Thursday, December 2, 2010

റൂമി-സ്വന്തം പ്രഹേളികയുടെ പൊരുളു തിരിയ്ക്കൂ…

 

File:Fenix-1.gif


പുലരി പിറക്കുന്ന മുഹൂർത്തമറിയാൻ
നേരത്തേ പിടഞ്ഞെഴുന്നേറ്റ വിദ്വാനാര്‌?
ദാഹിച്ചെത്തിയ ചോലയിൽ
ചന്ദ്രനെ കണ്ടുകിട്ടിയതാർക്ക്?
ശോകവും പ്രായവും കൊണ്ടന്ധനായ യാക്കോബിനെപ്പോലെ
കാണാതപോയ മകന്റെ കുപ്പായം മുത്തി
കാഴ്ച കിട്ടിയ പിതാവുമാര്‌?
കെട്ടിയിറക്കിയ തൊട്ടിയിൽ
ഒഴുകുന്ന പ്രവാചകനെ കോരിയെടുത്തതാര്‌?
മോശയെപ്പോലെ തീ തേടിപ്പോയി
ജ്വലിക്കുന്ന സൂര്യഹൃദയം കണ്ടു മടങ്ങിയതാര്‌?

ശത്രുക്കളെപ്പേടിച്ചൊരു കൂരയിൽ കേറിയൊളിച്ചവൻ യേശു,
അവൻ വാതിൽ തുറന്നതു മറ്റൊരു ലോകത്തേക്കത്രെ.
മീനറുക്കുമ്പോൾ ശലോമോൻ കണ്ടതു
പൊന്നിന്റെ മോതിരമത്രെ.
പ്രവാചകനെ കൊല്ലാൻ കുതിച്ചെത്തിയ ഉമർ
വരങ്ങൾ വാങ്ങി മടങ്ങിയത്രെ.
ഒരു മാനിന്റെ പിന്നാലെ പോകുന്നൊരാൾ
എത്തിപ്പെട്ടതതിരില്ലാത്തൊരിടത്തത്രെ.
ഒരു തുള്ളി വിഴുങ്ങാൻ വായ തുറന്ന ചിപ്പിയിൽ
പിന്നെ വിളഞ്ഞതു മുത്താണത്രെ.
നിലം പൊത്തിയ കോട്ടയ്ക്കുള്ളിലലഞ്ഞുനടന്ന തെണ്ടിയ്ക്ക്
കൈ നിറയെ നിധി കിട്ടിയത്രെ.

കഥകൾ കേട്ടു മയങ്ങേണ്ട,
അന്യർ കാര്യം നടത്തിയ പ്രകാരങ്ങൾ കേട്ടു തൃപ്തനുമാവേണ്ട:
സ്വന്തം പ്രഹേളികയുടെ പൊരുളു തിരിയ്ക്കൂ;
വ്യാഖ്യാനങ്ങളുടെ പൊന്തക്കാട്ടിൽ നിന്നു പുറത്തു വരൂ;
നിന്റെ ഹൃദയം ഞാൻ തുറക്കുന്നു-
ആ വചനം പോലെ ലളിതമാവട്ടെ നിന്റെ സത്യം.

എഴുന്നേറ്റു നടന്നാട്ടെ.
കാലുകൾ കുഴഞ്ഞോട്ടെ, ദേഹം തളർന്നോട്ടെ.
ഒരു മുഹൂർത്തം വരും:
നിങ്ങൾക്കു ചിറകു മുളയ്ക്കുന്നതു നിങ്ങളറിയും,
ഉടൽ നിലം വിടുന്നതു നിങ്ങളറിയും.


No comments: