Friday, June 26, 2009

നൊസാവാ ബോഞ്ചോ (1640-1714)



കനാസാവായിൽ ജനിച്ചു. വൈദ്യരായി ക്യോട്ടോവിൽ ജീവിതം. ബഷോയുടെ ശിഷ്യനായിരുന്നു.

1

എരിക്കാനുള്ള
ചുള്ളിക്കെട്ടിലതാ,
മുളപൊട്ടുന്നു.

2

ഊർക്കുരികിൽ കരയുമ്പോൾ
പൈൻമരക്കാവിനുള്ളിൽ
വെളിച്ചമരിച്ചിറങ്ങുന്നു.

3

മുകളിൽ മേഘങ്ങൾ
താഴെ മേഘങ്ങൾ-
ശരൽക്കാലവാനം.

4

മഞ്ഞു വീണ തുറസ്സിൽ
പുഴയൊരൊറ്റവര.

5

കാറ്റിനും മേഘങ്ങൾക്കും
രാത്രിയിൽ കൂട്ടൊരാൾ-
ചന്ദ്രനൊരാൾ.

6

പ്രണയം-
അതിനെത്ര വഴികൾ.

7

ഒളിഞ്ഞുനോക്കുന്ന
പണിക്കാരികൾ
മറ തട്ടിയിടുന്നു.

8

കാറ്റനക്കമില്ലാത്ത
നേരത്തു നോക്കൂ,
ഇലകൾ താനേ വീഴുന്നു!

9

ഇളവെയിൽ കൊള്ളുമ്പോൾ
കൊയ്ത്തുകറ്റ മണക്കുന്നു-
എന്തു കുളിരാണതിന്‌!

10

പരുന്തിൻകൂട്ടിൽ
കർപ്പൂരത്തിൻ ചുള്ളികളിൽ
സൂര്യനസ്തമിക്കുന്നു.

11

എന്തോ വീണ പോലെ-
തന്നത്താൻ വീണതാണു
നോക്കുകുത്തി

No comments: