Friday, June 18, 2010

കാഫ്ക-എത്രയും പ്രിയപ്പെട്ട അച്ഛന്-7

 

kafka-before the law

അല്ലെങ്കിൽപ്പിന്നെ, ഒരുദാഹരണം പറഞ്ഞാൽ, ഓട്ട്ലയുടെ സുറാവുസാഹസം, അതിന്റെ ആനുഷംഗികമായ ചുറ്റുപാടുകൾ ഒഴിവാക്കി നോക്കുമ്പോൾ, അങ്ങയെ സന്തോഷിപ്പിക്കേണ്ടതായിരുന്നില്ലേ?  ഗ്രാമത്തിൽ താമസമാക്കാനായിരുന്നു അവൾക്കു താത്പര്യം- അവിടന്നാണല്ലോ അങ്ങു വന്നത്; ജോലിയും അതിന്റെ കഷ്ടപ്പാടും അവൾക്കറിയണമായിരുന്നു- അങ്ങറിഞ്ഞപോലെതന്നെ; അങ്ങയുടെ പ്രയത്നത്തിന്റെ ഫലമനുഭവിച്ചു ജീവിക്കണമെന്നും അവൾക്കുണ്ടായിരുന്നില്ല- അച്ഛനെ ആശ്രയിക്കാതെ ജീവിച്ച അങ്ങയെപ്പോലെതന്നെ. അതൊക്കെ അത്രയും ഭയാനകമായ ഉദ്ദേശ്യങ്ങളായിരുന്നോ? ഇതൊക്കെത്തന്നെയല്ലേ അങ്ങു കാണിച്ചുതന്നതും പഠിപ്പിച്ചുതന്നതും? ഓട്ലയുടെ ഉദ്ദേശ്യങ്ങൾ ഒടുവിൽ ഒന്നുമാകാതെപോയി എന്നതു സത്യം തന്നെ; വേണ്ടതിലധികം ഒച്ചയും ബഹളവുമൊക്കെയായി അവളതിനെ അബദ്ധമാക്കി എന്നു പറയുന്നതും സത്യം തന്നെ; സ്വന്തം അച്ഛനമ്മമാരുടെ പേരിൽ അങ്ങനെയൊരു പരിഗണന അവൾ കാണിച്ചതുമില്ല. അതിനു പക്ഷേ അവളെ മാത്രം പഴിച്ചാൽ മതിയോ? അന്നത്തെ സാഹചര്യവും, അതിനുമുപരി, അങ്ങവളിൽ നിന്ന് അത്ര അകന്നിരിക്കുകയായിരുന്നു എന്ന വസ്തുതയും കണക്കിലെടുക്കേണ്ടതല്ലേ? കടയിൽ ഒപ്പമുണ്ടായിരുന്നപ്പോൾ അവൾക്കങ്ങയിൽ നിന്നുള്ള അകല്ച്ച സുറാവുവിൽ പോയതിനു ശേഷമുള്ള അകല്ച്ചയിൽ നിന്ന് ഒട്ടും കുറവൊന്നുമായിരുന്നില്ലല്ലോ, അങ്ങനെയല്ലെന്നു തെളിയിക്കാൻ അങ്ങു ശ്രമിച്ചിട്ടുണ്ടെങ്കില്ക്കൂടി. പ്രോത്സാഹനമോ, ഉപദേശമോ, മേൽനോട്ടമോ നല്കി, അല്ലെങ്കിലതും വേണ്ട, അതൊന്നു പൊറുത്തുകൊടുത്തെങ്കിലും, ആ സാഹസത്തിൽ നിന്നു  നല്ലതെന്തെങ്കിലുമൊന്നു സൃഷ്ടിക്കാനുള്ള അധികാരം അങ്ങയ്ക്കുണ്ടായിരുന്നതല്ലേ?

ഇതുമാതിരി അനുഭവങ്ങളെക്കുറിച്ചു  സംസാരിക്കുമ്പോൾ തമാശയായിട്ടാണെങ്കിലും മനം കടുപ്പിച്ച് അങ്ങു പറയാറുണ്ടായിരുന്നു, എന്തു സുഖജീവിതമാണു ഞങ്ങളുടേതെന്ന്. ഒരർഥത്തിൽ പറഞ്ഞാൽ അതൊരു തമാശയേയല്ല. അങ്ങു കഷ്ടപ്പെട്ടു നേടിയത് ഞങ്ങൾക്ക് അങ്ങയിൽ നിന്നു ദാനം കിട്ടി. പുറംലോകത്തെ ജീവിതസമരം- അങ്ങയ്ക്കതിൽ തുടക്കത്തിലേ ഏർപ്പെടേണ്ടിവന്നുവെന്നേയുള്ളു, കാലക്രമേണ ഞങ്ങൾക്കും അതിലേക്കിറങ്ങേണ്ടിവന്നു- അതു ഞങ്ങൾക്കു ജീവിതം കുറേ ജീവിച്ച ശേഷം നേരിടേണ്ടിവന്ന ഒന്നായിരുന്നു; മുതിർന്നവരെങ്കിലും കുട്ടികളുടെ കരുത്തേ ഞങ്ങൾക്കുണ്ടായിരുന്നുമുള്ളു. അതു കാരണം ഞങ്ങളുടെ അവസ്ഥ അങ്ങയുടേതിനെക്കാൾ മോശമായിരുന്നുവെന്നല്ല  ഞാൻ പറഞ്ഞുവരുന്നത്; അതു മിക്കവാറും തുല്യനിലയിലായിരുന്നിരിക്കാം (നമ്മുടെ സ്വഭാവപ്രകൃതികൾ തമ്മിലുള്ള വ്യത്യാസം ഇവിടെ കണക്കിൽ വരുന്നില്ല); അങ്ങു ചെയ്യുന്നതു പോലെ ലോകത്തിനു മുന്നിലെടുത്തു വീശാൻ, അതുപയോഗിച്ച് അന്യരെ നാണം കെടുത്താൻ ദുരിതം നിറഞ്ഞൊരു ഭൂതകാലം ഞങ്ങൾക്കില്ലാതെ പോയെന്നുമാത്രം. അങ്ങയുടെ  മഹത്തരവും വിജയകരവുമായ പ്രയത്നങ്ങളുടെ ഫലങ്ങൾ ആസ്വദിക്കാനും, ആ യത്നങ്ങൾ കൂടുതൽ മുന്നോട്ടു കൊണ്ടുപോയി പുഷ്ടിപ്പെടുത്താനും അതുവഴി അങ്ങയെ സന്തുഷ്ടനാക്കാനും എനിക്കു കഴിയുമായിരുന്നുവെന്നതും ഞാൻ നിഷേധിക്കുന്നില്ല. പക്ഷേ നമുക്കിടയിലെ മാനസികമായ അകൽച്ച അതിനു തടസ്സം നിന്നു. അങ്ങു തന്നതൊക്കെ ഞാൻ ആസ്വദിച്ചു, അതു പക്ഷേ, നാണക്കേടും, മനംമടുപ്പും, തളർച്ചയും, കുറ്റബോധവും അനുഭവിച്ചുകൊണ്ടായിരുന്നു. അതിനാലാണ്‌, ഒരു ഭിക്ഷക്കാരന്റെ നന്ദിയേ എനിക്കങ്ങയോടുള്ളൂ; സ്വന്തമായി ചെയ്ത പ്രവൃത്തികളിലൂടെ നന്ദി കാണിക്കാൻ എനിക്കു കഴിയില്ല.

ഈ ശിക്ഷണരീതിയുടെ ഏറ്റവും പ്രകടമായ ഫലമെന്തായിരുന്നുവെന്നാൽ, എത്രയും വിദൂരമായിപ്പോലും അങ്ങയെ ഓർമ്മിപ്പിക്കുന്ന സകലതിലും നിന്നു ഞാൻ പലായനം ചെയ്തുവെന്നതാണ്‌. ഒന്നാമതായി ബിസിനസ്സു തന്നെ. അതെനിക്കിഷ്ടമായിരുന്നു, കുട്ടിക്കാലത്ത്, തെരുവിലെ ഒരു കട മാത്രമായിരുന്ന നാളുകളിൽ പ്രത്യേകിച്ചും: എന്തൊരാളും അനക്കവുമായിരുന്നു; രാത്രിയിൽ ആകെ വെളിച്ചവും; കാണാനും കേൾക്കാനും എന്തൊക്കെ; ഇടയ്ക്കൊക്കെ ഒന്നു സഹായിക്കാൻ നിങ്ങൾക്കു കഴിയുന്നു; അതു വഴി ശ്രദ്ധയാകർഷിക്കാനും നിങ്ങൾക്കു കഴിയുന്നു; അതിനൊക്കെയുപരി അങ്ങയുടെ കച്ചവടമിടുക്കിന്റെ കേമത്തത്തെ ആദരവോടെ നിങ്ങൾ കണ്ടുനില്ക്കുന്നു: അങ്ങു സാധനങ്ങൾ വില്ക്കുന്ന ആ രീതി, ആളുകളെ കൈകാര്യം ചെയ്യുന്ന രീതി, ഇടയ്ക്കിടെ തമാശ പൊട്ടിക്കുന്ന രീതി, എത്രവേണമെങ്കിലും കണ്ടുനില്ക്കാമായിരുന്നു അതൊക്കെ; സംശയം തോന്നുന്ന ഇടപാടുകളിൽ മിന്നൽ പോലെ അങ്ങു കൃത്യമായിട്ടൊരു തീരുമാനമെടുക്കുന്നു; പിന്നെ, അങ്ങു ഒരു സാധനം പൊതിഞ്ഞുകൊടുക്കുന്നത്, ഒരു പെട്ടി തുറക്കുന്നത്- കണ്ടുനില്ക്കേണ്ട കാഴ്ചകളായിരുന്നു ഒക്കെ, ഒരു കുട്ടിക്കു പഠിക്കാൻ അത്ര മോശപ്പെട്ട ഇടവുമായിരുന്നില്ല എന്തായാലും. എന്നാൽ കാലക്രമേണ നാനാവശങ്ങളിലൂടെയും അങ്ങെനിയ്ക്കൊരു ഭീതിയായി വന്നതോടെ അങ്ങും കടയും എനിക്കൊന്നുതന്നെയായി, എനിക്കു പിന്നെ സ്വസ്ഥത കിട്ടാത്തൊരിടമായി കടയും. മുൻവിധി കൂടതെ പണ്ടു ഞാൻ അംഗീകരിച്ചതൊക്കെ പിന്നെയെനിക്കു പീഡനങ്ങളായി മാറി, എനിക്കു നാണക്കേടായിത്തോന്നി, പ്രത്യേകിച്ചും ജോലിക്കാരോടുള്ള അങ്ങയുടെ പെരുമാറ്റം. എനിക്കറിയില്ല, ഒരുപക്ഷേ എല്ലാ സ്ഥാപനങ്ങളിലും ഇങ്ങനെ തന്നെയായിരിക്കാം; ( ഞാൻ അസിക്യുരാസോണി ജെനെറാലിയിലായിരിക്കുമ്പോൾ അവിടെയും ഇതുപോലെ തന്നെയായിരുന്നു; ജോലി രാജി വക്കുന്നതിനു കാരണമായി ഞാൻ ഡയറക്റ്ററോടു പറഞ്ഞതിതാണ്‌ ( മുഴുവൻ സത്യമല്ലെങ്കിലും, മുഴുവൻ നുണയുമായിരുന്നില്ല അത്): ഈ ചീത്തപറച്ചിലും ശപിക്കലുമൊന്നും -അതെന്നെ നേരിട്ടു ബാധിക്കുന്നതായിരുന്നില്ല എന്നും പറയട്ടെ-  കേൾക്കാൻ എനിക്കു പറ്റില്ലെന്ന്: അത്ര പെട്ടെന്നു മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഒന്നായിരിക്കുന്നു വീട്ടിൽ വച്ചു തന്നെ എനിക്കത്.) പക്ഷേ എന്റെ ബാല്യത്തിൽ അന്യസ്ഥാപനങ്ങളുടെ കാര്യം എന്റെ വിഷയമായിരുന്നില്ലല്ലോ. പക്ഷേ കടയിൽ വച്ച് അങ്ങു ജോലിക്കാരോടു കുരച്ചുചാടുന്നതു കാണുമ്പോൾ ലോകത്തൊരിടത്തും അങ്ങനെയൊന്നുണ്ടാവില്ലെന്നാണ്‌ അക്കാലത്തെനിക്കു തോന്നിയിരുന്നത്. ചീത്തപറച്ചിൽ മാത്രമല്ല, പീഡനങ്ങൾ വേറെയുമുണ്ടായിരുന്നു. ഉദാഹരണത്തിന്‌, മറ്റുള്ളവയുമായി കൂടിക്കലരരുതെന്നു വച്ചിട്ട് അങ്ങു സാധനങ്ങൾ കൗണ്ടറിൽ നിന്നു തട്ടിമാറ്റുന്നത്- കോപം കൊണ്ടു കണ്ണു കാണാത്തതെന്നേ അതിനെന്തെങ്കിലുമൊരു ന്യായം പറയാനുള്ളു- , ജോലിക്കാരൻ അതുപിന്നെ പെറുക്കിയെടുത്തു വയ്ക്കണം. അതുമല്ലെങ്കിൽ ക്ഷയരോഗിയായ ഒരു ജോലിക്കാരനെക്കുറിച്ച് അങ്ങു സ്ഥിരം പറഞ്ഞിരുന്ന ഒരു പ്രയോഗം: ‘ആ പേട്ടുനായയ്ക്കു പോയി ചത്തൂടേ‘. ജോലിക്കാരെ അങ്ങു വിളിച്ചിരുന്നത് ’ കൂലിക്കെടുത്ത ശത്രുക്കൾ‘ എന്നായിരുന്നു, അവർ അതായിരുന്നുവെന്നതിൽ സംശയവുമില്ല; അവർ അങ്ങനെയാവുന്നതിനു മുമ്പുതന്നെ എനിക്കു തോന്നിയിരുന്നു, അങ്ങവരുടെ ’കൂലി കൊടുക്കുന്ന ശത്രു‘വാണെന്ന്. അതുപോലെ, അങ്ങയ്ക്ക് അനീതി കാണിക്കാൻ കഴിയും എന്ന വലിയ പാഠം ഞാൻ പഠിക്കുന്നതും അവിടെ നിന്നുതന്നെ; അതെന്നോടാണു കാണിച്ചിരുന്നതെങ്കിൽ അത്ര പെട്ടെന്നു ഞാനതു ശ്രദ്ധിക്കുമായിരുന്നില്ല, കാരണം, അങ്ങാണു ശരിയെന്നതു മുൻകൂട്ടി അംഗീകരിച്ചിരുന്നതിനാൽ അത്രയും വലിയൊരു കുറ്റബോധം എന്നിൽ വളർന്നുവന്നിരുന്നല്ലോ. പക്ഷേ എന്റെ ബാല്യകാലവീക്ഷണത്തിൽ- പില്ക്കാലത്തതിനു നേരിയൊരു ഭേദപ്പെടുത്തൽ വന്നുവെന്നേയുള്ളു, പൂർണ്ണമായങ്ങു മാറിയിട്ടില്ല- അവർ അന്യരാണ്‌, നമുക്കു വേണ്ടി ജോലി ചെയ്യുന്നവരാണ്‌, അതുകാരണം എന്നും അങ്ങയെ പേടിച്ചു കഴിയേണ്ടവരുമായിരുന്നു. ഇതു ഞാനൊന്നു കടത്തിപ്പറയുകയാണെന്നതു ശരിയായേക്കാം, അങ്ങെന്നിൽ ഭീതി വിതയ്ക്കുന്നതുപോലെയാണ്‌ അവരിലും അങ്ങയുടെ പ്രഭാവമെന്ന് ഞാൻ കരുതി. അങ്ങനെയായിരുന്നുവെങ്കിൽ അവർക്കു ജീവനോടൊരിക്കാൻ തന്നെ കഴിയുമായിരുന്നില്ല; പക്ഷേ മുതിർന്നവരായ സ്ഥിതിയ്ക്ക്, മിക്കവരും നെഞ്ചുറപ്പുള്ളവരായ സ്ഥിതിയ്ക്ക് അങ്ങയുടെ അധിക്ഷേപങ്ങൾ അവർക്കു കുടഞ്ഞുകളയാനേ ഉണ്ടായിരുന്നുള്ളു; ഒടുവിൽ അവരെക്കാളതു ദ്രോഹം ചെയ്തത് അങ്ങയ്ക്കുമായിരുന്നു. പക്ഷേ അതു കാരണം കടയിൽ നില്ക്കുന്നത് എനിക്കൊരു യാതനയായി മാറി; എനിക്കങ്ങയോടുള്ള ബന്ധത്തെ നിരന്തരം ഓർമിപ്പിക്കുന്നതായി അത്:
ഉടമസ്ഥനെന്ന നിലയിൽ അങ്ങയ്ക്കതിനോടുള്ള താത്പര്യം ഒഴിവാക്കിയാലും, എവിടെയും കേറിബ്ഭരിക്കുന്ന പ്രകൃതം ഒഴിവാക്കിയാലും, ഒരു ബിസിനസ്സുകാരൻ എന്ന നിലയിൽ മാത്രം നോക്കിയാൽ, അങ്ങയോടു പഠിച്ചവരെക്കാളൊക്കെയെത്രയോ ഭേദമായിരുന്നു അങ്ങ്; അതിനാൽ ആരെങ്കിലും എന്തെങ്കിലും നേടിയാൽ അതങ്ങയെ തൃപ്തിപ്പെടുത്താനും പോകുന്നില്ല. അതുപോലെ ഞാനും അങ്ങയെ തൃപ്തനാക്കുക എന്നതുണ്ടാവില്ല. അതിനാൽ ഞാൻ എന്നെയും ആ ജോലിക്കാരുടെ ഗണത്തില്പ്പെടുത്തി. എങ്ങനെയാണ്‌ കുടുംബാംഗമല്ലാത്ത ഒരാൾക്കു മേൽ ഇത്രയും അധിക്ഷേപങ്ങൾ വയ്ച്ചുകെട്ടുന്നതെന്നതും എനിക്കന്നു മനസ്സിലാകാതെപോയി. അങ്ങനെ, അത്രയും കോപിഷ്ടരും മനസ്സുകെട്ടിരിക്കുന്നവരുമായി ഞാൻ കരുതിയ ജോലിക്കാരെ അങ്ങയോടും അങ്ങയുടെ കുടുംബത്തോടും രജ്ഞിപ്പിക്കാൻ  ഞാൻ ശ്രമിച്ചു; മറ്റൊന്നിനുമല്ലെങ്കിൽ എന്റെ സ്വന്തം രക്ഷയ്ക്കായിരുന്നു അത്. അതിനു പക്ഷേ സാധാരണരിതിയിൽ മര്യാദയോടെയുള്ള പെരുമാറ്റം പോരായിരുന്നു, അവരോട് അത്രയും താഴുകയും വേണമായിരുന്നു; ആദ്യം അഭിവാദ്യം ചെയ്യുന്നതു ഞാനായാൽപ്പോരാ, കഴിയുമെങ്കിൽ അവരുടെ പ്രത്യഭിവാദ്യം ഒഴിവാക്കുകയും വേണം. എത്ര നിസ്സാരനായിക്കോട്ടെ ഞാൻ, ഈ ഞാൻ അവരുടെ കാലു നക്കിയാൽപ്പോലും യജമാനനെന്ന പേരിൽ അങ്ങ് അവരുടെ തലയ്ക്കു മേലേല്പ്പിക്കുന്ന പ്രഹരങ്ങൾക്ക് മതിയായൊരു പരിഹാരമാകില്ലത്. എന്റെ സഹജീവികളോട് ഇങ്ങനെ തുടങ്ങിയ ബന്ധം ബിസിനസ്സിന്റെ അതിരുകളും ഭേദിച്ച് ഭാവിയിലേക്കു വളർന്നു ( എന്റെ കാര്യത്തിലെന്ന പോലെ അപകടകരവും ദൂരവ്യാപകവുമല്ലെങ്കിൽപ്പോലും, ഓട്ട്ലയുടെ ചില ഇഷ്ടങ്ങളും ഇതു കണക്കായിരുന്നു: പാവപ്പെട്ടവരോടുള്ള സഹവാസം, വേലക്കാരികൾക്കൊപ്പം ചെന്നിരിക്കുക- അതു കണ്ടാൽ അങ്ങയ്ക്കു വെറി പിടിക്കുമായിരുന്നു). വന്നുവന്ന് എനിക്കു കടയെ അത്ര ഭയമായിത്തുടങ്ങി; എന്തായാലും ജിംനേഷ്യത്തിൽ ചേരുന്നതിനു മുമ്പുതന്നെ ഞാൻ അതിൽ നിന്നു പിൻവാങ്ങിത്തുടങ്ങിയിരുന്നു; ജിംനേഷ്യം എന്നെ വീണ്ടും അകലേക്കു കൊണ്ടുപോവുകയും ചെയ്തു. അതിനും പുറമേ എന്റെ കഴിവുകൾ പോരാ അതിനെന്നെനിക്കു തോന്നുകയും ചെയ്തു; അങ്ങയെത്തന്നെ അതു പിഴിഞ്ഞെടുക്കുകയാണെന്ന് അങ്ങു തന്നെ പറഞ്ഞിട്ടുമുണ്ടല്ലോ. പിന്നെയങ്ങു ശ്രമിച്ചു  (ഇന്നുമതെന്റെ മനസ്സിനെ സ്പർശിക്കുന്നു, എന്നെ നാണിപ്പിക്കുകയും ചെയ്യുന്നു) അങ്ങു കെട്ടിപ്പൊക്കിയ ബിസിനസ്സിനോടുള്ള എന്റെ അനിഷ്ടം ആ തരത്തിലൊരു പാടവം എനിക്കില്ലാത്തതു കൊണ്ടാണെന്ന്, എന്റെ തലയ്ക്കുള്ളിൽ മറ്റെന്തോ വലിയ ആശയങ്ങൾ കൂടു കൂട്ടിയിരിക്കുന്നതു കൊണ്ടാണെന്നു വ്യാഖ്യാനിച്ച് തനിക്കല്പമെങ്കിലും സ്വീകാര്യമാക്കാൻ. അങ്ങു തന്നിൽ നിന്നുതന്നെ പിഴിഞ്ഞെടുത്ത ഈ വ്യാഖ്യാനം അമ്മയ്ക്കും സന്തോഷപ്രദമായിരുന്നു; മിഥ്യാഭിമാനിയായ ഞാൻ, സ്വയം നീതീകരിക്കാൻ എന്തെങ്കിലുമൊന്നു തേടിനടന്ന ഞാൻ, ഞാനും അതു വിശ്വസിച്ചു. പക്ഷേ ബിസ്സിനസ്സിൽ നിന്നെന്നെ പുറം തിരിപ്പിച്ചത് അത്തരം ‘വലിയ ആശയങ്ങളാ’യിരുന്നുവെങ്കിൽ( ഇപ്പോൾ, ഇപ്പോൾ മാത്രമാണ്‌ ശർക്കും ഞാനതിനെ ആത്മാർഥമായി വെറുത്തുതുടങ്ങിയത്), മറ്റൊരു പ്രകാരത്തിലായിരുന്നല്ലോ അവ പ്രകടമാകേണ്ടിയിരുന്നത്; മറിച്ച്, ഒരു മികവും കാണിക്കാതെ സ്കൂളും ജിംനേഷ്യവും കടന്ന് ഒരു ഗുമസ്തന്റെ മേശയ്ക്കു പിന്നിൽ വന്നടിയുകയായിരുന്നല്ലോ ഞാൻ.

No comments: