Sunday, June 21, 2009

നിക്കോളായ്‌ സബൊലൊട്സ്കി(1903-1958)


കുതിരയുടെ മുഖം

മൃഗങ്ങൾ ഉറങ്ങാറില്ല.
രാത്രിയാവുമ്പോൾ
അവ ഭൂമിക്കുമേൽ
ഒരു കന്മതിൽ പോലെ നിൽക്കുന്നു.

പശുവിന്റെ ചായുന്ന മുഖം
മിനുസ്സമായ കൊമ്പുകൾ കൊണ്ട്‌
വൈക്കോലിളക്കുന്നു;
പ്രാചീനമായ കവിളെല്ലുകൾക്കിടയിൽ
കല്ലുപോലത്തെ നെറ്റി
ഒരു പൂളു പോലെ.

അതിനെക്കാൾ അറിവും അഴകുമുണ്ട്‌
കുതിരയുടെ മുഖത്ത്‌.
അവൻ ഇലയുടെയും കല്ലിന്റെയും
സംസാരം കേൾക്കുന്നു
മൃഗങ്ങളുടെ ഗർജ്ജനം കേൾക്കുന്നു
പൊന്തയിൽ കുയിലിന്റെ പാട്ടു കേൾക്കുന്നു.

എല്ലാമറിഞ്ഞിട്ടു പക്ഷേ,
ആരോടാണവൻ തന്റെ
അതിശയദർശ്ശനങ്ങളെക്കുറിച്ചൊന്നു പറയുക?
രാത്രി വ്‌Iർപ്പടക്കിനിൽക്കുന്നു
ഇരുണ്ട മാനത്ത്‌ നക്ഷത്രരാശികൾ ഉയർന്നുവരുന്നു.
കാവൽ നിൽക്കുന്ന ഭടനെപ്പോലെ
കുതിര നിൽക്കുന്നു
കാറ്റവന്റെ മുടിയിഴകൾ കോതുന്നു
രണ്ടു ഭീമലോകങ്ങളെപ്പോലെ
അവന്റെ കണ്ണുകളെരിയുന്നു
രാജകീയാംഗവസ്ത്രം പോലെ
അവന്റെ കുഞ്ചിരോമമെഴുന്നുവരുന്നു.

ഒരു മനുഷ്യൻ
ഈ കുതിരയുടെ മാന്ത്രികമുഖം കാണാനിടയായെങ്കിൽ?
എങ്കിൽ അയാൾ തന്റെ വന്ധ്യമായ നാവു പിഴുതെടുത്ത്‌
ഈ കുതിരയ്ക്കു നൽകിയേനെ.
ഈ മാന്ത്രികമൃഗം അതർഹിക്കുന്നുവല്ലോ.

അപ്പോൾ നമുക്കു വാക്കുകൾ കേൾക്കാറാകും
ആപ്പിളു പോലെ മുഴുത്ത വാക്കുകൾ
വെണ്ണ പോലെ, തേൻ പോലെ
കൊഴുത്ത വാക്കുകൾ
കുടിലിനുള്ളിൽ കത്തിപ്പടരുന്ന അഗ്നി പോലെ
ആത്മാവിനെ അതിന്റെ ദരിദ്രവേഷത്തിൽ
വെളിച്ചപ്പെടുത്തുന്ന വാക്കുകൾ.
മരണമില്ലാത്ത വാക്കുകൾ
പാട്ടുകളിൽ നാം കൊണ്ടാടുന്ന വാക്കുകൾ.

പക്ഷേ ഇപ്പോൾ തൊഴുത്തു ശൂന്യമാണ്‌;
മരങ്ങൾ പിരിഞ്ഞുകഴിഞ്ഞു,
ഒരു പിശുക്കൻപ്രഭാതം കുന്നുകളെ പൊതിയുന്നു,
വയലുകളെ വേലയ്ക്കായി തുറക്കുന്നു.
കുതിരയോ, നുകത്തിനടിയിൽ
കെട്ടിയടച്ച വണ്ടിയും വലിച്ചുപോകവെ
പൊരുളുതിരിയാത്തതും
അനക്കമറ്റതുമായ ഈ ലോകത്തെ
നിർമ്മമമായ കണ്ണുകൾ കൊണ്ട്‌ നോക്കുന്നു.

(1926)

No comments: