Wednesday, June 24, 2009

ഷികി(1867-1902)


ആധുനികകാലത്ത്‌ ഹൈകുവിനെ പുനർനിർവ്വചിച്ച കവിയാണ്‌ മത്‌സുവോകാ ഷികി. രോഗപീഡിതമായ തന്റെ ഹ്രസ്വജീവിതത്തിനിടയിൽ നിരന്തരമായ വിമർശനങ്ങലൂടെയും ഹൈക്കുരചനയിലൂടെയും ഹൈക്കുവിനെ അതിന്റെ സാങ്കേതികകാർശ്യത്തിൽ നിന്നു മോചിപ്പിക്കാനും ആധുനികജീവിതത്തിന്റെ സങ്ക്‌Iർണ്ണതകളെ ആവിഷ്കരിക്കാൻ പര്യാപ്തമായ ഒരു മാധ്യമമാക്കി മാറ്റാനുംഅദ്ദേഹത്തിനു കഴിഞ്ഞു.

1867 സെപ്തംബർ 17 ന്‌ മത്‌സുമായിൽ ജനിച്ചു. സമുരായിയായിരുന്ന അച്ഛൻ ഹയാതാ ഷികിക്ക്‌ അഞ്ചുവയസ്സുള്ളപ്പോൾ മരിച്ചു. അമ്മ യേ അധ്യാപികയായിരുന്നു. സ്കൂളിൽ വച്ചേ ഷികി എഴുത്തു തുടങ്ങിയിരിക്കുന്നു. 1883 ൽ മത്‌സുമായിൽ നിന്ന് ടോക്യോവിലേക്ക്‌ താമസം മാറ്റുകയും ഇമ്പീരിയൽ യൂണിവേഴ്സിറ്റിയിൽ ക്ലാസിക്‌ ജാപ്പനീസ്‌ സാഹിത്യം പഠിക്കാൻ തുടങ്ങുകയും ചെയ്തു. 1892 ൽഅനാരോഗ്യം കാരണം പഠനം മുടങ്ങി. 1894-95 ൽ ചൈനീസ്‌-ജാപ്പനീസ്‌ യുദ്ധം റിപ്പോർട്ട്‌ ചെയ്യുന്നതിനിടെ ക്ഷയരോഗബാധിതനായതിനെത്തുടർന്ന് പിന്നീടുള്ള കാലം തന്റെകവിതാപരീക്ഷണങ്ങളുമായി വീട്ടിൽത്തന്നെകഴിഞ്ഞു. അവസാനകാലം ത്‌Iർത്തും ശയ്യാവലംബിയായെങ്കിലും തന്നെ കാണാനെത്തുന്ന സുഹൃത്തുക്കളോടും ശിഷ്യന്മാരോടുമൊപ്പം ഹൈക്കുവിനെക്കുറിച്ചു ചർച്ച ചെയ്യാനായിരുന്നു അദ്ദേഹത്തിനുത്സാഹം. 1902 സെപ്തംബർ 9 ന്‌  മുപ്പത്തഞ്ചാം വയസ്സിൽ അദ്ദേഹം അന്തരിച്ചു.


1

അന്ധനൊരാൾ
ബധിരനൊരാൾ
മൂകനൊരാൾ-
ശരൽക്കാലസന്ധ്യയും.

2

തന്നെപ്പണിഞ്ഞവന്റെ
മുതുകിലേറി
പാലം കടക്കുന്നു
നോക്കുകുത്തി.

3

ബധിരനാണയാൾ
മൂകനാണയാൾ
അമ്പലമണി നോക്കി
നിൽക്കയാണയാൾ.

4

ക്രിസാന്തമങ്ങൾക്കൊരു നൂറുനിറം
വാടിവീഴും വേളയി-
ലൊരേനിറം.

5

അമ്പലമണിയിൽ
പറ്റിയിരുന്നു
തിളങ്ങുകയാണൊരു
മിന്നാമിന്നി.

6

ഇലയുടെ സൂചിമുനത്തുമ്പിൽ
തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.

7

മുളംകാടിനപ്പുറം
മഴ പൊഴിയും വേളയിൽ
പാറിനടക്കുന്നു
മിന്നാമിനുങ്ങുകൾ.

8

ബുദ്ധപ്രതിമയുടെ കൃഷ്ണമണി
അതിൽ തങ്ങിയിരിക്കുന്നു
മഞ്ഞുതുള്ളി.

9

തരിശ്ശുപാടത്തൂടെ
നെട്ടനെയൊരു ഭിക്ഷു-
അയാൾക്കു പിന്നിൽ
സൂര്യാസ്തമയം.

10

അന്തിവെയിലിൽ
നെൽപ്പാടത്തിനു മേൽ
താഴ്‌ന്നുപറക്കുന്നു
വെട്ടുക്കിളികൾ.

11

മേഘങ്ങളില്ലാത്ത
ത്‌സുക്കൂബാമാനത്ത്‌
ചുവന്ന തുമ്പികൾ.

12

പച്ചപ്പുല്ലിൽ
നഗ്നപാദനായി
ഒരു ശിശു.

13

തെളിഞ്ഞ പുഴവെള്ളത്തിൽ
വെള്ളാരംകല്ലുക-
ളിളകുന്നു.

14

മഞ്ഞുകാലത്തു തർക്കാരിപ്പാടത്ത്‌
നഗരത്തിന്നകലവെളിച്ചങ്ങളുടെ
വിസർജ്ജനം.

15

മരം മുറിച്ചുപോയപ്പോൾ
എന്റെ ജനാലയ്ക്കൽ
നേരത്തേയൊരു സൂര്യോദയം.

16

പൂർണ്ണചന്ദ്രനുദിച്ചുവരുമ്പോൾ
ഈറക്കാടു വിറകൊള്ളുന്നു.

17

ചെറിപ്പൂക്കൾ കൊഴിയുന്നു
അതിനിടെ
കിളിച്ചിറകുകൾ.

18

ബുദ്ധനു പുറംതിരിഞ്ഞ്‌
കുളിരുന്ന ചന്ദ്രനെ
നോക്കിയിരിക്കുന്നു ഞാൻ.

19

കൊയ്ത്തുനാൾ-
പുകയുന്നില്ല
ചുടുകാടിന്ന്.

20

കിടക്കയിൽ കിടക്കുമ്പോൾ
ഒരു മഞ്ഞുതുള്ളി
എന്നെ തൊട്ടപോലെ.

21

കാറ്റൂതുന്ന രാത്രിയിൽ
കത്തു വായിച്ചുനിൽക്കവെ
മനസ്സിനൊരു ചാഞ്ചല്യം.

22

ശരൽക്കാലം കനക്കുമ്പോൾ
ദൈവങ്ങളില്ലെനിക്ക്‌
ബുദ്ധന്മാരില്ലെനിക്ക്‌.

23

ഞാൻ പോകുന്നു
നിങ്ങൾ ശേഷിക്കുന്നു-
രണ്ടുതരം ശരൽക്കാലങ്ങൾ
നമ്മുടേത്‌.

24

ശരൽക്കാലത്തിന്റെ
നിറപ്പകർച്ചകൾക്കിടയിൽ
അകലവെളിച്ചങ്ങൾ.

25

പാടലപ്പൂക്കൾക്കിടയിൽ
ഒരു വെള്ളപ്പൂമ്പാറ്റ-
ആരുടെയാത്മാവാണത്‌?

26

കടന്നുപോയോനെ
തിരിഞ്ഞുനോക്കി ഞാൻ-
മൂടൽമഞ്ഞിൽ
മറഞ്ഞുപോയയാൾ.

27

ഒരു ശവമാടം
പൈൻമരമരികിൽ
കൂടെ കുയിലും.

28

മഴത്തുള്ളികളും മഞ്ഞുതുള്ളികളും
ഉരുണ്ടിറങ്ങിക്കണ്ടുമുട്ടി
താമരപ്പൂവിനുള്ളിൽ.

29

എങ്ങനെയുറങ്ങും തുമ്പി?
കണ്ണുകളത്രയേറെ!

30

അതിരുകളില്ലാത്ത മാനത്ത്‌
ഒരു കുയിൽ.

31

വീണുപോയ തൊപ്പി
ഏന്തിയെടുക്കാനെന്നപോലെ
ചാഞ്ഞുനിൽക്കുന്നു നോക്കുകുത്തി.

32

മലകേറിപ്പോകുന്നു
ചൂട്ടുവെട്ടം
മേപ്പിളിലകൾക്കിടയിലൂടെ.

*

No comments: