Thursday, June 10, 2010

നെരൂദ-റോസാപ്പൂവിന്‌,

image


റോസാപ്പൂവിന്‌,
ഈ റോസാപ്പൂവിന്‌,
ഒന്നുമാത്രമായ,
അഴകാർന്ന,
വിടർന്ന,
പാകമായ
റോസാപ്പൂവിന്‌,
അതിന്റെ സൂര്യപടക്കയങ്ങൾക്ക്,
ആ ചുവന്ന മാറിന്റെ സ്ഫോടനത്തിന്‌.
ആളുകൾ കരുതി,
അതെ,
ആളുകൾ കരുതി,
ഞാൻ നിന്നെ ത്യജിച്ചതാണെന്ന്,
ഞാൻ നിന്നെ കീർത്തിക്കുകയില്ലെന്ന്,
നീയെന്റേതല്ലെന്ന്, റോസാപ്പൂവേ,
അന്യരുടേതാണു നീയെന്ന്,
നിന്നെ നോക്കാതെയാണെന്റെ
പോക്കെന്ന്,
മനുഷ്യരും
അവരുടെ കലഹങ്ങളുമേ
എന്റെ മനസ്സിലുള്ളുവെന്ന്.
അതു സത്യമല്ല, റോസാപ്പൂവേ,
നിന്നെ എനിക്കു സ്നേഹമാണ്‌.
യൗവനത്തിലെനിക്കു പ്രിയം
ഗോതമ്പുകതിരുകളെയായിരുന്നു,
മാതളപ്പഴങ്ങളെയായിരുന്നു,
പൊന്തകളിലെ മുരട്ടുപൂക്കളെയായിരുന്നു
എനിക്കു പ്രിയം,
കാട്ടുലില്ലികളെയായിരുന്നു.
അത്രയും സുഭഗയായിരുന്നു
നീയെന്നതിനാൽ
എനിക്കു പുച്ഛമായിരുന്നു
നിന്റെ നിവർന്ന നിറവിനെ,
നിന്റെ കഞ്ചുകത്തിന്റെ പുലരിപ്പട്ടിനെ,
അലസവും ഉദ്ധതവുമായ
നിന്റെ യാതനയെ,
ഇതളിതളായി
നിന്റെ നിധി ചിതറിത്തീരും വരെ
കത്തിനിന്നിരുന്നുവല്ലോ നീ.

നീയെന്റേതാണു
റോസാപ്പൂവേ,
ഭൂമിയിലെ
മറ്റെന്തും പോലെ,
കവിയ്ക്കാകുമോ
നിന്റെ ജ്വലിക്കുന്ന ചഷകത്തിനു നേർക്കു
കണ്ണടയ്ക്കാൻ,
നിന്റെ സൗരഭ്യത്തിനു മുന്നിൽ
ഹൃദയം കൊട്ടിയടയ്ക്കാൻ.
റോസാപ്പൂവേ, നീ ബലത്തവൾ:
എന്റെ തോപ്പിൽ മഞ്ഞു വീഴുന്നതു
ഞാൻ കണ്ടിരിക്കുന്നു:
മഞ്ഞു മരവിപ്പിച്ചു
ജീവിതത്തെ,
വന്മരങ്ങളുടെ
കൊമ്പുകളൊടിഞ്ഞു,
നീ മാത്രം,
റോസാച്ചെടിയേ,
ബാക്കി നിന്നതു
നീ മാത്രം,
മനസ്സുറച്ചവൾ,
തണുപ്പത്തും മറയ്ക്കാത്തവൾ,
മണ്ണിനെപ്പോലെ നീ,
ബന്ധു നീ
ഉഴവന്‌,
ചെളിയ്ക്ക്,
മഞ്ഞിന്‌,
പില്ക്കാലം പിന്നെ
കൃത്യത്തിന്‌
ഒരു റോസാപ്പൂവിന്റെ പിറവി,
ഒരു നാളത്തിന്റെ നാമ്പെടുക്കൽ.

പണിക്കാരിപ്പൂവേ,
നീ പണിയെടുത്തുണ്ടാക്കുന്നു
നിന്റെ സുഗന്ധതൈലം,
നീ പരുവപ്പെടുത്തുന്നു
നിന്റെ ശോണസ്ഫോടനത്തെ, വെണ്മയെ,
മഞ്ഞുകാലമുടനീളം
നീ നിലം പരതുന്നു,
നീ കുഴിച്ചെടുക്കുന്നു
ധാതുക്കളെ,
ഖനി തുരന്നുപോകുന്നോളേ,
അടിയിൽ നിന്നു
തീ വലിച്ചെടുക്കുന്നു നീ,
പിന്നെ വിടരുന്നു നീ
വെളിച്ചത്തിന്റെ തേജസ്സ്,
അഗ്നിയുടെ അധരം,
സൗന്ദര്യത്തിന്റെ ദീപം.

നീ
എന്റേത്.
എന്റേതും എല്ലാവരുടേതും,
ഞങ്ങൾക്കു കഷ്ടിയാണു
നിന്നെ നോക്കിനില്ക്കാൻ
നേരമെങ്കിലും,
നിന്റെ നാളങ്ങളാളിക്കത്തിക്കാൻ
ജീവിതമെങ്കിലും,
റോസാപ്പൂവേ,
നീ ഞങ്ങൾക്കുള്ളത്,
കഴിഞ്ഞ കാലത്തിൽ നിന്നു
നീ വരുന്നു,
മുന്നോട്ടു പോകുന്നു,
ഉദ്യാനങ്ങളിൽ നിന്നിറങ്ങി നീ
ഭാവിയിലേക്കു പോകുന്നു.
മനുഷ്യന്റെ
വഴികളിലൂടെ
നീ നടക്കുന്നു,
തകർക്കാൻ പറ്റാത്തവൾ, വിജയി,
ഒരു പതാകയുടെ
മുകുളം നീ.
നിന്റെ സൗരഭ്യത്തിന്റെ
ദൃഢവും പേലവവുമായ കൊടിക്കീഴിൽ
ഉദാത്തയായ ഭൂമി
മരണത്തെ ജയിച്ചുവല്ലോ,
വിജയം നിന്റെ ജ്വാലയുമായി.

No comments: