Wednesday, June 2, 2010

കാഫ്ക-തെമ്മാടിക്കൂട്ടം

image0_2

ഒരിക്കൽ ഒരിടത്ത് ഒരു തെമ്മാടിക്കൂട്ടമുണ്ടായിരുന്നു; അവർ തെമ്മാടികളായിരുന്നുവെന്നല്ല, സാധാരണ മനുഷ്യർ തന്നെയായിരുന്നു അവർ. എന്നും അവർ ഒരുമിച്ചേ നില്ക്കൂ. ഉദാഹരണത്തിന്‌ തങ്ങളിലൊരാൾ ഒരപരിചിതനെ, തങ്ങളുടെ കൂട്ടത്തിനു പുറത്തുള്ള ഒരാളെ എന്തെങ്കിലും തെമ്മാടിത്തം കാണിച്ച്- വീണ്ടും പറയട്ടെ, തെമ്മാടിത്തമൊന്നുമല്ല അത്, സാധാരണ നടക്കുന്ന പതിവുകാര്യം തന്നെ- അയാൾക്കൊരു മനപ്രയാസമുണ്ടാക്കുകയും, ചെയ്തവൻ പിന്നെ വന്ന് കൂട്ടത്തിനു മുന്നിൽ തന്റെ കുറ്റം ഏറ്റുപറയുകയാണെന്നുമിരിക്കട്ടെ, അവർ വിശദമായ അന്വേഷണം നടത്തുകയും, ശിക്ഷ വിധിക്കുകയും, പിഴയോ മാപ്പോ എന്താണെന്നു വച്ചാൽ അതീടാക്കുകയും ചെയ്യും. ഇതിൽ ആർക്കും മോശം വരാതെ അവർ നോക്കുന്നുണ്ട്; വ്യക്തികളുടെയും, കൂട്ടത്തിന്റെ ആകെക്കൂടിയുമുള്ള താത്പര്യങ്ങൾക്ക് ഹാനി വരാതെ സൂക്ഷിക്കുന്നുണ്ട്. കുറ്റം ഏറ്റുപറഞ്ഞവനെ അതേ വിധത്തിൽത്തന്നെയാണ്‌ അവർ കൈകാര്യം ചെയ്യുന്നതും:

‘എന്ത്? നിനക്കതു വലിയ മനപ്രയാസമായിരിക്കുന്നുവെന്നോ? നീ ചെയ്തതിൽ പ്രത്യേകിച്ചൊന്നുമില്ലല്ലോ; നിനക്കങ്ങനെയല്ലേ പ്രവർത്തിക്കാനാവൂ. മറ്റൊരു വിധമായിരുന്നു നിന്റെ പ്രവൃത്തിയെങ്കിൽ അതു ദുരൂഹമായേനെ. നിന്റെ മനസ്സൊന്നു കലങ്ങിയിരിക്കുകയാണ്‌, അത്രേയുള്ളു. ഒക്കെ മാറ്റിവച്ച് ഉഷാറാവെന്നേ.’ അങ്ങനെ അവർ എക്കാലവും ഒരുമിച്ചുതന്നെ നിന്നു; മരണശേഷവും അവർ കൂട്ടംപിരിഞ്ഞില്ല; അന്യോന്യം കൈകോർത്ത് ഒരു വലയമായിട്ടാണ്‌ അവർ സ്വർഗ്ഗത്തേക്കുയർന്നത്. അവർ പറന്നുയരുന്നതു കണ്ടിട്ട് എത്രയും നിർമ്മലമായ ശൈശവനിഷ്ക്കളങ്കതയുടെ ഒരു ദൃശ്യമെന്നേ പറയാനുള്ളു. പക്ഷേ സ്വർഗ്ഗത്തെ നേരിടുന്ന സകലതും അവയുടെ ഘടകങ്ങളായി വിഘടിക്കുമെന്നതിനാൽ അവർ തകർന്നുവീണു- വെറും ശിലാഖണ്ഡങ്ങൾ.

*

നിങ്ങൾക്കു ബോധമുണ്ടായിത്തുടങ്ങി എന്നതിന്റെ ആദ്യലക്ഷണമാണ്‌ മരിക്കാനുള്ള ആഗ്രഹം. ഈ ജീവിതം നിങ്ങൾക്കസഹ്യമായിത്തോന്നുന്നു, മറ്റൊന്നാകട്ടെ അപ്രാപ്യവും. മരിക്കാൻ നിങ്ങൾക്കിപ്പോൾ ഒരു നാണക്കേടും തോന്നുന്നില്ല; തന്നെ അടച്ചിരിക്കുന്ന മുറിയിൽ നിന്ന് (നിങ്ങൾക്കതിനെ വെറുപ്പാണ്‌) മറ്റൊരു മുറിയിലേക്ക് (കാലം കൊണ്ട് നിങ്ങൾ അതിനെയും വെറുക്കും) തന്നെ മാറ്റാൻ നിങ്ങൾ യാചിക്കുകയാണ്‌. അതിൽ പക്ഷേ, ഒരു പ്രത്യാശ ബാക്കി നില്ക്കുന്നുണ്ട്: നിങ്ങളെ മാറ്റുന്നതിനിടെ ഇടനാഴിയിൽ വച്ച്  നിങ്ങൾ യജമാനന്റെ കണ്ണിൽ പെട്ടുവെന്നു വരാം; തടവുകാരനെ നോക്കിയിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞുവെന്നു വരാം:“ ഈ മനുഷ്യനെ ഇനിയും തടവിലടയ്ക്കേണ്ട. അയാൾ എന്നോടൊപ്പം വരട്ടെ.”

 

(from the blue octavo notebooks)

No comments: