത്തു കിട്ടുന്നതെനിക്കാണെങ്കിൽ അങ്ങനെ തന്നെയാണെനിക്കും തോന്നുക. ഏറ്റവും കരുണ കാട്ടുന്ന ഒരാളെപ്പോലും വിധേയനാക്കാവുന്ന ഒരു പരീക്ഷയുമാണിത്. ഇതാണു കാര്യം:
ഞായറാഴ്ച എനിക്കു കിട്ടുന്ന വിധത്തിൽ ആഴ്ചയിലൊരിക്കൽ മാത്രം എനിക്കെഴുതുക- നിത്യേനയുള്ള നിങ്ങളുടെ കത്തുകൾ താങ്ങാനെനിക്കാവുന്നില്ല, അതിനുള്ള ത്രാണി എനിക്കില്ല. ഒരുദാഹരണം പറഞ്ഞാൽ, നിങ്ങളുടെ ഒരു കത്തിനു മറുപടി എഴുതിയിട്ട് പുറമേ പ്രശാന്തത ഭാവിച്ചുകൊണ്ട് കിടക്കയിൽ പോയിക്കിടക്കുകയാണു ഞാൻ; പക്ഷേ ഉടലുടനീളം ഹൃദയം കിടന്നു പിടയ്ക്കുകയായിരിക്കും, നിങ്ങളെക്കുറിച്ചല്ലാതെ മറ്റൊരു ബോധവുമെനിക്കുണ്ടാവുകയുമില്ല. നിനക്കുള്ളതാണു ഞാൻ, ഇങ്ങനെയല്ലാതെ അതിനെ വെളിപ്പെടുത്താനാവില്ല; അതു തന്നെ അത്ര ശക്തവുമല്ല. അതേ കാരണം കൊണ്ടു തന്നെ എന്താണു നിങ്ങളുടെ വേഷമെന്നറിയണമെന്നുമെനിക്കില്ല; എനിക്കു ജീവിതത്തെ നേരിടാനാവാത്ത രീതിയിൽ അതെന്നെ കുഴപ്പത്തിലാക്കുകയാണ്; അതുകൊണ്ടു തന്നെയാണ് നിങ്ങൾക്കെന്നോടു താത്പര്യമുണ്ടെന്നറിയണമെന്നെനിക്കില്ലാത്തതും. അങ്ങനെയുണ്ടായിരുന്നുവെങ്കിൽ ഞാനിങ്ങനെ ഓഫീസിലോ വീട്ടിലോ കുത്തിയിരിക്കുമോ? പകരം, കണ്ണുമടച്ച് ഒരു ട്രെയിനിൽ ചാടിക്കയറി നിങ്ങളുടെയടുത്തെത്തിയിട്ട് കണ്ണു തുറക്കുകയല്ലേ ചെയ്യുക? ഹാ, ഞാനങ്ങനെ ചെയ്യാത്തതിന് ദുഃഖകരമായ, ദുഃഖകരമായ ഒരു കാരണമുണ്ട്. ഞാൻ അധികം വലിച്ചുനീട്ടുന്നില്ല: എനിക്കു തികയുന്നത്രയേ ഉള്ളു എന്റെ ആരോഗ്യം; പിതൃത്വം പോകട്ടെ, വിവാഹത്തിനു തന്നെ തികയില്ലത്. അതേ സമയം നിങ്ങളുടെ കത്തു വായിക്കുമ്പോൾ വിഗണിക്കാനാവാത്തതിനെക്കൂടി വിഗണിക്കാമെന്ന് എനിക്കു തോന്നുകയും ചെയ്യുന്നു.
എനിക്കിപ്പോൾ നിങ്ങളുടെ മറുപടി കിട്ടിയിരുന്നുവെങ്കിൽ! ഞാൻ നിങ്ങളെ എന്തുമാത്രം യാതനപ്പെടുത്തുന്നു, അനക്കമറ്റ നിങ്ങളുടെ മുറിയിൽ ഈ കത്തു വായിക്കാൻ നിങ്ങളെ തള്ളിവിടുകയാണു ഞാൻ; അതും നിങ്ങളുടെ മേശപ്പുറത്തു വന്നുവീണവയിൽ വച്ചേറ്റവും ആഭാസകരമായ ഒന്നും! സത്യം പറയട്ടെ, ഒരു ദുർഭൂതത്തെപ്പോലെ നിങ്ങളുടെ ധന്യനാമത്തെ വേട്ടയാടുകയാണു ഞാനെന്ന് ചിലനേരം എനിക്കു തോന്നിപ്പോവുന്നു! ഇനിയെനിക്കെഴുതരുതെന്ന് നിങ്ങളോടപേക്ഷിച്ചുകൊണ്ടും, അങ്ങനെയൊരു വാഗ്ദാനം എന്റെ ഭാഗത്തു നിന്നു നല്കിക്കൊണ്ടുമുള്ള ശനിയാഴ്ചത്തെ ആ കത്തു ഞാൻ പോസ്റ്റു ചെയ്തിരുന്നെങ്കിൽ. ദൈവമേ, ആ കത്തയക്കുന്നതിൽ നിന്നെന്നെ വിലക്കിയതെന്തായിരുന്നു? എല്ലാം ഭംഗിയായി വരും. പക്ഷേ സമാധാനപരമായ ഒരു പരിഹാരം ഇപ്പോൾ സാധ്യമാണോ? ആഴ്ചയിലൊരിക്കൽ മാത്രം കത്തെഴുതുന്നുവെന്നത് നമ്മെ തുണയ്ക്കുമോ? ഇല്ല, ഇങ്ങനെയുള്ള പ്രയോഗങ്ങൾ കൊണ്ട് എന്റെ ദുരിതം ശമിക്കുമെങ്കിൽ അതത്ര ഗൗരവമുള്ളതാവുകയുമില്ല. ഞായറാഴ്ച കിട്ടുന്ന കത്തുകൾ പോലും താങ്ങാനുള്ള കെല്പ്പെനിക്കുണ്ടാവുകയില്ലെന്ന് ഇപ്പോൾത്തന്നെ ഞാൻ മുൻകൂട്ടി കണ്ടുതുടങ്ങുന്നു. അതിനാൽ, ശനിയാഴ്ച നഷ്ടപ്പെടുത്തിയ അവസരത്തിനു പകരമായി ഈ കത്തിനൊടുവിൽ ശേഷിച്ച ഊർജ്ജമൊക്കെയെടുത്തുകൊണ്ട് ഞാൻ നിങ്ങളോടാവശ്യപ്പെടുകയാണ്: നാം നമ്മുടെ ജീവിതങ്ങൾക്കു വില കല്പ്പിക്കുന്നുവെങ്കിൽ ഇതൊക്കെ ഉപേക്ഷിക്കുക.
നിങ്ങളുടെ സ്വന്തം എന്നു ഞാൻ ഈ കത്തവസാനിപ്പിക്കുമെന്നെനിക്കുണ്ടായിരുന്നോ? ഇല്ല, അത്രയും സത്യവിരുദ്ധമായി മറ്റൊന്നുമുണ്ടാവില്ല. എന്നെന്നും എന്നോടു തന്നെ തളയ്ക്കപ്പെട്ടവനാണു ഞാൻ, അതാണു ഞാൻ, അതിനോടു പൊരുത്തപ്പെട്ടു വേണം ജീവിച്ചുപോവാൻ ഞാൻ നോക്കേണ്ടതും.
ഫ്രാൻസ്
No comments:
Post a Comment