Saturday, June 5, 2010

നെരൂദ-തണ്ണിമത്തന്‌

 
 
image

വേനൽമരം,
തീക്ഷ്ണമാണത്,
ഉഗ്രമാണത്,
ആകെ നീലിച്ച മാനമാണത്,
മഞ്ഞസൂര്യൻ,
വിയർത്തിറ്റുന്നു ക്ഷീണം,
വഴികൾക്കു മേൽ
തൂങ്ങുന്നൊരു വാൾ,
നഗരങ്ങളിൽ
ചുട്ടുനീറുന്നൊരു ചെരുപ്പ്:
വെളിച്ചവും ലോകവും
നമ്മെ കീഴമർത്തുന്നു,
പൊടിയുടെ മേഘങ്ങളാൽ,
പൊൻനിറമായ
ആകസ്മികാഘാതങ്ങളാൽ
നമ്മുടെ കണ്ണുകളെ പ്രഹരിക്കുന്നു,
മുൾമുനകൾ കൊണ്ട്,
ചുടുന്ന കല്ലുകൾ കൊണ്ട്
നമ്മുടെ കാലടികളെ പീഡിപ്പിക്കുന്നു,
നമ്മുടെ കാൽവിരലുകളിലും വേദന തിന്നുന്നുവല്ലോ
നമ്മുടെ വായകൾ:
തൊണ്ടയ്ക്കു ദാഹിയ്ക്കുന്നു,
പല്ലിനും ചുണ്ടിനും
നാവിനും
ദാഹിയ്ക്കുന്നു:
നമുക്കു ദാഹം
ജലപാതങ്ങൾ കുടിച്ചുതീർക്കാൻ,
നീലരാത്രിയെ,
മഞ്ഞുറഞ്ഞ ധ്രുവദേശത്തെ മോന്താൻ,
ആ മുഹൂർത്തത്തിലത്രേ
ആകാശം കടന്നുപോകുന്നു
ഗ്രഹങ്ങളിൽ വച്ചെത്രയും
കുളിർമ്മയേറിയ ഗ്രഹം,
വർത്തുളം, മഹത്തരം,
നക്ഷത്രങ്ങൾ ഉള്ളിലടക്കിയ
തണ്ണിമത്തൻ.

ദാഹമരത്തിൽ വിളഞ്ഞ പഴമിത്,
വേനൽക്കലെ പച്ചത്തിമിംഗലം.

കുളിർമ്മയുടെ നഭോമണ്ഡലം
പൊടുന്നനേയലങ്കരിച്ച
വരണ്ട പ്രപഞ്ചം
നിറഞ്ഞുതുളുമ്പുന്ന ഈ പഴത്തെ
താഴേക്കിടുന്നു:
അതിന്റെ അർധഗോളങ്ങൾ തുറക്കുന്നു,
നമുക്കു കാണാകുന്നു
പച്ചയും വെള്ളയും ചുവപ്പും നിറത്തിൽ
ഒരു കൊടിക്കൂറ,
അതലിയുന്നു
ജലപാതങ്ങളിൽ,
പഞ്ചസാരയിൽ,
സ്വാദിൽ!

ജലത്തിന്റെ രത്നച്ചെപ്പേ,
പഴക്കടകളിലെ സൗമ്യറാണീ,
ഗഹനതയുടെ ഭണ്ഡാരമേ,
മണ്ണിലിറങ്ങിയ ചന്ദ്രബിംബമേ!
നീ നിർമ്മല,
മാണിക്യങ്ങളായലിയുന്നു
നിന്റെ സമൃദ്ധി,
ഞങ്ങൾക്കു ദാഹം
നിന്നിൽ പല്ലുകളാഴ്ത്താൻ,
നിന്നിൽ മുഖം പൂഴ്ത്താൻ,
മുടിയങ്ങനെ,
ആത്മാവങ്ങനെ
നിന്നിലമുഴ്ത്താൻ!
ദാഹം പൊറാത്ത ഞങ്ങൾക്കു
നീ കാഴ്ചയിൽ വരുന്നതോ,
മഹിതഭോജനത്തിന്റെ
ഖനിയായി, പർവതമായി,
ഞങ്ങളുടെ പല്ലുകൾക്കും
തൃഷ്ണകൾക്കുമിടയിൽപ്പക്ഷേ,
നീ മാറുന്നു
കേവലമൊരു
കുളിർവെട്ടമായി,
അതു പിന്നെയലിയുന്നു
പാട്ടിൻവിരൽകളാലൊരുകാലം
ഞങ്ങളെത്തഴുകിയൊരുറവായി.
അതിനാലത്രേ
അടുപ്പു പോൽച്ചുടുന്നൊരുച്ചമയക്കത്തിൽ
ഞങ്ങൾക്കു മേൽ ഭാരമാകുന്നില്ല നീ,
വന്നുപോകുന്നതേയുള്ളു നീ,
നിന്റെ മഹിതഹൃദയമോ,
ഒരേയൊരു നീർത്തുള്ളിയായിക്കെട്ട
തീക്കനലും.
*

image

ചാൾസ് സിമിക്-തണ്ണിമത്തൻ

പഴക്കടകളിൽ ഹരിതബുദ്ധന്മാർ,
നമ്മൾ പുഞ്ചിരി കഴിക്കുന്നു
പല്ലുകൾ തുപ്പിക്കളയുന്നു.

*

1 comment:

സോണ ജി said...

തണ്ണിമത്തനെ ഇങ്ങനേയും വര്‍ണ്ണിക്കാമോ ഭഗവാനേ!
:)