ആംസ്റ്റർഡാമിലെ സ്പിനോസയെ
ദൈവത്തിലെത്താനുള്ള ഒരു പ്രലോഭനം പിടിച്ചുലച്ചു
മച്ചുമ്പുറത്തയാൾ കാചങ്ങൾ മിനുക്കിക്കൊണ്ടിരിക്കെ
പെട്ടെന്നൊരു മൂടുപടം വിണ്ടുകീറി
മുഖത്തോടു മുഖം അവർ നിന്നു
അയാൾ ഒരു ദീർഘപ്രഭാഷണം ചെയ്തു
(അപ്പോൾ അയാളുടെ മനസ്സു വിപുലമാവുകയായിരുന്നു
ആത്മാവും)
മനുഷ്യപ്രകൃതിയെക്കുറിച്ചുള്ള തന്റെ സംശയങ്ങൾ
അയാൾ മുന്നോട്ടു വച്ചു
-ദൈവം മറ്റെന്തോ ആലോചിച്ചുംകൊണ്ട് താടിയുഴിഞ്ഞു
ആദികാരണത്തെക്കുറിച്ച് അയാൾ അന്വേഷിച്ചു
-ദൈവം അനന്തതയിലേക്കു കണ്ണോടിച്ചു
അന്തിമകാരണത്തെക്കുറിച്ച് അയാൾ ചോദിച്ചു
-ദൈവം ഞൊട്ടയൊടിയ്ക്കുകയും
തൊണ്ട ശരിയാക്കുകയും ചെയ്തു
സ്പിനോസ നിശ്ശബ്ദനായപ്പോൾ
ദൈവം ഇങ്ങനെ പറഞ്ഞു
- നീയൊരു സംഭാഷണചതുരനാണു ബാരുച്
നിന്റെ ലത്തീന്റെ ജ്യാമിതി എനിക്കിഷ്ടപ്പെട്ടു
നിന്റെ പദഘടനയുടെ സ്ഫുടതയും
നിന്റെ വാദമുഖങ്ങളുടെ പൊരുത്തവും
ഇനി നമുക്ക്
സത്യത്തിൽ മഹത്വമുള്ള സംഗതികളെക്കുറിച്ചു
സംസാരിക്കാം
-നിന്റെ കൈകൾ നോക്കൂ
വിരണ്ടു വിറയ്ക്കുകയാണവ
-ഇരുട്ടത്തു തന്നെയിരുന്ന്
കണ്ണു കളയുകയാണു നീ
-നീ വേണ്ട പോലെ ഭക്ഷണം കഴിക്കുന്നില്ല
മാന്യമായി വസ്ത്രം ധരിക്കുന്നില്ല
-പുതിയൊരു വീടു വാങ്ങൂ
വെനീഷ്യൻ കണ്ണാടികൾ പ്രതിഫലിപ്പിക്കുന്നുവെങ്കിൽ
അതു മാപ്പാക്കൂ
-തലയിൽ ചൂടിയ പൂക്കളെയും
കുടിയന്മാരുടെ പാട്ടുകളെയും സഹിച്ചുകൊടുക്കൂ
-വരുമാനം വേണ്ടവിധം നോക്കൂ
അതിൽ നിന്റെ സ്നേഹിതൻ ദെക്കാർത്തെയെ
കണ്ടു പഠിക്കൂ
-ഇറാസ്മസിനെപ്പോലെ
സൂത്രശാലിയാവൂ
-ഒരു പ്രബന്ധം
ലൂയി ക്വാട്രോസിനു സമർപ്പിച്ചേക്കൂ
അയാളതു വായിക്കില്ലെങ്കില്പ്പോലും
-യുക്തിയുടെ രോഷമൊന്നടക്കൂ
അതു സിംഹാസനങ്ങൾ തട്ടിയിടും
നക്ഷത്രങ്ങളെ കരി പിടിപ്പിക്കും
-ഒരു സ്ത്രീയെക്കുറിച്ചാലോചിക്കൂ
നിനക്കവൾ ഒരു കുട്ടിയെ നല്കിയെന്നുവരാം
-നോക്കൂ ബാരുച്
മഹത്തായ കാര്യങ്ങളെക്കുറിച്ചാണു
നാം സംസാരിക്കുന്നത്
-പഠിപ്പില്ലാത്തവരുടെയും മെരുക്കമില്ലാത്തവരുടെയും സ്നേഹമാണ്
എനിക്കു ഹിതം
യഥാർത്ഥത്തിൽ അവരാണ്
എനിക്കു വേണ്ടി ദാഹിക്കുന്നവർ
മൂടുപടം വീഴുന്നു
സ്പിനോസ ഒറ്റയ്ക്കാവുന്നു
അയാളുടെ മുന്നിൽ സുവർണ്ണമേഘങ്ങളില്ല
ഉയരങ്ങളിലെ വെളിച്ചമില്ല
അയാൾ കാണുന്നത് ഇരുട്ടു മാത്രം
കോണിപ്പടി ഞരങ്ങുന്നത് അയാൾ കേൾക്കുന്നു
കാലടികൾ ഇറങ്ങിപ്പോകുന്നതും
ബാരുച് സ്പിനോസ (1632-1677)- യൂക്ളിഡിന്റെ ജ്യാമിതീയരീതിയിൽ സ്വയംസിദ്ധമായ ഒരു പ്രത്യയത്തിൽ നിന്ന് അനുപ്രത്യയങ്ങൾ നിർദ്ധാരണം ചെയ്യുന്ന ദാർശനികരീതി ആവിഷ്കരിച്ച യഹൂദചിന്തകൻ; സാമ്പ്രദായികദൈവസങ്കല്പ്പത്തെ സംശയിച്ചതിനാൽ സമൂഹത്തിൽ നിന്നു ഭ്രഷ്ടനായി; കണ്ണടയ്ക്കുള്ള ലെൻസുകൾ ഉരച്ചുകൊടുത്തു ജീവിച്ചു.
1 comment:
Amazing translation. One of the best translation that I read in the recent times.
S. Gopalakrishnan
Delhi
Post a Comment