Monday, June 29, 2009
ഇന്നത്തെ ഈസോപ്പ്
2. അറബിയും ഒട്ടകവും
ഒട്ടകത്തിനു മേൽ ചുമടൊക്കെ കയറ്റിക്കഴിഞ്ഞ് അറബി അതിനോടു ചോദിച്ചു, കുന്നു കയ റിപോകണോ അതോ കുന്നിറങ്ങിപ്പോകണോയെന്ന്. 'അല്ലാ, യജമാനനേ,' ഒട്ടകം ചോദിച്ചു, 'അടിവാരത്തിലൂടുള്ള വഴി ആരെങ്കിലും മുടക്കിയോ?'
3. യാത്രക്കാരും മഴുവും
രണ്ടു പേർ കൂട്ടുകൂടി യാത്ര പോകുമ്പോൾ ഒരാൾക്ക് വഴിയിൽക്കിടന്ന് ഒരു മഴു കിട്ടി; അയാൾ വിളിച്ചുപറഞ്ഞു, 'എനിക്കെന്താ കിട്ടിയതെന്നു കണ്ടോ?' 'എനിക്കെന്നു പറയരുത്,' മറ്റേയാൾ തിരുത്തി. 'നമുക്കെന്തു കിട്ടിയെന്നു പറയൂ.' അവരങ്ങനെ കുറേദൂരം ചെന്നപ്പോൾ മഴുവിന്റെ ഉടമസ്ഥൻ എതിരേ വരുന്നു. മഴു കട്ടതാണെന്നും പറഞ്ഞ് അയാൾ ബഹളമായി. 'നമ്മുടെ കാര്യം പോക്കായി,' മഴു കിട്ടിയ ആൾ കൂട്ടുകാരനോടു പറഞ്ഞു. 'നമ്മുടെ എന്നു പറയാതെ,' കൂട്ടുകാരൻ വീണ്ടും തിരുത്തി. 'എന്റെ കാര്യം പോക്കായി എന്നു വേണം ഇനി പറയാൻ. തനിക്കു കിട്ടിയ ഭാഗ്യം മറ്റൊരാളുമായി പങ്കു വയ്ക്കാൻ മടിക്കുന്നൊരാൾക്കു ഭാഗ്യക്കേടു വന്നാൽ അതു പങ്കുവയ്ക്കാനും ആരുമുണ്ടാവില്ല.'
4. വൈദ്യനും രോഗിയും
ഏറെക്കാലം ഒരു വൈദ്യരുടെ ചികിത്സയിലായിരുന്ന ഒരു രോഗി മരിച്ചുപോയി. പരേതന്റെ സംസ്കാരവേളയിൽ വന്നവരോടും ബന്ധുക്കളോടൂമായി വൈദ്യര്‍ പറഞ്ഞുനടക്കുകയാണ് 'ആ പാവം കള്ളുകുടിക്കാതെ ദേഹം നോക്കിനടന്നിരുന്നെങ്കിൽ ഈ ഗതി വരു മായിരുന്നോ.' 'എന്റെ വൈദ്യരേ,' മരിച്ചയാളിന്റെ ഒരു ബന്ധു പറഞ്ഞു, 'ഇനി അതൊക്കെ പറഞ്ഞിട്ടെന്താ ഫലം? ഈ കുറിപ്പടിയൊക്കെ രോഗി ജീവിച്ചിരുന്നപ്പോൾ വേണ്ടതായിരുന്നു.'
Labels:
ഈസോപ്പ്,
കഥ,
ഗ്രീക്ക്,
ഗ്രീസ്,
വിവര്‍ത്തനം
Subscribe to:
Post Comments (Atom)
No comments:
Post a Comment