ആവേശഭരിതരായ യുവാക്കളേ, യുദ്ധം നിങ്ങൾക്കു മനോഹരമാണ്! കീർത്തിയെക്കുറിച്ചുള്ള വ്യാമോഹത്താൽ തല തിരിഞ്ഞുപോയ നിങ്ങൾ കരുതുന്നു,ഒരു ഭാഗ്യനക്ഷത്രത്തിൻ കീഴിൽ ജനിച്ചവരാണു തങ്ങളെന്ന്, ഉണങ്ങിയ മരക്കൊമ്പുകളിൽ നിന്ന് പഴങ്ങളിറുന്നു വീഴുന്നപോലെ സ്വന്തം സഖാക്കൾ മരിച്ചുവീഴുമ്പോഴും ശത്രുവിന്റെ വെടിയുണ്ടകൾ തങ്ങളുടെ ജീവിതത്തെ മാനിക്കുമെന്ന്. നിങ്ങൾ പറയുകയാണ്:വിജയശ്രീലാളിതരായി ഞങ്ങൾ പുറത്തുവരും; അവരുടെ ജഡങ്ങളുമായി ഞങ്ങൾ മടങ്ങുമ്പോൾ വിജയികളായ അഭിമാനത്തോടെ ഞങ്ങൾ കരയും. ജന്മഭൂമിയുടെ ആദ്യജാതരായി തങ്ങൾ കൊണ്ടാടപ്പെടുമെന്ന് നിങ്ങൾ കരുതുന്നു.
കച്ചവടക്കാരാ, ആവശ്യക്കാരായ ദേശാഭിമാനികളെ കൊള്ളയടിച്ചും രാഷ്ട്രവുമായി വിലപേശൽ നടത്തിയും തന്റെ അടുപ്പിൽ വേവുന്നതിനു താൻ കൊഴുപ്പു കൂട്ടും. തന്റെ കീശയിൽ നാണയങ്ങളും തന്റെ വയറ്റിൽ ഏമ്പക്കവും നിറയ്ക്കുന്ന ആ ഭിന്നതയെ താൻ വാഴ്ത്തും.
വിദേശിയായ ബാങ്കറേ, കഴുത്തറുപ്പൻ പലിശയ്ക്കു താൻ പണം കടം കൊടുക്കും. വെടിമരുന്നും ആളെക്കൊല്ലികളായ ആയുധങ്ങളും നിർമ്മിക്കുന്ന ഹേ ഫാക്റ്ററിക്കാരാ, വിശിഷ്ടമത്സ്യമാണു മരണം തനിക്ക്; ആകാശം മുട്ടുന്ന വിലയ്ക്കും ചോരയ്ക്കും പൊന്നിനും പകരമായി താൻ തന്റെ കൊലക്കത്തികൾ വിൽക്കാൻ വരും; അതിനു വില നൽകുക കടലിലേക്കും ശവക്കുഴികളിലേക്കുമെടുത്തെറിയപ്പെടുന്ന പാവങ്ങളാണ്.
ഇനി തന്റെ കാര്യമാണു രാഷ്ട്രീയക്കാരാ: ആ നരഹത്യയ്ക്കു ശേഷം ദൗർഭാഗ്യത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നുകൊണ്ട് താൻ തുള്ളിച്ചാടും; അതുമല്ലെങ്കിൽ തന്റെ വാദം ശരിയായതിന്റെ അഹങ്കാരത്തോടെ കുന്തിക്കുന്തി താൻ നടക്കും.എന്നിട്ട് സിരകളിൽ പുതുരക്തവുമായി രാജ്യം അതിന്റെ ശോഷിച്ച ആരോഗ്യം വീണ്ടെടുത്തു വരുമ്പോഴേക്കും താൻ പുതിയൊരു കലഹത്തിനുള്ളതൊക്കെ സ്വരുക്കൂട്ടിയിട്ടുമുണ്ടാവും; എന്നാലല്ലേ സ്വന്തം സഹോദരനോടും സ്വന്തം അയൽക്കാരനോടും വീണ്ടും സംഘർഷത്തിലേർപ്പെടാൻ തനിക്കാകൂ? വെറുപ്പിന്റെയും അസൂയയുടെയും പുതിയ പുതിയ വിക്രമങ്ങൾ തന്റെ പേർക്കു ചാർത്തിക്കിട്ടൂ?
കലാകാരനും ചിന്തകനും: നിങ്ങൾക്കു കീർത്തിക്കാനർഹമായ ഒരു രംഗം നിങ്ങൾക്കു കിട്ടട്ടെ; നിങ്ങളുടെ ഭാവന അവിടെ യഥേഷ്ടം മേഞ്ഞുനടക്കട്ടെ.
അതേസമയം കരയാനല്ലാതെ ഒന്നുമറിയാത്ത ആ വൃദ്ധകളുടെ കാര്യമോ? ചോര വറ്റിയ സ്ത്രീകൾ, അനാഥരായ പാവം കുട്ടികൾ, അവരുടെ കാര്യമോ? നഷ്ടപരിഹാരം കാത്തിരിക്കുന്നവർ,രാത്രി വൈകുവോളം കെടാതെ കത്തുന്ന ഒരു വിളക്ക്, വിഷാദം തോന്നുന്ന ആ തയ്യൽ മെഷീനുകൾ- അവയോ? ആ കറുത്ത വസ്ത്രങ്ങളുടെ കാര്യമോ?
______________________________________________________________________________________________________________
റുബേൻ ദാരിയോ (1867-1916)ലാറ്റിനമേരിക്കയിലെ മോഡേണിസ്റ്റാപ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായ നിക്കരാഗ്വൻ എഴുത്തുകാരൻ.
No comments:
Post a Comment