Monday, January 17, 2011

യഹൂദാ അമിച്ചായി - ദൈവങ്ങൾ വന്നുപോകുന്നു, പ്രാർത്ഥനകൾ മാറ്റമില്ലാതെ നില്ക്കുന്നു


1

ശവമാടങ്ങൾ തകർന്നുവീഴുന്നു,
വാക്കുകൾ വന്നുപോകുന്നു,
വാക്കുകൾ മറവിയിൽപ്പെട്ടുപോകുന്നു,
അവയുച്ചരിച്ച ചുണ്ടുകൾ മണ്ണാകുന്നു,
നാവുകൾ മനുഷ്യരെപ്പോലെ മരിക്കുന്നു,
മറ്റു നാവുകൾ ജീവനെടുക്കുന്നു,
ആകാശത്തു ദൈവങ്ങൾ മാറുന്നു,
ദൈവങ്ങൾ വന്നുപോകുന്നു,
പ്രാർത്ഥനകൾ മാറ്റമില്ലാതെ നില്ക്കുന്നു.

2

എനിക്കു വേണ്ടത് കണ്ണിനു കാണാവുന്നതും
കണ്ണു കാണാത്തതുമായൊരു ദൈവത്തെ,
എങ്കിൽ എനിക്കദ്ദേഹത്തിനു വഴി കാട്ടാമല്ലോ,
എന്തു കാണരുതെന്നു പറഞ്ഞും കൊടുക്കാമല്ലോ.
കണ്ണുപൊട്ടൻ കളിക്കുന്ന കുട്ടിയെപ്പോലെ
അവൻ കണ്ണു പൊത്തുന്നതൊന്നു കാണണമെന്നുമെനിക്കുണ്ട്.

എനിക്കു വേണ്ടത് ജനാല പോലത്തെ ഒരു ദൈവത്തെ,
എങ്കിൽ വീട്ടിലിരുന്നുകൊണ്ട് ജനാല തുറക്കുമ്പോൾ
എനിക്കു സ്വർഗ്ഗം കാണാമല്ലോ.
എനിക്കു വേണ്ടത് പുറത്തേക്കു മാത്രം തുറക്കുന്ന വാതിൽ പോലൊരു ദൈവത്തെ.
ദൈവം പക്ഷേ കുറ്റിയിൽത്തിരിയുന്നൊരു വാതിൽ പോലെ,
അകത്തേക്കും പുറത്തേക്കും കറങ്ങിത്തിരിയുകയാണവൻ,
ആദ്യന്തങ്ങളില്ലാതെയും.

3

പൂർണ്ണവിശ്വാസത്തോടെ ഞാൻ പറയുന്നു,
പ്രാർത്ഥനകൾ ദൈവത്തിനു മുമ്പേ ഉണ്ടായിരിക്കുന്നു.
പ്രാർത്ഥനകൾ ദൈവത്തെ സൃഷ്ടിച്ചു.
ദൈവം മനുഷ്യനെ സൃഷ്ടിച്ചു,
മനുഷ്യനെ സൃഷ്ടിച്ച ദൈവത്തെ സൃഷ്ടിച്ച പ്രാർത്ഥനകളെ
മനുഷ്യനും സൃഷ്ടിച്ചു.

4

ഇല്ലാതായൊരിടത്തേക്കു കയറിപ്പോകുന്ന പടവുകളാണു ദൈവം,
അതുമല്ലെങ്കിൽ ഉണ്ടായിട്ടേയില്ലാത്തൊരിടത്തേക്ക്.
പടവുകൾ എന്റെ വിശ്വാസം, പടവുകൾ എന്റെ താപം.
നമ്മുടെ പിതാമഹനായ യാക്കോബിനിതു സ്വപ്നത്തിലറിവുണ്ടായിരുന്നു.
മാലാഖമാർ പിന്നെ ക്രിസ്തുമസ് മരമലങ്കരിക്കും പോലെ
കോണിയുടെ പടികളലങ്കരിച്ചതേയുള്ളു.
ഉയിർപ്പിന്റെ സംഗീതമോ,
പടവുകളുടെ ദൈവത്തിനുള്ള സ്തുതിഗീതവും.

5

ദൈവം ഭൂമി വിട്ടുപോയപ്പോൾ
അവൻ ജൂതന്മാർക്കിടയിൽ തോറാ മറന്നുവച്ചു,
അതിൽപ്പിന്നെ അവർ അവനെയും നോക്കിനടക്കുകയാണ്‌,
പിന്നാലെ വിളിച്ചുകൂവുകയാണ്‌,
“നിങ്ങളെന്തോ എടുക്കാൻ വിട്ടുപോയി!”
എല്ലാവരും കരുതുന്നത് ഇതാണു തങ്ങളുടെ പ്രാർത്ഥനയെന്നാണ്‌,
ജൂതന്മാരുടെ പ്രാർത്ഥന.
അതിൽപ്പിന്നെ, അവൻ എവിടെയുണ്ടെന്നറിയാൻ
വേദപുസ്തകത്തിൽ സൂചനകൾ പരതുകയാണവർ.
“ദൈവം എവിടെയുണ്ടെന്നാരായുവിൻ,
അവനെ വിളിച്ചു കരയുവിൻ,
അരികിൽത്തന്നെയുണ്ടല്ലോ അവൻ”
എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.
അവൻ പക്ഷേ അകലെയത്രേ.

6

കടപ്പുറത്തെപ്പൂഴിയിൽ കടൽക്കിളികളുടെ കാൽപ്പാടുകൾ,
സാധനങ്ങളും പേരുകളും സംഖ്യകളും സ്ഥലങ്ങളും ഓർമ്മയിൽ നില്ക്കാൻ
ആരോ കുറിപ്പടിയെഴുതിയ കൈയെഴുത്തു പോലെ.
രാത്രിയിൽ പൂഴിയിൽ കിളികളുടെ കാൽപ്പാടുകൾ പകലുമതേപോലെ,
അവ ശേഷിപ്പിച്ച കിളികളെ ഞാൻ കാണുന്നുമില്ല.
ദൈവത്തിന്റെ കാര്യവും അതേപോലെ.

7

ഞങ്ങളുടെ പിതാവും ഞങ്ങളുടെ രാജാവും.
താൻ ജീവിച്ചിരിക്കെത്തന്നെ സന്തതികൾ അനാഥരാവുമ്പോൾ
ഒരു പിതാവെന്തു ചെയ്യും?
സന്തതികൾ മരണപ്പെട്ടു കാലം കഴിയും വരെയും
വിലപിച്ചുകഴിയേണ്ട ഒരു പിതാവെന്തു ചെയ്യും?
കരയുക, കരയുക, ഓർമ്മിക്കാതിരിക്കുക, മറക്കാതിരിക്കുക.
നമ്മുടെ പിതാവും നമ്മുടെ രാജാവും,
വേദനയുടെ രാഷ്ട്രത്തിൽ ഒരു രാജാവെന്തു ചെയ്യും?
അവർക്കപ്പവും സർക്കസ്സും നല്കുക,
എല്ലാ രാജാക്കന്മാരെയും പോലെ.
ഓർമ്മയുടെ അപ്പവും മറവിയുടെ സർക്കസ്സും.
അപ്പവും തൃഷ്ണയും,
ദൈവത്തിനായി, ഭേദപ്പെട്ടൊരു ലോകത്തിനായുള്ള തൃഷ്ണ.
എന്റെ പിതാവും എന്റെ രാജാവും.

9

ജൂതജനത ദൈവത്തിനു തോറാ വായിച്ചുകൊടുക്കുന്നു,
ആണ്ടുടനീളം, ആഴ്ചയിലൊരദ്ധ്യായമായി,
പ്രാണരക്ഷയ്ക്കു കഥ പറഞ്ഞ ഷെഹരെസാദെയെപ്പോലെ,
തോറായുടെ പെരുന്നാളെത്തുന്ന കാലമാവുമ്പോഴേക്കും
അവൻ സകലതും മറക്കുന്നു,
നമുക്കു വീണ്ടും തുടങ്ങുകയുമാവാം.

10

ടൂറിസ്റ്റു ഗൈഡിനെപ്പോലെ
സന്ദർശകർക്കും സഞ്ചാരികൾക്കും ദൈവസന്തതികൾക്കും മുന്നിൽ
ഞങ്ങളുടെ ജീവിതത്തെ വിവരിച്ചും വിശദീകരിച്ചും കൊണ്ടു
ദൈവം പറയുകയാണ്‌ “ ഇങ്ങനെയൊക്കെയാണു ഞങ്ങളുടെ ജീവിതം.”



No comments: