പ്രണയത്തിന്റെ കശാപ്പുശാലയിൽ
അവർ കൊല്ലുന്നതു കൊഴുത്തവയെ,
അവർക്കു വേണ്ട മെലിഞ്ഞവയെ,
കോലം കെട്ട ജന്തുക്കളെ.
ഈ മരണത്തിൽ നിന്നോടിപ്പോകരുതേ.
പ്രണയത്തിൻ കത്തി വീഴാത്തവൻ
ഉയിരു കെട്ട മാംസത്തുണ്ടം.
*
കുടിയന്മാർക്കു ഭടന്മാരെ പേടി,
കുടിയന്മാരാണു ഭടന്മാരും പക്ഷേ.
ചതുരംഗത്തിലെ കരുക്കളിവർ,
ദേശക്കാർക്കിഷ്ടമിരുവരെയും.
*
അകമില്ല, പുറമില്ല,
ചന്ദ്രനില്ല, മാനമില്ല, മണ്ണുമില്ല.
കൈയിൽത്തരേണ്ട മദ്യക്കോപ്പ,
നേരേ വായിലേക്കൊഴിച്ചോളൂ.
വായിലേക്കുള്ള വഴി ഞാൻ
മറന്നേപോയി.
*
നാം മോന്തുന്ന മദിര
നേരായും നമ്മുടെ ചോര.
ഈ വീപ്പകളിൽ നുരയുന്നതു
നമുക്കുള്ളയുടലുകൾ.
ഒരേയൊരു കോപ്പയ്ക്കായി
എന്തും വേണ്ടെന്നുവയ്ക്കും നാം,
അതൊന്നു മൊത്താനായി
മനസ്സിനെ പണയം വയ്ക്കും നാം.
*
എവിടേ,നിന്നുടലിന്റെ മധ്യബിന്ദു?
അതുമാരാഞ്ഞിന്നെന്റെ തോഴൻ വന്നു.
കാണാതെ വന്നപ്പോൾ വാളുമൂരി
അവിടെയുമിവിടെയും വെട്ടിയവൻ.
*
ആൾക്കൂട്ടത്തിനിടയിൽ വ-
ച്ചിന്നലെ രാത്രിയിൽക്കണ്ടു നിന്നെ .
അത്രയും ജനത്തിനു മുന്നിൽ വ-
ച്ചെങ്ങിനെ ഞാൻ നിന്നെ വാരിയെടുക്കും?
അതിനാൽ നിന്റെ കവിളത്തെൻ
ചുണ്ടുകൾ ഞാൻ ചേർത്തു
ഒരു കാര്യം പറയാനു-
ണ്ടൊളിവായിട്ടെന്ന പോൽ.
*
2 comments:
നന്ദി
മറ്റു ഭാഷാ കവിതകളെ അറിയാനൊരിടം
Post a Comment