പ്രിയപ്പെട്ട ഫ്രൗളിൻ ഫെലിസ്,
ഇതു കേൾക്കൂ പ്രിയപ്പെട്ട ഫെലിസ്, രാത്രിയുടെ നിശ്ശബ്ദതയിലാണ് എന്റെ വാക്കുകൾ വ്യക്തമാവുന്നതെന്നെനിക്കു തോന്നുന്നു. ഇന്നുച്ചയ്ക്കെഴുതിയ കത്ത് കത്താണെന്ന കാര്യം മറന്നേക്കൂ; ഒരു മുന്നറിയിപ്പായി നമുക്കതോർമ്മയിൽ വയ്ക്കാം. എന്നു പറഞ്ഞാൽ ശുഭസൂചകമായ ഒരു മുന്നറിയിപ്പ്. ആ കത്തെഴുതിക്കഴിഞ്ഞതിനു ശേഷമുള്ള ഉൾക്കിടിലം ഒരുകാലത്തും എന്റെ ഓമ്മയിൽ നിന്നു മായില്ല, അതെഴുതുമ്പോൾത്തന്നെ പരിതാപകരമായിരുന്നു എന്റെ അവസ്ഥയെങ്കില്ക്കൂടി. സ്വന്തമായിട്ടൊന്നും എഴുതിയില്ലെങ്കിൽ അങ്ങനെയായിപ്പോവുകയാണു ഞാൻ (അതുമാത്രമല്ല കാരണമെന്നു കൂടി പറയട്ടെ). ഞാൻ എനിക്കു വേണ്ടി മാത്രമായി, എന്നെക്കുറിച്ചുദാസീനരോ, എന്റെ പരിചയക്കാരോ, അതുമല്ലെങ്കിൽ എന്റെ സാന്നിദ്ധ്യത്തിലുള്ളവർക്കോ വേണ്ടി മാത്രമായി ജീവിക്കുന്നിടത്തോളം കാലം, സ്വന്തം ഉദാസീനതയും പരിചയവും അല്ലെങ്കിൽ തങ്ങളുടെ പ്രബലവും ജീവസ്സുറ്റതുമായ സാന്നിദ്ധ്യവും കൊണ്ട് എന്റെ കുറവുകൾ അവർ നികത്തുന്നിടത്തോളം കാലം ഞാനതിനെക്കുറിച്ച് അത്രയ്ക്കങ്ങു ബോധവാനാവുന്നില്ല. പക്ഷേ ആരോടെങ്കിലും ഒന്നടുക്കാൻ ഞാൻ ശ്രമിക്കുമ്പോൾ, ആ ഒരുദ്യമത്തിലേക്ക് ഞാനെന്നെ സമർപ്പിക്കുമ്പോൾ ദുരിതം എനിക്കുറപ്പായിക്കഴിഞ്ഞു. അപ്പോൾ ഞാൻ ഒന്നുമല്ലാതാവുന്നു; ഒന്നുമില്ലായ്മ കൊണ്ട് ഞാനെന്തു ചെയ്യാൻ? കാലത്ത് നിങ്ങളുടെ കത്തു വന്നത് ( ഉച്ചയായപ്പോഴേക്കും അതു മാറിയിരിക്കുന്നു) വേണ്ട സമയത്തു തന്നെയാണെന്നു സമ്മതിക്കട്ടെ; ആ വാക്കുകൾ തന്നെയാണ് എനിക്കു വേണ്ടിയിരുന്നത്.
പക്ഷേ ഞാൻ പൂർവ്വസ്ഥിതിയിലേക്കെത്തിയിട്ടില്ലെന്ന് ഇപ്പോഴെനിക്കു ബോധ്യമാവുന്നു; എന്റെ എഴുത്തിന് മതിയായ ലാഘവം വന്നിട്ടില്ല; ഈ കത്തു കൂടി നിങ്ങളുടെ നീരസം അർഹിക്കുന്നതു തന്നെ. നമുക്ക് ഉറക്കത്തെ അഭയം പ്രാപിക്കാം, ദൈവങ്ങളെയും.
വിട! ഞാനർഹിക്കുന്നതിലുമധികം കാരുണ്യം എനിക്കാവശ്യമുണ്ട്.
സ്വന്തം ഫ്രാൻസ്.കെ.
1 comment:
Nandi-Nallathu
Post a Comment