Wednesday, November 10, 2010

തച്ചിബാനാ അക്കേമി - ഏകാകിയുടെ ആനന്ദങ്ങൾ

.







എന്തൊരാനന്ദം,
സ്വന്തം പുൽക്കുടിലിനുള്ളിൽ
ഒരീറത്തടുക്കിൽ
ആരും കൂട്ടിനില്ലാതെ
സ്വസ്ഥനായിട്ടിരിക്കുക.

എന്തൊരാനന്ദം,
ഏറെക്കാണാത്തൊരു ഗ്രന്ഥം
സ്നേഹിതന്‍ കടം തന്നതെടുത്ത്
ആദ്യത്തെ താളു തുറക്കുക.

എന്തൊരാനന്ദം,
കടലാസു നീർത്തിവച്ച്
പേനയെടുത്തെഴുതുമ്പോൾ
കരുതിയതിലും ഭേദമാണ്‌
സ്വന്തം കൈപ്പടയെന്നു കാണുക.

എന്തൊരാനന്ദം,
നൂറു ദിവസം തല പുകച്ചിട്ടും
പുറത്തു വരാൻ മടിച്ചൊരു വരി
പെട്ടെന്നു വന്നവതരിക്കുക.

എന്തൊരാനന്ദം,
പുലർച്ചെയെഴുന്നേറ്റു നടക്കാനിറങ്ങുമ്പോൾ
ഇന്നലെ കാണാത്തൊരു  പൂവു
വിരിഞ്ഞു നില്ക്കുന്നതു കാണുക.

എന്തൊരാനന്ദം,
ഒരു ഗ്രന്ഥത്തിന്റെ താളുകൾ മറിച്ചുപോകെ
അതിൽ വിവരിച്ചിരിക്കുന്നൊരാൾ
തന്നെപ്പോലെതന്നെയാണെന്നു കണ്ടെത്തുക.

എന്തൊരാനന്ദം,
അതികഠിനമെന്നു
സകലരും സമ്മതിച്ചൊരു ഗ്രന്ഥം
തനിക്കത്ര പ്രയാസങ്ങൾ
വരുത്തുന്നില്ലെന്നു വരിക.


എന്തൊരാനന്ദം,
ഹിതമല്ലാത്തൊരു വിരുന്നുകാരൻ വന്നുകയറിയിട്ട്
നിൽക്കാൻ നേരമില്ലെന്നു പറഞ്ഞ്
പെട്ടെന്നിറങ്ങിപ്പോവുക.


എന്തൊരാനന്ദം,
ചാമ്പലൂതിമാറ്റുമ്പോൾ
കനലുകൾ ചുവക്കുന്നതും
വെള്ളം തിളയെടുക്കുന്നതും കാണുക


എന്തൊരാനന്ദം,
നല്ലൊരു തൂലിക കിട്ടിയതെടുത്ത്
വെള്ളത്തിൽ നന്നായി മുക്കി
നാവിൽ തൊട്ടു നോക്കി
ആദ്യത്തെ വര വരയ്ക്കുക.

എന്തൊരാനന്ദം,
ഉച്ചമയക്കം കഴിഞ്ഞെഴുന്നേല്ക്കുമ്പോൾ
മുറ്റത്തെ ചെടിത്തലപ്പുകളിൽ
മഴവെള്ളം തളിച്ചിരിക്കുന്നതു കാണുക.

എന്തൊരാനന്ദം,
പത്തായത്തിലെ നെല്ലളന്നു നോക്കുമ്പോൾ
ഇനിയുമൊരു മാസത്തേക്ക്
അതു തികയുമെന്നു കാണുക.

എന്തൊരാനന്ദം,
ഇറയത്തിനു തൊട്ട മരത്തിൽ
ഒരപൂർവ്വയിനം പക്ഷി
വന്നിരുന്നു പാടുന്നതു കേൾക്കുക.

എന്തൊരാനന്ദം,
വായിച്ചു മടുക്കുമ്പോൾ
ഒരു പരിചിതശബ്ദം
പടിക്കൽ വന്നു വിളിയ്ക്കുക.


(തച്ചിബാനാ അക്കേമി-1812-1868- ജാപ്പനീസ് കവിയും ക്ളാസ്സിക്കൽ പണ്ഡിതനും. നിത്യജീവിതത്തിലെ പരിമിതാനന്ദങ്ങളെ മഹത്വപ്പെടുത്തുന്ന കവിതകൾ. സ്വദേശത്തു മാത്രം അറിയപ്പെട്ടിരുന്ന ഈ കവിയെ  പ്രശസ്തനായ ഹൈകു കവി ഷികിയുടെ ലേഖനങ്ങളാണ്‌ പുറംലോകത്തിനു പരിചയപ്പെടുത്തുന്നത്.)


link to image

7 comments:

Ali said...

മനസ്സില്‍ തട്ടും വരികള്‍. ആനന്തതിന്‍ പൊരുളറിയുന്നേന്‍.

നിശാഗന്ധി പൂക്കുന്ന രാത്രി said...

എന്തൊരാനന്ദം
ഇന്ന് വിരിഞ്ഞ കവിതയില്‍
മഞ്ഞ് തുള്ളികള്‍ കാണുന്നത്..

നല്ല കവിത

Reenu said...

വായിച്ചപ്പോള്‍ എന്തൊരാനന്തം..ചെറിയ ചെറിയ സന്തോഷങ്ങളെ കവിതയുടെ വിശാലമായ ക്യാന്‍വാസില്‍ വരചിട്ടിരിക്കുന്നു..നന്നായി മനസ്സില്‍ തട്ടി.നല്ല പരിഭാഷ..

സോണ ജി said...

nannayi.........

cp aboobacker said...

എന്തൊരാനന്ദം,

Sreedevi said...

ഇന്നുകളില്‍ ജീവിക്കാന്‍ മറക്കുമ്പോള്‍ കാണാതെ പോകുന്ന കൊച്ചു വലിയ സന്തോഷങ്ങള്‍..

രാമൊഴി said...

liked it..