Sunday, December 26, 2010

കാഫ്ക - ഫെലിസിന്


1912 നവംബർ 23

പ്രിയപ്പെട്ടവളേ,  ഞാൻ നിന്നെ എന്തുമാത്രം സ്നേഹിക്കുന്നുവെന്നോ! രാത്രി വളരെ വൈകിയിരിക്കുന്നു; ഞാൻ എന്റെ കൊച്ചുകഥ മാറ്റിവച്ചുകഴിഞ്ഞു; കഴിഞ്ഞ രണ്ടു രാത്രികളിൽ ഞാനതിൽ കാര്യമായി പണിയെടുത്തിട്ടുമില്ല; അതാകട്ടെ വലിയൊരു കഥയായി രൂപം മാറുകയുമാണ്‌. പൂർണ്ണമായാൽത്തന്നെ ഞാനതെങ്ങനെ നിനക്കു വായിക്കാൻ തരും? വായിക്കാവുന്ന രിതിയിലല്ല അതെഴുതിയിരിക്കുന്നത്; ഇനി അതുമൊരു തടസ്സമല്ലെങ്കില്ക്കൂടി - ഭംഗിയുള്ള കൈപ്പടയിലെഴുതുക എന്നൊരൗദാര്യം ഞാനിതേവരെ നിന്നോടു കാണിച്ചിട്ടില്ലല്ലോ - വായിക്കാനായി അയച്ചുതരാൻ എനിക്കത്ര താത്പര്യവുമില്ല; ഞാൻ നിനക്കതു വായിച്ചുകേൾപ്പിക്കാം. അതെ, ആ കഥ നിന്നെ വായിച്ചുകേൾപ്പിക്കുക- അല്പം പേടിപ്പെടുത്തുന്ന ഒന്നായതു കൊണ്ട് എനിക്കു നിന്റെ കൈ എടുത്തുപിടിക്കേണ്ടിയും വരും. രൂപാന്തരം എന്നാണ്‌ ആ കഥയ്ക്കു പേര്‌. നീ ശരിയ്ക്കും ഞെട്ടിപ്പോകും; അതിലൊരു വാക്കു പോലും കേൾക്കണമെന്നുണ്ടാവില്ല നിനക്ക്. കഷ്ടം! ദിനംപ്രതിയുള്ള കത്തുകൾ കൊണ്ടുതന്നെ ഞാൻ നിന്നെ എന്തുമാത്രം ഭയപ്പെടുത്തുന്നു. പ്രിയപ്പെട്ടവളേ, ഭേദപ്പെട്ട ഈ എഴുത്തുകടലാസ്സിൽ പുതിയൊരു ജീവിതത്തിനു നമുക്കു തുടക്കമിടാം. ഇതെഴുതുമ്പോൾ എന്റെ കണ്ണുകൾ ആകാശത്തേക്കു പോകുന്നതായി ഞാനറിയുന്നു, അവിടെയാണു നീയിരിക്കുന്നതെന്നപോലെ. നീ അവിടെയല്ലാതെ എന്നോടൊപ്പം ഈ പടുകുഴിയിലായിരുന്നെങ്കിൽ. സംശയം വേണ്ടാ, അത്രയും അഗാധമായ ഗർത്തങ്ങളാണവ. ഇനി മുതൽ എത്ര മനസ്സമാധാനത്തോടെ നാം പരസ്പരം കത്തെഴുതുന്നുവോ - അങ്ങനെയൊരനുഗ്രഹമെങ്കിലും ദൈവം നമുക്കു നല്കട്ടെ- അത്ര സ്പഷ്ടമായി നിനക്കതു കണ്ണിൽപ്പെടുകയും ചെയ്യും. അങ്ങനെയാണെങ്കിൽക്കൂടി നീ എന്നോടൊപ്പം ഉണ്ടായിരുന്നുവെങ്കിൽ! അതെ, അശാന്തിയുടെയും ബലഹീനതയുടെയും തുണയ്ക്കു ചെല്ലുകയാവാം സ്വസ്ഥതയുടെയും ശക്തിയുടെയും നിയോഗം.

ആകെ മനസ്സു കെട്ടിരിക്കുകയാണു ഞാനിപ്പോൾ; ഞാൻ എഴുതാൻ തന്നെ പാടില്ലായിരുന്നുവെന്നും തോന്നുന്നു. പക്ഷേ എന്റെ കഥയിലെ നായകനും ദുരിതം പിടിച്ചതായിരുന്നു ഇന്നത്തെ ദിവസം; അയാളുടെ ദൗർഭാഗ്യത്തിന്റെ അവസാനമില്ലാത്ത അന്ത്യഘട്ടം തുടങ്ങുകയാണ്‌. അപ്പോൾ ഞാനെങ്ങനെ ഉന്മേഷവാനാവാൻ! നീ എനിക്കെഴുതുന്ന ഒരു തുണ്ടു കടലാസ്സു പോലും കീറിക്കളയാതിരിക്കാൻ ഈ കത്തു പ്രേരകമാവുമെങ്കിൽ വിലപ്പെട്ടതും പ്രധാനപ്പെട്ടതുമായ ഒരു കത്തു തന്നെയിത്. ഞാൻ ഏതുനേരവും വിഷാദിച്ചിരിക്കുകയാണെന്നു കരുതരുതേ. ഞാൻ അങ്ങനെയല്ല. ഒന്നൊഴിച്ചാൽ എനിക്കത്രയധികം പരിതപിക്കാനൊന്നുമില്ല; ആശയ്ക്കു വകയില്ലാത്ത ഈയൊരു കറുത്ത പാടിന്റെ കാര്യമൊഴിച്ചാൽ ബാക്കിയൊക്കെ ശുഭകരമാകാവുന്നതേയുള്ളു; സന്തോഷപ്രദവും, നിന്റെ സഹായത്താൽ വിസ്മയകരവുമാകാവുന്നതേയുള്ളു. ഞായറാഴ്ച, എനിക്കതിനു സമയവും കഴിവുമുണ്ടെങ്കിൽ, എല്ലാം ഞാൻ നിന്നിലേക്കു തുറന്നു വിടാൻ പോവുകയാണ്‌. മടിയിൽ കൈയും വച്ചുകൊണ്ട് ഒരു മഹാപ്രളയത്തിനു നിനക്കു സാക്ഷിയാവാം. ഇനി പ്രിയേ, ഞാൻ കിടക്കാൻ പോവുകയായി. നിനക്കു സന്തുഷ്ടമായ ഒരു ഞായറാഴ്ച ലഭിക്കട്ടെ, എനിക്കു നിന്റെ മനസ്സിലുള്ളതു ചിലതും.

                                                                                                                                                    ഫ്രാൻസ്


1 comment:

സ്മിത മീനാക്ഷി said...

ഇപ്പോള്‍ ഈ സമയം ഇതു വായിക്കാനിടയായതില്‍ ഞാന്‍ ഏറെ സന്തോഷിക്കുന്നു. നന്ദി.