Wednesday, January 19, 2011

നെരൂദ - ശുദ്ധിയില്ലാത്ത കവിതയെക്കുറിച്ച്


ശുദ്ധിയില്ലാത്ത കവിതയെക്കുറിച്ച്


പകലോ രാത്രിയോ, നേരം കിട്ടുന്നൊരു നേരത്ത്,
വിശ്രമമെടുക്കുന്ന വസ്തുക്കളെ ഒന്നു നോക്കിനില്ക്കുന്നതു നല്ലതാണ്‌:
അയിരിന്റെയും പച്ചക്കറിയുടെയും വൻചുമടുകൾ പേറി
പൊടി പിടിച്ച ദൂരങ്ങളോടിയ ചക്രങ്ങൾ,
കൽക്കരിച്ചാക്കുകൾ, വീപ്പകൾ,
കൂടകൾ, തച്ചന്റെ കൊട്ടുവടികൾ.
അവയിൽ നിന്നു വമിക്കുന്നത്
മനുഷ്യന്റെയും മണ്ണിന്റെയും സ്പർശങ്ങൾ,
നെഞ്ചു നീറുന്ന ഭാവഗായകനു
പഠിക്കാനുള്ള പാഠങ്ങൾ.

പഴക്കം തേയിച്ച പ്രതലങ്ങൾ,
വസ്തുക്കളിൽ കൈപ്പെരുമാറ്റത്തിന്റെ തഴമ്പുകൾ,
പലപ്പോഴും ദാരുണവും
എപ്പോഴും ശോചനീയവുമായ
ഈ വസ്തുക്കളുടെ പരിവേഷം
നമ്മിലുണർത്തുന്നത്
അവജ്ഞയോടെ തള്ളരുതാത്ത ഒരു ലോകത്തിന്റെ
യാഥാർത്ഥ്യത്തിനായുള്ള ദാഹം.

അവയിൽ നിന്നു നിങ്ങളുടെ കണ്ണിൽപ്പെടുന്നത്
മനുഷ്യജന്മങ്ങളുടെ കലുഷമായ അശുദ്ധി,
കൂമ്പാരം കൂട്ടിയ സാമഗ്രികളുടെ
ഉപയോഗവും ദുർവിനിയോഗവും,
കാലടികളുടെയും വിരലുകളുടെയും പാടുകൾ,
വസ്തുക്കളെ അകവും പുറവും കുതിർത്തെടുക്കുന്ന
മനുഷ്യാന്തരീക്ഷം.

ഇതാകട്ടെ നാം തേടിനടക്കുന്ന കവിത,
കൈകളുടെ ദൗത്യങ്ങളാൽ
അമ്ളം വീണപോലെ ദ്രവിച്ചതും,
വിയർപ്പും പുകയും മുങ്ങിയതും,
മൂത്രവും ലില്ലിപ്പൂക്കളും മണക്കുന്നതും,
നിയമം നോക്കിയും നിയമം ലംഘിച്ചുമുള്ള വ്യവഹാരങ്ങൾ കൊണ്ടു
പുള്ളി കുത്തിയതും.

അശുദ്ധമായൊരു കവിത,
എച്ചിലു വീണ കുപ്പായം പോലെ,
നാണക്കേടുകൾ പറ്റിയ ഉടലു പോലെ,
ചുളിവുകളും, അഭിപ്രായങ്ങളും,
സ്വപ്നങ്ങളും, ജാഗ്രതയും, പ്രവചനങ്ങളും,
പ്രണയത്തിന്റെയും വെറുപ്പിന്റെയും പ്രഖ്യാപനങ്ങളും,
ജന്തുക്കളും, പൗണ്ട്രകന്മാരും, ഇടയഗാനങ്ങളും,
രാഷ്ട്രീയവിശ്വാസങ്ങളും, തള്ളിപ്പറച്ചിലുകളും,
സന്ദേഹങ്ങളും നികുതികളുമായി.

പ്രണയഗാനങ്ങളുടെ പാവനനിയമങ്ങളും,
സ്പർശത്തിന്റെയും ഗന്ധത്തിന്റെയും
രസനയുടെയും കാഴ്ചയുടെയും കേൾവിയുടെയും
ശാസനകളും,
നീതിക്കായുള്ള ദാഹവും, കാമാസക്തിയും,
കടലിരമ്പുന്ന ശബ്ദവുമായി,
ഒന്നിനെയും മനപ്പൂർവം തള്ളാതെ,
ഒന്നിനെയും മനപ്പൂർവം കൊള്ളാതെ,
സംഗതികളുടെ കയങ്ങളിലേക്കൊരു പ്രവേശം
സാഹസികമായൊരു പ്രേമബന്ധം പോലെ...

ഹീനമായ രുചികളിൽ നിന്നു പലായനം ചെയ്യുന്നവൻ
മഞ്ഞുപാളിയിൽ തെന്നിവീഴും.


1936 ഡിസംബറിൽ മാഡ്രിഡിൽ നടന്ന ഒരു കവിസമ്മേളനത്തിൽ നെരൂദയെ സദസ്സിനു പരിചയപ്പെടുത്തിക്കൊണ്ട് ലോർക്ക ചെയ്ത പ്രസംഗം:


നിങ്ങൾ ഇനി കേൾക്കാൻ പോകുന്നത് ഒരസ്സൽക്കവിയെ ആണെന്നു ഞാൻ പറയട്ടെ; നമ്മുടേതല്ലാത്ത, ചുരുക്കം ചിലർക്കു മാത്രം കണ്ണിൽപ്പെടുന്ന ഒരു ലോകത്തിന്റെ ഉലയിൽ സ്വയം കാച്ചിയെടുത്ത ഒരാൾ. തത്വചിന്തയെക്കാൾ മരണത്തോടും, ബുദ്ധിയെക്കാൾ വേദനയോടും, മഷിയെക്കാൾ ചോരയോടും അടുപ്പം വയ്ക്കുന്ന ഒരാൾ. ഭാഗ്യവശാൽ തനിക്കു തന്നെ പൊരുളു തിരിയാത്ത നിഗൂഢവചനങ്ങൾ കൊണ്ട് ഉള്ളു നിറഞ്ഞ ഒരു കവി. പ്രതിമയുടെ കല്ലിച്ച കവിളിനെക്കാൾ സ്ഥായിയാണ്‌ ഈറത്തണ്ടും കുരുവിയുമെന്നു വിശ്വസിക്കുന്ന പച്ചമനുഷ്യൻ...

നിർവ്യാജമായ ഭീതിയോടെ ഈയാൾ ലോകത്തിനെതിരു നില്ക്കുന്നു; എത്രയോ കള്ളക്കവികൾക്കു ജിവിതോപായമായ രണ്ടു സംഗതികൾ ഇദ്ദേഹത്തിൽ കാണാനില്ല- വെറുപ്പും വ്യാജോക്തിയും. കുറ്റം ചുമത്തി വാളോങ്ങുമ്പോൾത്തന്നെ തന്റെ വിരലുകൾക്കിടയിൽ മുറിപ്പെട്ടൊരു മാടപ്രാവിനെ ഈയാൾ കണ്ടെത്തുകയും ചെയ്യുന്നു.



No comments: